ഇവിടെയെങ്ങും ആഘോഷമാണ്
text_fieldsദോഹ: പോരാട്ടങ്ങളുടെ വേദിയായ എട്ടു കളിമുറ്റങ്ങളിലേക്ക് ആവേശത്തിരയെത്തിക്കുന്ന കൈവഴികളാണ് ഖത്തറിന്റെ ആഘോഷവീഥികൾ. ആറു കിലോമീറ്റർ നീളമുള്ള ദോഹ കോർണിഷും ഏതാനും മീറ്ററുകൾ മാറി ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയും പൈതൃക തെരുവായി തലയെടുപ്പോടെ നിൽക്കുന്ന സൂഖ് വാഖിഫും പിന്നെ ലുസൈലിലെ ബൊളെവാഡ് എന്ന ഉത്സവത്തെരുവും.
ഈ തെരുവുകളും അങ്ങാടികളുമാണ് ലോകകപ്പ് ഫുട്ബാളിന് ആവേശംപകരുന്ന നാഡീഞരമ്പുകൾ. ഈന്തപ്പനയോല മാതൃകയിലെ തെരുവുവിളക്കുകൾ പ്രഭ ചൊരിയുന്ന ദോഹ കോർണിഷ് ഇപ്പോൾ ഉറങ്ങാറില്ല. ഉച്ചവെയിലിൽപോലും ആളൊഴുകുന്ന ഇടമായി കോർണിഷിലെ കൗണ്ട് ഡൗൺ ക്ലോക്കും ഫ്ലാഗ് പ്ലാസയും മാറുന്നു.
ലോകകപ്പ് മത്സരം കാണാനായി ദോഹയിലെത്തിയ കോഴിക്കോട്ടുകാരനായ അബ്ദുസ്സമദ് വിമാനമിറങ്ങി ആദ്യമെത്തിയത് കൗണ്ട് ക്ലോക്കിന് അരികിലേക്കായിരുന്നു. പകൽവെളിച്ചത്തിലും ചുവപ്പിൽ തിളങ്ങുന്ന ക്ലോക്കിന് മുന്നിൽനിന്ന് ചിത്രം പകർത്തി വാട്സ്ആപ് സ്റ്റാറ്റസാക്കി, ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തശേഷം മാത്രമേ അദ്ദേഹം സുഹൃത്തുക്കൾ ഒരുക്കിയ താമസസ്ഥലത്തേക്കു പോയുള്ളൂ.
ബ്വേനസ് എയ്റിസിൽനിന്ന് തന്റെ മൂന്നാം ലോകകപ്പിനെത്തുന്ന സാൻറിനോക്ക് ദോഹ കോർണിഷും സൂഖ് വാഖിഫും ഏറെ ഇഷ്ടമായി. മൂന്നു ദിനം മുമ്പായിരുന്നു ബ്വേനസ് എയ്റിസിൽനിന്ന് മഡ്രിഡ്-ദുബൈ വഴി സാൻറിനോ ദോഹയിലെത്തിയത്. കേട്ടറിഞ്ഞതിനേക്കാൾ ഏറെ മനോഹരമായി ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളെന്ന് സാക്ഷ്യപ്പെടുത്തുന്ന സാൻറിനോ, കോർണിഷിലും സൂഖ് വാഖിഫിലും കഴിഞ്ഞ എല്ലാ ദിവസങ്ങളിലുമെത്തിയിരുന്നു.
റഷ്യയിലെ ലോകകപ്പിനേക്കാൾ ആവേശം ഖത്തർ പകരുമെന്നാണ് അർജൻറീനയുടെ വിജയം കാണാൻ കൊതിക്കുന്ന സാൻറിനോയുടെ പ്രതീക്ഷ. കൗണ്ട് ഡൗൺ ക്ലോക്കിനു മുന്നിലെ പടമെടുപ്പും തൊട്ടരികിലായി ഒരുനില കെട്ടിടത്തിന്റെ ഉയരത്തിൽ നിർമിച്ച 'ഫിഫ വേൾഡ് കപ്പ് 2022' എന്ന കൗട്ടൗട്ടിലെ ഫോട്ടോഷൂട്ടും കോർണിഷിലെ പതിവുകാഴ്ചകളായി മാറി. ലോകകപ്പ് പോരാട്ടങ്ങൾക്ക് ഞായറാഴ്ച കിക്കോഫ് കുറിച്ചതിനു പിന്നാലെ, കോർണിഷ് ഉത്സവവേദിയായി മാറി.
വെള്ളിവെളിച്ചം വിതറുന്ന തെരുവുവിളക്കുകൾക്കു കീഴിൽ ലോകകപ്പിൽ മാറ്റുരക്കുന്ന ടീമുകളുടെ ദേശീയ പതാകകൾ തോരണങ്ങളായി കിലോമീറ്റർ നീളത്തിൽതന്നെ തീർത്ത പന്തലും ദൃശ്യമികവായി മാറുന്നു. കോർണിഷിലെ ഉല്ലാസയാത്രക്കായി നിർത്തിയിട്ട നൂറോളം ബോട്ടുകൾക്ക് ഇത് ചാകരയാണ്. 10 റിയാൽ മുടക്കിയാൽ അരമണിക്കൂറിലേറെ നീണ്ടുനിൽക്കുന്ന കടൽയാത്രയിലൂടെ ദോഹയുടെ നഗരയാത്രയും ആസ്വദിക്കാം.
ഫുട്ബാൾ ആരാധകർ ഇന്നും മൂളിപ്പാട്ടുപോലെ കൊണ്ടാടുന്ന ഷക്കീറയുടെ 'വകാ വകാ...'യും റിക്കി മാർട്ടിന്റെ അനശ്വരമായ 'ഗോൾ ഗോൾ ഗോൾ ... ഓലെ ഓലെ...'യും മുതൽ ഖത്തർ ലോകകപ്പിൽ ഹിറ്റായി മാറിയ 'ഹയ്യാ ഹയ്യാ' വരെ ബോട്ടുകളിൽനിന്ന് മാറിമാറി ഉയരുമ്പേൾ കോർണിഷ് കാർണിവലിന്റെ ഹൃദയഭൂമിയായി മാറുന്നു.
കളിക്ക് ചൂടുപിടിക്കുംമുമ്പെ നഗരത്തിന്റെ ഫുട്ബാൾ ആവേശം പരമാവധി ആസ്വദിക്കാൻ ശ്രമിക്കുകയാണ് ആരാധകക്കൂട്ടങ്ങൾ. കതാറയിലെത്തി ഖത്തറിന്റെ സാംസ്കാരിക കാഴ്ചകളും കഴിഞ്ഞദിവസം ആരംഭിച്ച 'ദൗ' ബോട്ട് ഫെസ്റ്റിവൽ കണ്ടും അതിശയംകൂറുന്ന മെക്സികോ, ബ്രസീൽ, അർജൻറീനക്കാർ.
ലുസൈൽ ബൊളെവാഡിലെ ഒന്നര കിലോമീറ്റർ തെരുവിലും മറീനയിലുമെല്ലാം മഞ്ഞയും നീലയും പച്ചയും ചുവപ്പും ഉൾപ്പെടെ പല നാടുകളുടെ കുപ്പായമണിഞ്ഞ് ആരാധകർ.. അങ്ങനെ നീണ്ടുപോകുന്നു ദോഹയുടെ വൈവിധ്യമാർന്ന കാഴ്ചകൾ. ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി ശനിയാഴ്ച രാത്രിയിൽ ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.