ബ്രസീൽ & ക്രൊയേഷ്യ Vs ഏഷ്യ
text_fieldsദോഹ: ലോകകപ്പിൽ ആതിഥേയ വൻകരയുടെ പ്രതിനിധികളായി അവശേഷിക്കുന്നത് രണ്ടേ രണ്ട് ടീമുകളാണ്, ജപ്പാനും ദക്ഷിണ കൊറിയയും. ഏഷ്യയുടെ പേരിൽ ലോകകപ്പിനെത്തിയ ആസ്ട്രേലിയ കഴിഞ്ഞ ദിവസം അർജന്റീനയോട് തോറ്റ് പുറത്തായിക്കഴിഞ്ഞു. 2002ൽ ദക്ഷിണ കൊറിയ സെമി ഫൈനലിൽ കടന്നതാണ് വൻകരയുടെ ഏറ്റവും മികച്ച പ്രകടനം.
പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ജപ്പാനും കൊറിയയും തിങ്കളാഴ്ച ഇറങ്ങുമ്പോൾ എതിരാളികൾ വമ്പന്മാർ. ഇന്ത്യൻ സമയം രാത്രി 8.30ന് അൽജനൂബ് സ്റ്റേഡിയത്തിൽ ജപ്പാൻ നേരിടുന്നത് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയാണെങ്കിൽ 12.3ന് സ്റ്റേഡിയം 974ൽ കൊറിയക്കാരോട് മുട്ടാൻ വരുന്നത് സാക്ഷാൽ ബ്രസീലാണ്.
തിരിച്ചുവരവിന് നെയ്മറും കാനറികളും
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാമറൂണിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണത്തിലാണ് ബ്രസീൽ. അതിനാൽത്തന്നെ, ഇത്തവണത്തെ കിരീട ഫേവറിറ്റുകളിൽ മുൻനിര സ്ഥാനം അലങ്കരിക്കുന്ന ടിറ്റെയുടെ കുട്ടികൾക്ക് ദക്ഷിണ കൊറിയയെ ചെറിയ മീനായി കാണാൻ കഴിയില്ല.
സൂപ്പർ സ്ട്രൈക്കർ നെയ്മറിന്റെ തിരിച്ചുവരവാണ് കാനറികളും ഫുട്ബാൾ ലോകവും ഒരേസമയം ആകാംക്ഷയോടെയും അതിലേറെ ആവേശത്തോടെയും ഉറ്റുനോക്കുന്നത്. സെർബിയക്കെതിരായ ആദ്യ മത്സരത്തിനിടെ കാലിന് പരിക്കേറ്റ നെയ്മർ തുടർന്നുള്ള രണ്ട് കളികളിലും ഇറങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസം താരം പരിശീലനം പുനരാരംഭിച്ചത് തിരിച്ചുവരവ് സൂചനയാണ്.
നെയ്മറിന്റെ അഭാവത്തിൽ അത്ര മികച്ചതായിരുന്നില്ല ബ്രസീലിന്റെ പ്രകടനം. സ്വിറ്റ്സർലൻഡിനോട് ഒരു ഗോളിന് കഷ്ടിച്ചു ജയിച്ചു, കാമറൂണുമായി ഇതേ സ്കോറിൽ തോറ്റു. മുന്നേറ്റനിരയിലെ ഗബ്രിയേൽ ജെസ്യൂസും പ്രതിരോധത്തിൽ അലക്സ് ടെല്ലസും പരിക്കേറ്റ് പുറത്തായത് മഞ്ഞപ്പടക്ക് ആഘാതമേൽപിച്ചിട്ടുണ്ട്.
അലക്സ് സാൻഡ്രോ, ഡാനിലോ തുടങ്ങിയവരുടെ കാര്യവും സംശയത്തിലാണ്. അപ്പുറത്ത്, ദക്ഷിണ കൊറിയയെ സംബന്ധിച്ച് പുറത്താവൽ വക്കിൽ നിന്നുള്ള നോക്കൗട്ട് പ്രവേശനമാണ്. പോർചുഗലിനെ തോൽപിക്കലിലൂടെ ലഭിച്ച ആത്മവിശ്വാസം തന്നെയാണ് കൈമുതൽ. കിം ജിൻ സ്യൂയുടെ ആക്രമണമാണ് ബ്രസീലിന് പ്രധാനഭീഷണി.
ജപ്പാൻ കടന്നാൽ ചരിത്രം
തുടർച്ചയായ ഏഴാം ലോകകപ്പ് കളിക്കുന്ന ജപ്പാൻ ഇതിനകം മൂന്ന് തവണ അവസാന 16ൽ ഇടംപിടിച്ചിരുന്നു. ഇക്കുറി ഗ്രൂപ്പിൽ സാമുറായ്സ് തോൽപിച്ചത് രണ്ട് മുൻ ചാമ്പ്യന്മാരെയാണ്. ആദ്യം ജർമനിയെയും ഒടുവിൽ സ്പെയിനിനെയും അട്ടിമറിച്ചു. ഹാജിമേ മോറിയാസുവിന്റെ ശിഷ്യർ വമ്പന്മാരടങ്ങുന്ന ഗ്രൂപ് ഇയിലെ ജേതാക്കളായാണ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്.
കോസ്റ്ററീകയോട് നേരിയ വ്യത്യാസത്തിൽ തോറ്റതൊഴിച്ചാൽ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയ ടീമാണ് ജപ്പാൻ. മറുഭാഗത്ത് ലൂകാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയാവട്ടെ ഗ്രൂപ് എഫിൽ രണ്ടാം സ്ഥാനക്കാരായിരുന്നു. ആദ്യം മൊറോക്കോയോടും അവസാനം ബെൽജിയത്തോടും ഗോൾരഹിത സമനില വഴങ്ങി കഷ്ടിച്ചു കടന്നുകൂടിയവർ. കാനഡക്കെതിരെ നേടിയ ജയം മാത്രമാണ് ആധികാരികം.
രണ്ടാം മഞ്ഞക്കാർഡും കണ്ട ഡിഫൻഡർ കോ ഇറ്റാകുറയുടെ സേവനം ജാപ്പനീസ് ടീമിന് ഇന്ന് ലഭിക്കില്ല. ആന്ദ്രെ ക്രമാറികും മാർകോ ലിവാജയും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നതാണ് ക്രൊയേഷ്യയെ അലട്ടുന്ന പ്രധാന പ്രശ്നം. ഇന്ന് ജയിച്ചാൽ ജപ്പാന്റെ ആദ്യ ക്വാർട്ടർ ഫൈനൽ പ്രവേശനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.