മൈതാനത്ത് കളി, കതാറയിൽ കല...
text_fieldsദോഹ: പൊരിവെയിലിലും വിവിധ ടീമുകളുടെ ആരാധകർ ജഴ്സിയണിഞ്ഞ് റോന്തുചുറ്റുന്നു. ആംഫി തിയറ്റർ, ഓപറ, മ്യൂസിക് അക്കാദമി, പൊയറ്റ് സൊസൈറ്റി... ഒന്നിൽനിന്ന് അടുത്തതിലേക്ക് നടന്നു നീങ്ങുമ്പോൾ കതാറ അനുഭവങ്ങളുടെ വലിയൊരു ആഘോഷമായി നമുക്കു മുന്നിൽ തുറക്കും. ഇതിനൊപ്പം, ഖത്തറിന്റെ സാംസ്കാരികത്തനിമ അടയാളപ്പെടുത്തുന്ന ലോകോത്തര കൾചറൽ വില്ലേജായ കതാറ ലോകകപ്പിനോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളുമായാണ് അണിഞ്ഞൊരുങ്ങുന്നത്.
കലക്കും സംസ്കാരത്തിനുമിടയിലൂടെയുള്ള വേറിട്ടൊരു യാത്രയാണ് കതാറ. 2010 ഒക്ടോബറിലാണ് ഖത്തർ അഭിമാനപുരസ്സരം കതാറയെ ലോകത്തിനു മുമ്പാകെ തുറന്നുവെച്ചത്. കതാറ ലോകകപ്പ് സമയത്ത് കളിക്കമ്പക്കാർക്കും സഞ്ചാരികൾക്കും മുമ്പാകെ തുറന്നുവെക്കുന്നത് കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഹൃദ്യമായൊരു ലോകമാണ്.
ഗിഫ്റ്റ് ബോക്സിന്റെ മാതൃകയിലുള്ള കെട്ടിടവും ഫാൽക്കൺ പക്ഷിയുടെ കിരീടത്തിന്റെ രൂപത്തിൽ പടുത്തുയർത്തിയ നിർമിതിയുമൊക്കെ അതിശയം പകരും. വെയിലേറ്റ് വാടുമ്പോൾ തൊട്ടപ്പുറത്തെ കുന്നിൻമുകളിലേക്കു കയറാം. മരങ്ങളും പച്ചപ്പും പുൽത്തകിടിയും അരുവികളുമായി പൊടുന്നനെ കുളിർമയിലേക്കൊരു കൂടുമാറ്റം. അവിടെനിന്നു താഴേക്കു നോക്കിയാലാണ് നിർമിതികളിലെ വൈവിധ്യം തൊട്ടറിയാനാവുക.
വെസ്റ്റ് ബേ മുതൽ ദി പേൾ വരെ ദോഹയുടെ കിഴക്കൻ തീരത്താണ് കതാറയുടെ സ്ഥാനം. 18ാം നൂറ്റാണ്ടിൽ ഖത്തറിനെ അടയാളപ്പെടുത്തിയിരുന്നത് 'കതാറ' എന്നായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കൾചറൽ വില്ലേജിന്റെ നാമകരണം. ദോഹയെ രാജ്യാന്തര സാംസ്കാരിക തലസ്ഥാനമായി മാറ്റുകയെന്ന ഉദ്ദേശ്യത്തോടെയാണ് കതാറയുടെ നിർമിതി.
വിശ്വമേളയോടനുബന്ധിച്ച് കതാറ കൂടുതൽ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. കളത്തിലിറങ്ങുന്ന 32 ടീമുകളുടെയും ജഴ്സിയുടെ നിറങ്ങൾ മേലാപ്പുകെട്ടിയ പാതകൾ. 32 നിറങ്ങളിൽ ദേശീയപതാകകൾ കടകളുടെ മുന്നിലും തെരുവുകളിലുമൊക്കെ പാറിപ്പറക്കുന്നു.
രാത്രിയിൽ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കതാറയുടെ മനോഹാരിത കാണേണ്ടതുതന്നെയാണ്. ലോകകപ്പിനെത്തുന്ന നിരവധി വിദേശകാണികളാണ് കതാറയെ കാണാനും അറിയാനും ദിനേന ഇവിടേക്കെത്തുന്നത്. ലോകകപ്പ് സമയത്ത് -നവംബർ 18 മുതൽ ഡിസംബർ 18 വരെ - കതാറയിൽ 'കലകലക്കും'.
അറബി കാലിഗ്രഫി ആർട്ട്, പസ്ൽ ഗെയിമുകൾ, നോവൽ-ഫിക്ഷൻ സെന്റർ ഇവന്റ്, വേൾഡ് കപ്പ് ഫോട്ടോ ഷൂട്ട്, അൽ ദർ കൾചറൽ ടെന്റ്, പരമ്പരാഗത ഖത്തരി കിഡ്സ് ഷോ, ലോകകപ്പിനെക്കുറിച്ചുള്ള 22 പുസ്തകങ്ങളുടെ പ്രകാശനം, കരകൗശലമേള, വിവിധ എംബസികളുടെ കലാപ്രകടനങ്ങൾ, ഫാൽക്കൺസ് സോൺ, ചിത്രപ്രദർശനം, സ്പോർട്സ് കാർട്ടൂൺ എക്സിബിഷൻ, വേൾഡ് കപ്പ് പോസ്റ്റേജ് സ്റ്റാമ്പ് എക്സിബിഷൻ, പ്ലാനറ്റേറിയം ഷോ, സിഫണി ഷോ, ഫാഷൻ ഷോ തുടങ്ങി കലയും സംസ്കാരവും പാരമ്പര്യവും സമന്വയിക്കുന്ന വൈവിധ്യമാർന്ന 51 പരിപാടികൾക്കാണ് ഈ കാലയളവിൽ കതാറ വേദിയൊരുക്കുന്നത്. ഉച്ചക്ക് 12 മുതൽ മുതൽ രാത്രി 11 മണിവരെയാണ് പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.