അലയാന്ദ്രോമാരുടെ ആനന്ദക്കണ്ണീർ...
text_fieldsദോഹ: യാവിയർ അലയാന്ദ്രോ വന്നത് അർജന്റീനൻ നഗരമായ സാൾട്ടയിൽനിന്നാണ്. ഉദ്വേഗവും സമ്മർദവുമൊക്കെ അതിന്റെ പരകോടിയിൽ ആടിത്തിമിർത്ത കലാശപ്പോരിനുശേഷം ലുസൈലിലെ ഗാലറിയിൽ ഒരു ഉന്മാദിയെപ്പോലെ, ആ സ്വർണക്കപ്പിന്റെ മാതൃകയിൽ നിർത്താതെ മുത്തമിട്ടുകൊണ്ടിരുന്നു അയാൾ.
അതിന്റെ പലവിധ ദൃശ്യങ്ങൾ പകർത്താൻ സഹായം തേടിയപ്പോൾ സന്തോഷത്തോടെ അതേറ്റെടുത്തു. പിന്നാലെ ആ 52കാരൻ താൻ ഖത്തറിലെത്തിയതിന്റെ കഥ ചുരുക്കിപ്പറഞ്ഞു: ''നാട്ടിൽ സാമ്പത്തികമാന്ദ്യം പാരമ്യത്തിലാണ്. കടം കയറി വലിയ പ്രശ്നങ്ങളിലാണ് ഞാൻ.
അതിനിടയിലും കഴിഞ്ഞ നാലു വർഷമായി ഖത്തറിലെത്താനുള്ള ആഗ്രഹത്താൽ 500 പെസോ (ഏകദേശം മൂന്നു ഡോളർ) പ്രതിമാസം നീക്കിവെക്കും. അങ്ങനെയാണ് ഇവിടെയെത്തിയത്. ഫൈനലിന് ടിക്കറ്റുണ്ടായിരുന്നു. കുറച്ചുദിവസം മുമ്പ് കൈയിലെ കാശൊക്കെ കഴിഞ്ഞു.
നാട്ടിൽനിന്ന് വീണ്ടും പലരുമായും ബന്ധപ്പെട്ട് കടമായി പണം അക്കൗണ്ടിലെത്തിച്ച് ഇവിടെ തുടർന്നു. ഇതു സംഭവിക്കുമെന്ന് മനസ്സിൽ ശക്തമായ തോന്നലുണ്ടായിരുന്നു. ലിയോ കപ്പിൽ മുത്തമിടുന്ന ഈ മുഹൂർത്തം... ഇതിനുവേണ്ടിയാണ് ഇത്രകാലം ജീവിച്ചത്. എത്ര കടവും എങ്ങനെയെങ്കിലും വീട്ടാം.
ഈ അവിസ്മരണീയ മുഹൂർത്തത്തിന് സാക്ഷിയായി ഇവിടെയുണ്ടാകാൻ കഴിഞ്ഞതിന്റെ നിറമുള്ള ഓർമകൾ മുന്നോട്ടുള്ള ജീവിതത്തിൽ എന്നെ നയിക്കും'' -കണ്ണിൽ സന്തോഷത്തിന്റെ നനവും മുഖത്ത് സ്വപ്നസാഫല്യത്തിന്റെ തിരയിളക്കവുമുണ്ടായിരുന്നു അയാളിലപ്പോൾ.
അതുപോലെ എത്രയെത്ര അലയാന്ദ്രോമാർ! വിശ്വപോരാട്ട ഭൂമികയിൽ മൂന്നാം തവണയും കപ്പിലേറുമ്പോൾ അർജന്റീനയുടെ ആത്മാവ് അവരായിരുന്നു. കടലെടുക്കുമെന്നുതോന്നിച്ച കിനാവുകൾക്കു മുന്നിലും അവർ സ്തുതിഗീതങ്ങൾ പാടി സ്വപ്നങ്ങളെ ജ്വലിപ്പിച്ചുനിർത്തി.
മെസ്സിയും ഏയ്ഞ്ചൽ ഡി മരിയയും നേടിയ ഗോളുകളിൽ അർജന്റീന മുന്നിലെത്തിയ ആവേശത്തെ വെല്ലുന്ന രീതിയിൽ അവർ പ്രതിസന്ധിഘട്ടങ്ങളിൽ ടീമിനൊപ്പം നിലയുറപ്പിച്ചു. കിലിയൻ എംബാപ്പെയുടെ പ്രഹരശേഷിയിൽ തളർന്നുപോകുമെന്ന് തോന്നിച്ചിടത്തും അർജന്റീനക്ക് പ്രതീക്ഷകൾ പകർന്ന് അവരുണ്ടായിരുന്നു.
'വടക്കൻ' പോസ്റ്റിലെ വീരഗാഥ
മുന്നിൽ ആജാനുബാഹുവായ ഹ്യൂഗോ ലോറിസിന്റെ ഉള്ളം തറയ്ക്കുന്ന നോട്ടമപ്പോൾ ഗോൺസാലോ മോണ്ടിയലിനെ ഒട്ടും ഭയപ്പെടുത്തിയിട്ടുണ്ടാകില്ല. കാരണം, ആ ഗോൾപോസ്റ്റിനു പിന്നിൽ അയാൾക്കു കാണാനാവുന്നതൊക്കെയും നീല നിറത്തിലായിരുന്നു.
അതിനു മുന്നിൽ ലോറിസ് ഒരു പൊട്ടുമാത്രം. അലയാന്ദ്രോയെപ്പോലെ ആകാശംകണക്കെ പരന്നുകിടക്കുകയും കടലിരമ്പംപോലെ ആർത്തുവിളിക്കുകയും ചെയ്യുന്ന കാണികൾ നിറഞ്ഞ ആ 'വടക്കൻ' ഗോൾപോസ്റ്റ് അർജന്റീനക്ക് സുരക്ഷിതമായൊരു മടയായിരുന്നു. ടൈബ്രേക്കർ ആ പോസ്റ്റിലാണെന്നതായിരുന്നു അവരുടെ പ്ലസ് പോയന്റും.
പേരിനുപോലും ഒരു ഫ്രഞ്ചുകാരൻ ഇല്ലാത്ത ആ ഗാലറിക്ക് അഭിമുഖമായി കിക്കെടുക്കുമ്പോൾ പേടിപ്പെടുത്തുന്നതൊന്നും അവർക്കൊപ്പമുണ്ടായിരുന്നിരിക്കില്ല. അവരെല്ലാവരും പിഴവൊന്നും കൂടാതെ വലക്കകത്തേക്കുതന്നെ പന്തിനെ വഴിനടത്തി. അതുകൊണ്ടാണ്, ലോറിസ് വലത്തേക്കും പന്ത് ഇടത്തേക്കും ചലിച്ച ഒരു ക്ലിനിക്കൽ കിക്കിന്റെ അനായാസതയിൽ മോണ്ടിയൽ ചരിത്രരചനയുടെ ആ തിരക്കഥ മനോഹരമായി പൂർത്തിയാക്കിയതും.
ആ കിക്ക് വലതുപോസ്റ്റിനോട് ചേർന്ന് വലയുടെ കോണിലേക്ക് ഉരുണ്ടുകയറുമ്പോൾ മധ്യവരയിൽനിന്ന് രാജാവും പരിവാരങ്ങളും വിജയഭേരി മുഴക്കി ഇരമ്പിയാർത്തെത്തിയതും അവർക്കു മുന്നിലേക്കായിരുന്നു. ഡീഗോ മറഡോണയുടെ പരിവേഷത്തിലേക്ക് ലയണൽ മെസ്സി എടുത്തുയർത്തപ്പെട്ട വേള. ടൂർണമെന്റിലെ മികച്ച താരത്തിന്റെ പകിട്ടിലെത്തിയിട്ടും എട്ടു വർഷം മുമ്പ് കപ്പിലെത്താതെ കണ്ണീരിലൊതുങ്ങിയ നിമിഷങ്ങളെ ഇക്കുറി കളിയിലെന്നപോലെ അയാൾ ഡ്രിബ്ൾ ചെയ്തുകയറി.
ടൈബ്രേക്കറിൽ ഫ്രാൻസിന് പിണഞ്ഞത്...
ദെഷാംപ്സിന് പിഴച്ചത് അവിടെയായിരുന്നു. കളി തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിൽ അദ്ദേഹം ടൈബ്രേക്കറിനെക്കുറിച്ച് ചിന്തിച്ചിരിക്കാനിടയില്ല. ഗ്രീസ്മാൻ, ജിറൂഡ്, ഡെംബലെ... മൂന്നു മികച്ച പെനാൽറ്റി ടേക്കർമാർ അപ്പോഴേക്കും ബെഞ്ചിലെത്തിയിരുന്നു. പകരം കോമാനും ഔറേലിൻ ഷ്വാമെനിയും അടക്കമുള്ള യുവനിര.
വമ്പൻ പോരാട്ടങ്ങളിലെ സമ്മർദം, അത് വേറെത്തന്നെയാണെന്നതിന് അടിവരയിട്ട് ഇരുവരുടെയും കിക്കുകൾ പാഴാകുന്നു. ഒടുവിൽ മോണ്ടിയൽ. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും ആവേശകരമായ ഫൈനലിനൊടുവിൽ ഖത്തർ സമയം രാത്രി 9.31ന് വിശ്വകിരീടത്തിൽ ലയണൽ മെസ്സിയുടെ വിജയമുത്തം.
സുവർണ പന്ത് സ്വീകരിക്കാനെത്തിയപ്പോഴാണ് വേദിയിൽ കാത്തുകാത്തിരുന്ന സ്വർണക്കപ്പിലേക്ക് അയാൾ ചുണ്ടടുപ്പിച്ചത്. മൂന്നു മണിക്കൂറിനുശേഷം ആയിരങ്ങളെ സാക്ഷിനിർത്തി ബോളേവാഡിന്റെ വശ്യമനോഹര നിരത്തുകളിലൂടെ കനകകിരീടവുമായി ലിയോയും സംഘവും നടത്തിയ വിക്ടറി പരേഡ്. ലുസൈൽ എല്ലാം മിഴിവോടെ പകർത്തി കാലത്തിന് സമർപ്പിക്കുകയായിരുന്നു.
പകരക്കാരിൽ പടക്കോപ്പു നിറച്ച ഫ്രാൻസ്
എല്ലാം അർജന്റീനയുടെ ആഗ്രഹങ്ങൾക്കൊത്ത് ചലിച്ച നിമിഷങ്ങൾ. 'അതിഭീകരമായി ഏകപക്ഷീയം' എന്ന് കളിവിദഗ്ധർ പറഞ്ഞുകൊണ്ടിരുന്ന വേള. ടൂർണമെന്റിലെ മികച്ച താരമാകാൻ മെസ്സിയോട് മത്സരിച്ചുകൊണ്ടിരുന്ന അന്റോയിൻ ഗ്രീസ്മാനെ കളിയുടെ സമസ്ത മേഖലകളിൽനിന്നും പുറത്തേക്ക് വലിച്ചുനിർത്തിയ എൻസോ ഫെർണാണ്ടസിന്റെ അത്യുജ്ജ്വല മാർക്കിങ്.
എംബാപ്പെയെ നിറയൊഴിക്കുന്നതിലേക്ക് ശ്രമിച്ചുനോക്കാൻ പോലും സമ്മതിക്കാതെ കൂച്ചുവിലങ്ങിട്ടു പിടിച്ച നൊഹുവൽ മോളീന. എല്ലാംകൊണ്ടും പിടിവള്ളി കിട്ടാതെ ഫ്രാൻസ് വലയുന്നതിനിടയിലാണ് 62ാം മിനിറ്റിൽ ഡി മരിയയെ സ്കലോണി പിൻവലിക്കുന്നത്. പകരം മാർകോസ് അക്യൂനയെത്തുന്നു.
ആക്രമണങ്ങളിൽനിന്ന് അർജന്റീന പിന്നോട്ടുപോയി ഡിഫൻസിൽ തമ്പടിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ദിദിയർ ദെഷാംപ്സിന്റെ അറ്റകൈ പ്രയോഗമായിരുന്നു പിന്നെ. ജിറൂഡിനും ഡെംബലെക്കും പുറമെ ഗ്രീസ്മാനെയും കരക്കെത്തിച്ച് മാർകസ് തുറാം, കിങ്സ്ലി കോമാൻ, റാൻഡൽ കോളോ മുവാനി എന്നിവരെ ലുസൈലിന്റെ പുൽമേട്ടിലേക്ക് കൂടുതുറന്നുവിടുന്നു.
ഒപ്പം, തുറാമിനെ ഇടത്തേക്കു മാറ്റിനിർത്തി സെൻട്രൽ പൊസിഷനിലേക്ക് എംബാപ്പെയുടെ സ്ഥലംമാറ്റം. ചോരത്തിളപ്പിന്റെ കരുത്തിൽ ഫ്രഞ്ചുപട കുതിച്ചുകയറിയപ്പോൾ വരച്ചുവെച്ചതുപോലെ ആസൂത്രിതമായിരുന്ന സ്കലോണിയുടെ മനക്കണക്കുകൾ തെറ്റി. ആദ്യമൊരു പെനാൽറ്റിയിൽ എംബാപ്പെ തുടങ്ങി. ഒപ്പം, ഗോൾ വഴങ്ങിയാൽ ആധിയിലാണ്ടുപോവുന്ന പതിവ് അർജന്റീന ദൗർബല്യങ്ങളും.
നിമിഷസൂചി 97 സെക്കൻഡിലേക്ക് കറങ്ങിയെത്തുംമുമ്പ് അടുത്ത വെടിയും പൊട്ടി. അർജന്റീന 2-എംബാപ്പെ 2. പിന്നെ അധികവേള. മെസ്സിയുടെ ഗോളിൽ എല്ലാം ഒത്തുവന്നുവെന്ന് കരുതവേ മൂന്നു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ പെനാൽറ്റി സ്പോട്ടിൽനിന്ന് എംബാപ്പെയുടെ ഹാട്രിക് ഗോൾ. ബെഞ്ചിൽ കണ്ണീരണിഞ്ഞ് ഡി മരിയ. വിധി കാത്ത് ടൈബ്രേക്കറിന്റെ പെൻഡുലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.