പോളണ്ടിനെപ്പറ്റി മിണ്ടാതിരിക്കരുത്
text_fieldsഖത്തറിലെ ലോകകപ്പ് മൈതാനത്ത് പുതുചരിത്രം കുറിക്കണമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരിക്കും ഇത്തവണ പോളണ്ട് ടീമിൽ റോബർട്ട് ലെവൻഡോവ്സ്കിയും കൂട്ടരും പന്ത് തട്ടാനെത്തുക. പ്ലേ ഓഫ് മത്സരത്തിൽ സ്വീഡനെ 2-0ത്തിന് അനായാസം പരാജയപ്പെടുത്തി ലോകകപ്പ് ബെർത്ത് ഉറപ്പിച്ചപ്പോൾ പോളിഷ് ഫുട്ബാൾ മാന്ത്രികൻ ലെവൻഡോവ്സ്കി മനസ്സിൽ കുറിച്ചിട്ടത് ഖത്തറിലെ ലോകകപ്പ് സ്വന്തമാക്കുകയെന്നതായിരിക്കാം.
ഒമ്പതാം തവണയാണ് പോളണ്ട് ലോകകപ്പ് യോഗ്യത നേടുന്നത്. നാല് തവണ നടന്ന ലോകകപ്പിൽ ആരാധകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങൾ ടീം കാഴ്ചവെച്ചിട്ടുണ്ട്. അർജന്റീന, സൗദി അറേബ്യ, മെക്സികോ തുടങ്ങിയ ടീമുകൾക്കൊപ്പം ഗ്രൂപ് സിയിലാണ് പോളണ്ടിന്റെ സ്ഥാനം.
1938ലാണ് ആദ്യമായി പോളണ്ട് ലോകകപ്പ് യോഗ്യത നേടിയത്. 1974ലും 1982ലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2016ൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെ ടീം അനായാസം ജയിച്ചു കയറിയെങ്കിലും പുറത്തായി. സ്വീഡനുമായുള്ള മത്സരത്തിൽ ലെവൻഡോവ്സ്കിക്കൊപ്പം ടീമിനായി ഗോൾ നേടിക്കൊടുത്ത പിയർ സെലൻസ്കിയും കൂടുതൽ ആത്മവീര്യത്തോടെ ടീമിനെ മുന്നോട്ടു നയിക്കും.
തിരിച്ചൊരു ഗോൾ വീഴാതിരിക്കാൻ പോളിഷ് പ്രതിരോധനിര പൂർണ സജ്ജരായതും ടീമിന്റെ കരുത്ത് തുറന്നുകാട്ടുന്നതാണ്. ഗ്രൂപ് സിയിൽ മെക്സികോയുമായാണ് പോളണ്ടിന്റെ ആദ്യ മത്സരം.
ആദ്യ മത്സരം ജയിച്ചുകയറാനായാൽ കൂടുതൽ ആത്മവിശ്വാസത്തോടെ സൗദി അറേബ്യയെ നേരിടാം. ഗ്രൂപ് സിയിലെ കരുത്തരായ അർജന്റീനയോടാണ് മൂന്നാം മത്സരം. അർജന്റീനയോട് മികച്ച പ്രകടനം പുറത്തെടുക്കാനായാൽ പോളിഷുകാരുടെ പോരാട്ടവീര്യത്തിന് മൂർച്ചകൂടും.
കുന്തമുന
പോളണ്ടിലെ വാസ്വോ നഗരത്തിൽ നിന്നും തന്റെ ടീമിനൊപ്പം ഖത്തറിലെത്തുന്ന റോബർട്ട് ലെവൻഡോവ്സ്കിയെ ഗോളടി യന്ത്രമെന്ന് വിശേഷിപ്പിക്കാം. ക്രിസ്റ്റ്യാനോയും, മെസ്സിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് പോളണ്ടിന്റെ അധിപൻ റോബർട്ട് ലെവൻഡോവ്സ്കി.
തന്റെ കരിയറിൽ അദ്ദേഹം ഇതുവരെ 600 ഗോളുകൾ നേടിക്കഴിഞ്ഞു. ലോകകപ്പിൽ സഹകളിക്കാരുമൊത്ത് മൈതാനത്തെത്തുമ്പോൾ പോളിഷ് ആരാധകർക്കും പ്രതീക്ഷ മുഴുവൻ സൂപ്പർ സ്ട്രൈക്കർ ലെവൻഡോവ്സ്കിയിൽ തന്നെയാണ്.
ബാഴ്സലോണ ക്ലബിൽ കളിക്കുന്ന ലെവൻഡോവ്സ്കിക്ക് മൈതാനത്ത് എതിർ ടീമിന്റെ തന്ത്രങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാനുള്ള കഴിവുണ്ട്. ഒരുപക്ഷേ തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പാവുമെന്നതിനാൽ കപ്പിനായുള്ള തികഞ്ഞ പരിശ്രമം ടീം നടത്തിയേക്കാം. മൂന്ന് തവണ പോളിഷ് സ്പോർട്സ് പേഴ്സനാലിറ്റി ദി ഇയറായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. 2007ൽ പോളണ്ട് അണ്ടർ 19ലും 2008ൽ പോളണ്ട് അണ്ടർ 21 ലും കളിച്ചിരുന്നു.
ആശാൻ
റഷ്യക്കാരനായ ചെസ്ലോ മിച്നിവിചാണ് പോളണ്ടിന്റെ പുതിയ ഹെഡ് കോച്ച്. 11 ടീമുകളെ പരിശീലിപ്പിച്ച പരിചയ സമ്പന്നതയുമായാണ് പോളണ്ടിനെ ഖത്തർ ലോകകപ്പിനായി ചെസ്ലോ ഒരുക്കുന്നത്. 2017-20 കാലയളവിൽ പോളണ്ട് അണ്ടർ 21 ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു ചെസ്ലോ.
വിവിധ ടീമുകളിൽ ഗോൾകീപ്പറായിരുന്ന കാലത്തെ പരിചയസമ്പന്നതയും പോളണ്ടിന് ഏറെ ഗുണം ചെയ്യും. പ്രതിരോധനിരയുടെ ജാഗ്രതയും ഗോൾ കീപ്പിങ്ങിലെ തന്ത്രങ്ങളും അനായാസം തന്റെ ടീമിന് പകർന്ന് നൽകാൻ ചെസ്ലോക്കാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.