ക്രിസ്റ്റ്യാനോയെ പകർത്തിയ ഫിദ ഗാലറിയിലെത്തി; ഇഷ്ടതാരത്തെ കൺനിറയെ കണ്ടു
text_fieldsദോഹ: മലപ്പുറം തിരൂർക്കാട് എ.എം.എച്ച്.എസ്.എസ് സ്കൂളിലെ ചെമ്മൺ മൈതാനത്തു നിന്നും തൊടുത്തുവിട്ട ഫ്രീകിക്ക് ഷോട്ട് പറന്നിറങ്ങിയപോലെ ഫിദ ഫാത്തിമയുടെ സ്വപ്നങ്ങളെല്ലാം ചൊവ്വാഴ്ച രാത്രി ലുസൈൽ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിലംതൊട്ടു.
മുന്നിൽ, ഏറെ മോഹിച്ച പോർചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പും പച്ചയും കുപ്പായത്തിൽ നിറഞ്ഞു കളിച്ചപ്പോൾ, എല്ലാമൊരു സ്വപ്നത്തിലെന്ന പോലെ ആസ്വദിക്കുകയായിരുന്നു കൊച്ചു മിടുക്കി. കഴിഞ്ഞ ആഗസ്റ്റിൽ സ്കൂളിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടെ എതിർടീമിന്റെ ഗോൾപോസ്റ്റിലേക്ക് തൊടുത്തുവിട്ട ഫ്രീകിക്കായിരുന്നു ഫിദയെ ലോകകപ്പിന്റെ വലിയ വേദിയിലെത്തിച്ചത്.
നാട്ടിലാകെ വൈറലായ ഗോൾകിക്ക് ശ്രദ്ധയിൽപെട്ട ഖത്തറിലെ മുസാഫിർ ട്രാവൽ ആൻഡ് ടൂറിസം ജനറൽ മാനേജർ ഫിറോസ് നാട്ടു വിമാനടിക്കറ്റും മാച്ച് ടിക്കറ്റും നൽകിയതോടെ ഫിദയുടെ ലോകകപ്പ് സ്വപ്നം പൂവണിയുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ദോഹയിലെത്തിയ ലോകകപ്പിന്റെ ആരവങ്ങളെല്ലാം അറിഞ്ഞും കണ്ടുമായിരുന്നു പ്രിയ താരത്തെ കാണാനുള്ള യാത്ര. ചൊവ്വാഴ്ച രാത്രി സ്റ്റേഡിയത്തിലെത്തും മുമ്പേ മിഷൈരിബിൽ നടന്ന പോർചുഗൽ ഫാൻസിന്റെ ഒത്തുചേരലിൽ പങ്കാളിയായി ഖത്തറിലെ പോർചുഗൽ അംബാസഡർ പൗലോ നെവസ് പൊസിന്യോയെയും സന്ദർശിച്ചു.
ഫിദയുടെ ഫ്രീകിക്ക് ഗോളിന്റെ വിഡിയോ കണ്ട അംബാസഡർ കേരളത്തിൽ നിന്നുള്ള കൊച്ചുമിടുക്കിയെ അഭിനന്ദിക്കാനും മറന്നില്ല. ഖത്തറിലെ പോർചുഗൽ ഫാൻ ലീഡറായ എലിസബത്ത്, നിരവധി പോർചുഗൽ ആരാധകരും റൊണാൾഡോയുടെ ആരാധികക്ക് ആശംസകൾ നേർന്നു.
ഒത്തുചേരൽ കഴിഞ്ഞ് നേരെ ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ് വിസിലിനും അരമണിക്കൂർ മുമ്പേ എത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച പ്രകടനവും ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളും, ലൂയി സുവാരസിന്റെ നേതൃത്വത്തിലുള്ള പോർചുഗലിന്റെ മിന്നും പ്രകടനവും കണ്ടായിരുന്നു ഫിദ ജീവിതത്തിലെ ആദ്യ ലോകകപ്പ് കാഴ്ച സ്വപ്ന സമാനമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.