ആഘോഷങ്ങളുടെ പൂരപ്രപഞ്ചത്തിലേക്ക്
text_fieldsദോഹ: ചെണ്ടമേളവും കുടമാറ്റവും നെറ്റിപ്പട്ടമണിഞ്ഞ ഗജവീരന്മാരുടെ തലയെടുപ്പും ഉയർന്നുപൊങ്ങുന്ന വർണക്കുടകളും ആകാശത്ത് മായാകാഴ്ചകൾ വിരിയുന്ന വെടിക്കെട്ടും നിലക്കാത്ത പുരുഷാരവവുമായി ആഘോഷമാവുന്ന തൃശൂർ പൂരം മലയാളിക്ക് പരിചിതമാണ്. തേക്കിൻകാട് മൈതാനിയിലെ പൂരപ്രപഞ്ചത്തെ വിഭവ മാറ്റങ്ങളോടെ ദോഹയിലേക്കൊന്ന് പറിച്ചു നട്ടാലോ...
30 മണിക്കൂറിന്റെ പൂരവിസ്മയത്തിനു പകരം ലോകകപ്പ് ഫുട്ബാൾ മഹാമേളയോടനുബന്ധിച്ച് ഖത്തർ ഒരുക്കുന്നത് 30 ദിവസത്തെ മഹാപൂരമാണ്. തലസ്ഥാന നഗരമായ ദോഹ മുതൽ വടക്ക് ലുസൈൽ വരെയും, തെക്ക് വക്റ വരെയും നീണ്ടുനിവർന്നു കിടക്കുന്ന പൂരപ്പറമ്പ്. അതിനിടയിലാണ് രാജ്യം നിറയെ ആഘോഷങ്ങൾ. ദോഹ കോർണിഷിൽ ആറു കിലോമീറ്റർ നീളത്തിൽ പ്രധാന ആഘോഷ വേദി.
തൊട്ടരികിലായി ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽ ബിദ്ദ പാർക്ക് എന്നിവിടങ്ങളിൽ തുടങ്ങി ലുസൈൽ ബൗളിവാഡും, അൽ മഹാ ഐലൻഡും, കടലോരങ്ങളും ഉൾപ്പെടെ ആഘോഷങ്ങളുടെ മായാകാഴ്ചകൾ. ഇതിനു പുറമെയാണ് ഓരോ സ്റ്റേഡിയത്തിന്റെയും പരിസരങ്ങളിൽ കാണികൾക്കായി ഒരുപിടി വിരുന്നുകളൊരുക്കുന്നത്.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 6100 കലാകാരന്മാരാണ് നവംബർ 19 മുതൽ ഡിസംബർ 18 വരെ ആരാധകർക്ക് വിരുന്നൊരുക്കാനായി ഖത്തറിലെത്തുന്നത്.
ഫിഫ ഫാൻ ഫെസ്റ്റിവൽ
ദോഹ കോർണിഷിനോട് ചേർന്നാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽ ബിദ്ദ പാർക്ക്. 40,000ലധികം ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഫാൻ ഫെസ്റ്റിവൽ വേദിയിൽ ടൂർണമെൻറിലെ 64 മാച്ചുകളും കൂറ്റൻ സ്ക്രീനിൽ പ്രദർശിപ്പിക്കും. 100 മണിക്കൂർ നീണ്ടുനിൽക്കുന്ന തത്സമയ സംഗീത പരിപാടികൾ നടക്കും. മാച്ച് ലൈവ്, ഭക്ഷ്യമേള, വിനോദം എന്നീ മൂന്ന് മേഖലകളായി തിരിച്ചാണ് ഫെസ്റ്റിവൽ.ഹയ്യാ ഫാൻ സോൺ
നവംബർ 19ന് ആരംഭിക്കുന്ന ഫാൻ ആക്ടിവേഷൻ പരിപാടി ഡിസംബർ 18 വരെ നീണ്ടുനിൽക്കും. രാവിലെ 10 മുതൽ പുലർച്ചെ രണ്ടുവരെയാണ് പ്രവേശനം. മത്സരങ്ങളില്ലാത്ത ദിവസങ്ങളിൽ വൈകിട്ട് മൂന്നു മുതൽ പുലർച്ചെ രണ്ടുവരെയും ഫാൻ ഫെസ്റ്റിവൽ ആരാധകർക്കായി തുറന്നു കൊടുക്കും.
കോർണിഷ്
കളി കഴിഞ്ഞാൽ കാണികളെല്ലാം എത്താൻ കൊതിക്കുന്ന കേന്ദ്രമാണ് ദോഹ കോർണിഷ്. ഷെറാട്ടൻ പാർക്ക് മുതൽ മ്യൂസിയം ഓഫ് ഇസ്‍ലാമിക് ആർട്ടുവരെ നീണ്ടുനിൽക്കുന്ന ആറു കിലോമീറ്റർ ദൂരമാണ് കോർണിഷിലെ ആഘോഷ വേദി.
സംഗീത പരിപാടികൾ, കലാ പ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയുൾപ്പെടുന്ന ഗ്ലോബൽ സ്ട്രീറ്റ് കാർണിവലായി കോർണിഷ് സ്ട്രീറ്റ് മാറും. 70,000 ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇവിടെ 150ലധികം ഭക്ഷ്യ ഔട്ട്ലെറ്റുകൾ ആരാധകർക്കായി സജ്ജമാക്കുന്നുണ്ട്.
തത്സമയ പരിപാടികൾക്കായി നാല് വേദികളും ഒരു ബിദൂയിൻ വില്ലേജും കോർണിഷ് സ്ട്രീറ്റിൽ സ്ഥാപിക്കും. വെൽക്കം ടു ഖത്തർ പ്രമേയത്തിൽ വാട്ടർ-പൈറോടെക്നിക്സ് ഡിസ്‍പ്ലേ എല്ലാ ദിവസവും ആരാധകർക്കായി പ്രദർശിപ്പിക്കും. നവംബർ 19 മുതൽ ഡിസംബർ 18 വരെ ഉച്ചക്ക് 12 മുതൽ അർധരാത്രി വരെയാണ് പരിപാടികൾ.
റാസ് അബൂ അബൂദ് ബിച്ച് 974
ലോകകപ്പ് വേദിയായ സ്റ്റേഡിയം 974ന് അരികിലായാണ് റാസ് അബൂ അബൂദ് ബീച്ച്. പ്രസിദ്ധമായ ഖത്തർ വെസ്റ്റ്ബേ സ്കൈലൈൻ പശ്ചാത്തലത്തിൽ ജല കായിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കടലോരം. 1.3 കിലോമീറ്റർ നീണ്ടുകിടക്കുന്ന ബീച്ചിൽ അയ്യായിരത്തോളം സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയും. ഭക്ഷ്യ മേളയും ഷോപ്പിങ് മേഖലയും ഇവിടെ സജ്ജമാകുന്നു.
ലുസൈൽ ബൗളിവാഡ്
ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും നടന്നെത്താവുന്ന ദൂരെ ഒരു ആഘോഷത്തെരുവ് ഒരുക്കിയാണ് കാണികളെ വരവേൽക്കുന്നത്. ലുസൈൽ നഗരമധ്യത്തിൽ 60,000ഓളം വരുന്ന സന്ദർശകർക്കായി ഒരുക്കുന്ന പ്രധാന ആകർഷണമാണ് ലുസൈൽ ബൗളിവാഡ്.
തത്സമയ സംഗീത പരിപാടികൾ, സ്ട്രീറ്റ് പ്രകടനങ്ങൾ, പരേഡുകൾ എന്നിവയാണ് പ്രധാന ആകർഷണം. 1.3 കിലോമീറ്റർ നീളമുള്ള ലുസൈൽ ബൗളിവാഡിൽ എല്ലാ ദിവസവും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഷോയും അരങ്ങേറുന്നുണ്ട്. ബുധനാഴ്ച ആരംഭിച്ച ദർബ് ലുസൈൽ ആഘോഷങ്ങളോടെ ബൗളിവാഡ് പൊതുജനങ്ങൾക്കായി തുറന്നു നൽകി.
ഹയ്യാ ഫാൻ സോൺ
ലുസൈൽ കടലോരത്തെ വിസ്മയകാഴ്ചകളിലേക്കാണ് ഹയ്യാ ഫാൻസോൺ സ്വാഗതം ചെയ്യുന്നത്. ഐസ് സ്കേറ്റിങും ഐസ് ബാലറ്റ് പ്രദർശനവുമുൾപ്പെടുന്ന പ്രധാനമായും കുടുംബങ്ങൾക്കുള്ള വിനോദ കേന്ദ്രമാണിവിടം. മൾട്ടിമീഡിയ പവലിയൻ, ഡി.ജെ, സംഗീത നിശ എല്ലാം ഇവിടെയുണ്ടാകും. 3500 പേരെ ഉൾക്കൊള്ളാൻ വിധത്തിൽ സജ്ജമാക്കുന്ന ഹയാ ഫാൻ സോണിൽ മത്സരങ്ങളുടെ തത്സമയ പ്രദർശനവുമുണ്ടായിരിക്കും.
വക്റയിൽ ബീറ്റ്സ് മേളം
അൽ ജനൂബ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന വക്റയിലാണ് 28 ദിവസം നീണ്ടുനിൽക്കുന്ന അറാവിയൻ നൈറ്റ്സ്. 56ഓളം കലാകാരന്മാരും വൈവിധ്യമാർന്ന കാഴ്ചകളുമായി 160 ലേറെ മണിക്കൂറുള്ള ഷോ ആണ് ഒരുക്കിയിരിക്കുന്നത്. ദോഹക്ക് പുറത്ത് സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രവുമാണിത്. അൽ മഹാ ഐലൻഡും റാസ് ബു ഫന്താസിലെ അർകാഡിയ മ്യൂസിക് ഫെസ്റ്റിവലും സന്ദർശകർ എത്തിയിരിക്കേണ്ട പ്രധാന കേന്ദ്രങ്ങൾതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.