കാൽപന്ത് തീർഥാടകർ വരവായ്
text_fieldsദോഹ: റിയോ ഡെ ജനീറോയും ബ്വേനസ് എയ്റിസും മാഞ്ചസ്റ്ററും പോലെ, ലോകമെങ്ങുമുള്ള കാൽപന്ത് ആരാധകർ പുതിയ പുണ്യഭൂമിയായി കുറിച്ചിട്ട ദോഹയിലേക്ക് തീർഥാടന യാത്ര തുടങ്ങി.
ലോകകപ്പിന് പന്തുരുളുന്ന നവംബർ മാസം പിറന്നതിനു പിന്നാലെ, ചൊവ്വാഴ്ച പുലർച്ച തന്നെ ഹയ്യാ കാർഡുമായി പറന്നിറങ്ങിയവരും സൗദി അതിർത്തിയിലെ അബൂ സംറ കടന്നവരും നിരവധിയാണ്. തിങ്കളാഴ്ച അർധരാത്രി പിന്നിട്ട്, നവംബർ ഒന്ന് പിറന്നതോടെയാണ് ഹയ്യാ കാർഡ് വഴി ലോകകപ്പ് കാണികൾ ഖത്തറിലേക്ക് പ്രവേശിച്ചു തുടങ്ങിയത്.
12 മണിക്കു തന്നെ ആദ്യ യാത്രികനായി മലയാളിയായ സൈക്കിൾ സഞ്ചാരി കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലി മാറി. ലോകകപ്പിലേക്ക് 18 ദിവസം മുന്നിലുണ്ടെങ്കിലും യാത്ര, ഗതാഗത സംവിധാനങ്ങളുടെ ട്രയൽ എന്ന നിലയിലാണ് നേരത്തേ തന്നെ ഖത്തർ ആരാധകരെ സ്വാഗതം ചെയ്തുതുടങ്ങിയത്. വരുംദിനങ്ങളിൽ വിവിധ ആഘോഷ പരിപാടികൾകൂടി ആരംഭിക്കുന്നതോടെ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം വർധിക്കും. 10ന് ശേഷമായിരിക്കും തെക്കൻ അമേരിക്ക ഉൾപ്പെടെ കാൽപന്തുകളിയുടെ വലിയ ആരവമാവുന്ന സംഘങ്ങൾ ഖത്തറിലേക്ക് യാത്ര തിരിക്കുന്നത്.
ഉത്സവത്തിനൊരുങ്ങി കോർണിഷ്
വലിയൊരു ഉത്സവത്തെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ ശാന്തതയിലായിരുന്നു ചൊവ്വാഴ്ച കോർണിഷ് തെരുവ്. അണമുറിയാത്ത വാഹനങ്ങളുടെ ചുവപ്പും പച്ചയുമായി മാറിമാറി കത്തുന്ന സിഗ്നൽ വെളിച്ചത്തിന് മുന്നിലെ നീണ്ട നിരയുമില്ലാത്ത ദിനം. ലോകകപ്പിന്റെ പ്രധാന ആഘോഷവേദിയായ കോർണിഷിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് ചൊവ്വാഴ്ച പുലർച്ചയോടെ വിലക്കേർപ്പെടുത്തിയിരുന്നു. ബൈക്കും സൈക്കിളും ഉൾപ്പെടെ വാഹനങ്ങളുടെ പ്രവേശനമെല്ലാം അടച്ച്, കാൽനടക്കാർക്കു മാത്രമായി കോർണിഷ് മാറി. ലോകകപ്പ് വേളയിൽ വിവിധ കലാ സാംസ്കാരിക പരിപാടികളുടെ മുഖ്യ വേദി കൂടിയാണ് ദോഹ കോർണിഷ്. മിയാ പാർക്ക് മുതൽ ഷെറാട്ടൺ വരെയുള്ള ആറ് കിലോമീറ്റർ ദൂരമായിരിക്കും ലോകകപ്പിന്റെ ഉത്സവ വേദി. ചൊവ്വാഴ്ച മുതൽ ഡിസംബർ 19 വരെയാണ് കോർണിഷിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ബാങ്ക് സ്ട്രീറ്റ്, വെസ്റ്റ് ബേ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ ദോഹ മെട്രോ, ബസ്, ടാക്സി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനാണ് നിർദേശം. അതേസമയം, യാത്രക്ക് പ്രയാസമുള്ള ഭിന്നശേഷിക്കാർക്ക് ദോഹ ഹോട്ടൽ പാർക്ക്, പോസ്റ്റ്ഓഫിസ്, അൽ ബിദ്ദ പാർക്ക് (കാർ പാർക്ക് അഞ്ച്), ദോഹ പോർട്ട് എന്നിവടങ്ങളിൽ പാർക്കിങ്ങിന് സൗകര്യമുണ്ട്.
ടാക്സി പിക്അപ് പോയന്റുകൾ
അശ്ഗാൽ ടവർ, അൽ ബിദ്ദ മെട്രോ സ്റ്റേഷൻ, സൂഖ് വാഖിഫ്, ഖത്തർ സ്പോർട്സ് ക്ലബ് (ക്യു.എസ്.സി), മിയ പാർക്ക്, ക്രൂസ് ഷിപ് ഹോട്ടൽസ് എന്നിവിടങ്ങളിൽ ടാക്സി പിക്അപ് പോയന്റായി നിശ്ചയിച്ചു. ടാക്സി, യൂബർ, കരീം ഉൾപ്പെടെ വാഹനങ്ങളിലെത്തുന്ന യാത്രക്കാർക്ക് ഇവിടെ ഇറങ്ങാനും വാഹനത്തിൽ കയറാനും സൗകര്യമുണ്ട്.
യാത്രക്ക് ബെസ്റ്റ് മെട്രോ
കോർണിഷിൽ എളുപ്പത്തിലെത്താൻ ഏറ്റവും സുഖകരം മെട്രോ യാത്രയാവും. റെഡ് ലൈനിലെ ഡി.ഇ.സി.സി, വെസ്റ്റ് ബേ ഖത്തർ എനർജി, കോർണിഷ് (എക്സിറ്റ് നവംബർ 11 മുതൽ), റെഡ് -ഗ്രീൻ ലൈനിലെ അൽ ബിദ്ദ, ഗോൾഡ് ലൈനിലെ സൂഖ് വാഖിഫ് എന്നീ മെട്രോ സ്റ്റേഷനുകളിലിറങ്ങി യാത്രക്കാർക്ക് കോർണിഷിൽ എത്താം.
പാർക്ക് ആൻഡ് റൈഡ്
ദോഹ കോർണിഷിലെത്താനായി ഖത്തർ യൂനിവേഴ്സിറ്റി, ഉം ഗുവൈലിന, അൽ മെസ്സില എന്നീ മെട്രോ സ്റ്റേഷനുകളിലെ പാർക്ക് ആൻഡ് റൈഡ് എന്നിവിടങ്ങളിൽ വാഹനം നിർത്തി സെൻട്രൽ ദോഹയിലേക്ക് യാത്ര ചെയ്യാം. നവംബർ 14 മുതൽ ഡിസംബർ 18 വരെ ജിലൈയയിൽനിന്ന് ഫിഫ ഫാൻ ഫെസ്റ്റിവലിലേക്ക് ഷട്ട്ൽ ബസ് സർവിസ് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.