മറക്കില്ലൊരിക്കലും
text_fieldsദോഹ: കളിയുടെ ഉത്സവനാളുകൾക്ക് കൊടിയിറങ്ങുമ്പോൾ ദോഹയുടെ മണ്ണ് ആരാധകർക്ക് അവശേഷിപ്പിക്കുന്നത് നൂറായിരം നിമിഷങ്ങൾ. തീരാവേദനയും ആനന്ദക്കണ്ണീരുമായി ഖത്തറിന്റെ കളിയിടം പലവട്ടം നനഞ്ഞു. ലോകകപ്പ് ചരിത്രത്തിൽ ഖത്തറിനെ വരച്ചിടുന്ന 10 മുഹൂർത്തങ്ങൾ ഇവയാണ്.
- മെസ്സിയുടെ കിരീടമുത്തം
കളിയഴകിൽ ഇതിഹാസതാരം ലയണൽ മെസ്സി 'ദി കംപ്ലീറ്റ് ഫുട്ബാളർ' ആയ നിമിഷത്തിന് ദോഹ സാക്ഷ്യംവഹിച്ചു. ഡീഗോ മറഡോണയുടെ മണ്ണിലേക്ക് 36 വർഷത്തിനുശേഷം ലോകകപ്പ് ഫുട്ബാൾ ട്രോഫിയെത്തിച്ചുകൊണ്ട് ലയണൽ മെസ്സിയെന്ന താരം സമ്പൂർണനായി. ക്ലബ് ഫുട്ബാളിൽ കിരീടനേട്ടങ്ങളും വ്യക്തിഗത നേട്ടങ്ങളും നേടിയ മെസ്സി കഴിഞ്ഞ വർഷമായിരുന്നു കോപ അമേരിക്കയിൽ അർജൻറീനയെ കിരീടമണിയിച്ചത്.
എന്നാൽ, 2014ൽ ഫൈനലിൽ നഷ്ടമായ ലോകകപ്പിൽ ഖത്തറിലൂടെ മുത്തമിട്ട് ഡീഗോക്കുശേഷം അർജൻറീനയിലേക്ക് സ്വർണക്കിരീടമെത്തിച്ചു. ടൂർണമെൻറിലുടനീളം ഒരുപാട് മുഹൂർത്തങ്ങൾ സൃഷ്ടിച്ചും റെക്കോഡുകൾ കുറിച്ചുമായിരുന്നു മെസ്സിയുടെ യാത്ര. ഏഴു കളിയിൽ ഏഴു ഗോളുകൾ. ഏറ്റവും മികച്ച താരത്തിനുള്ള സുവർണ പന്ത് പുരസ്കാരവും സ്വന്തം.
- അർജൻറീനയെ മുറിവേൽപിച്ച സൗദി
തുടർവിജയങ്ങളുടെ ഗരിമയിൽ ലോകകപ്പ് കിരീട സ്വപ്നവുമായെത്തിയ അർജൻറീനയെ മാറ്റിമറിച്ചത് ഗ്രൂപ് 'സി'യിലെ ആദ്യ മത്സരമായിരിക്കാം. നവംബർ 22ന് ഉച്ചക്ക് ലുസൈൽ സ്റ്റേഡിയം വേദിയായ അങ്കത്തിൽ ആദ്യ പകുതിയിൽ ലീഡ് പിടിച്ച അർജൻറീനയെ ഗ്രീൻ ഫാൽക്കൺസ് ഇരട്ട ഗോളിൽ അട്ടിമറിച്ചു.
പിന്നാലെ, സൗദി ആരാധകർ 'എവിടെപ്പോയി മെസ്സി' എന്ന് ചോദ്യങ്ങളുമായി സമൂഹമാധ്യമങ്ങളിലും സജീവമായി. ഒരുപക്ഷേ, അടുത്ത കളി മുതൽ ഉയിർത്തെഴുന്നേൽക്കാനും ഒടുവിൽ കലാശപ്പോരാട്ടത്തിൽ കിരീടത്തിലേക്ക് കുതിക്കാനും അർജൻറീനക്ക് കരുത്തായത് സൗദിയോടേറ്റ ആദ്യ തോൽവിയായിരിക്കും.
- മൊറോക്കോ, അർജൻറീന ആരാധകർ
ഖത്തറിൽ കളി മുറുകുംമുമ്പേ നിലംതൊട്ട ഏറ്റവും വലിയ ആരാധക കൂട്ടം അർജൻറീനയിൽനിന്നായിരുന്നു. പതിനായിരങ്ങൾ നേരത്തേതന്നെ ദോഹയിൽ തമ്പടിച്ചു. ഫൈനലിൽ കിരീടമണിയുമ്പോഴേക്കും 45,000ത്തോളം അർജൻറീനക്കാരാണ് ബ്വേനസ് എയ്റിസിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി ഖത്തറിലെത്തിയത്. ഗ്രൂപ് റൗണ്ട് കടന്ന് മൊറോക്കോ നോക്കൗട്ടിലേക്ക് പ്രവേശിച്ചതിനുപിന്നാലെ അറബ് കാണികളും ഖത്തറിന്റെ തെരുവുകളിൽ ആരവമായി മാറി.
- ആഘോഷത്തിന് കൊറിയൻ കാത്തിരിപ്പ്
ഗ്രൂപ് 'എച്ചി'ൽനിന്ന് ഉറുഗ്വായിയുടെയും ഘാനയുടെയും നോക്കൗട്ട് സ്വപ്നം തച്ചുടച്ച ദക്ഷിണ കൊറിയയുടെ കുതിപ്പായിരുന്നു ശ്രദ്ധേയം. ഗ്രൂപ്പിലെ അവസാന മത്സരത്തിന്റെ ഇഞ്ചുറി ടൈം ഗോളിലൂടെ പോർചുഗലിനെ അട്ടിമറിച്ച കൊറിയക്കാർ ലോങ് വിസിലിനു പിന്നാലെ ആഘോഷത്തിനായി പിന്നെയും 10 മിനിറ്റോളം കാത്തിരിപ്പായി. ഉറുഗ്വായ്-ഘാന മത്സരത്തിന്റെ ഫലത്തിനായുള്ള ആ കാത്തിരിപ്പിനെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിമിഷമെന്നായിരുന്നു ഹ്യൂങ് മിൻ സൺ വിശേഷിപ്പിച്ചത്.
- ക്രിസ്റ്റ്യാനോയുടെ കണ്ണീർമടക്കം
അഞ്ചു ലോകകപ്പിലും ഗോൾ നേടിയ ആദ്യ താരമായ പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണീർ ഖത്തറിന്റെ നൊമ്പരക്കാഴ്ചയായിരുന്നു. പ്ലെയിങ് ഇലവനിൽനിന്ന് പുറത്തായ താരം, പ്രീക്വാർട്ടറിലും ക്വാർട്ടറിലും ബെഞ്ചിലായി. ഒടുവിൽ മൊറോക്കോക്കെതിരെ ടീം പിന്നിൽ നിൽക്കുമ്പോൾ അവസാന മിനിറ്റിൽ കളത്തിലെത്തിയിട്ടും സ്വന്തം പാളയത്തിൽനിന്ന് ഒറ്റിക്കൊടുക്കപ്പെട്ട പടനായകനെപ്പോലെ നിസ്സഹായനായി വീണുപോയി.
- വനിത വിസിൽ മുഴക്കം
92 വർഷത്തെ ചരിത്രമുള്ള ഫിഫ ലോകകപ്പിൽ ആദ്യമായി മത്സരം നിയന്ത്രിച്ച വനിതയായി ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രാപ്പർട്ട് ചരിത്രമെഴുതി. അൽബെയ്ത് സ്റ്റേഡിയം വേദിയായ ജർമനി-കോസ്റ്ററീക മത്സരത്തിൽ ബ്രസീലിന്റെ ന്യൂസ ബാക്, മെക്സികോയുടെ കരെൻ ഡയസ് എന്നിവർക്കൊപ്പം സ്റ്റെഫാനി മത്സരം നിയന്ത്രിച്ചു.
- ജർമനിയെ യാത്രയാക്കിയ ജപ്പാൻ
ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുംമുമ്പ് വായ പൊത്തി പ്രതിഷേധിച്ചായിരുന്നു ജർമനിയുടെ തുടക്കം. എന്നാൽ, 90 മിനിറ്റ് കഴിഞ്ഞ് വിസിൽ മുഴങ്ങുമ്പോൾ ഏഷ്യൻ കരുത്തരായ ജപ്പാനു മുന്നിൽ 2-1ന് തോറ്റ് ജർമനി നാണംകെട്ടു. ആദ്യ മത്സരത്തിലെ തോൽവി ഗ്രൂപ് റൗണ്ടിൽ നിന്നുള്ള ജർമനിയുടെ മടക്കത്തിനും വഴിവെച്ചു.
- എംബാപ്പെയുടെ ലോകകപ്പ്
കിരീടത്തിളക്കമില്ലെങ്കിലും കിലിയൻ എംബാപ്പെയെന്ന താരത്തെ ഈ ലോകകപ്പിലൂടെ ഇതിഹാസമായി അടയാളപ്പെടുത്തും. ഒരുപിടി മുഹൂർത്തങ്ങളാണ് സൂപ്പർതാരം കാൽപന്തുലോകത്തിന് സമ്മാനിച്ചത്. ഫൈനലിൽ ഹാട്രിക് ഗോളുമായി ഫ്രാൻസിനെ മത്സരത്തിൽ തിരികെയെത്തിച്ചതും പ്രീക്വാർട്ടറിൽ പോളണ്ടിനെതിരെ നിറഞ്ഞാടിയതുമെല്ലാം എംബാപ്പെയുടെ സുവർണ നിമിഷങ്ങളായി.
എട്ടു ഗോളുമായി ലോകകപ്പിൽ സുവർണ ബൂട്ടുമായാണ് മടക്കം. 2018 ലോകകപ്പിൽ മികച്ച യുവതാരമായി മാറിയവൻ 2022ൽ ലോക ഫുട്ബാളിലെ തലയെടുപ്പുള്ള താരമായി.
- ബ്രസീലിനെ വീഴ്ത്തിയ കാമറൂൺ
ഗ്രൂപ് റൗണ്ടിൽനിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ചശേഷമായിരുന്നു ബ്രസീൽ അവസാന മത്സരത്തിൽ കാമറൂണിനെതിരെ ഇറങ്ങിയത്. അഴിച്ചുപണിത പ്ലെയിങ് ഇലവനുമായി കളത്തിലെത്തിയവരെ ഇഞ്ചുറി ടൈമിൽ പിറന്ന ഗോളുമായി കാമറൂൺ അട്ടിമറിച്ചു. വിൻസെൻറ് അബൂബക്കറിന്റെ ഉജ്ജ്വല ഗോളായിരുന്നു ടീമിന് വിജയമൊരുക്കിയത്.
ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ ബ്രസീലിന്റെയും നെയ്മറിന്റെയും കണ്ണീരും മറക്കാനാവില്ല.
- നാടകീയം മരണഗ്രൂപ്
വിശേഷണങ്ങൾപോലെ മരണഗ്രൂപ്പായിരുന്നു ഗ്രൂപ് 'ഇ'. ജർമനിയും ജപ്പാനും സ്പെയിനും കോസ്റ്ററീകയും ഉൾപ്പെട്ട ഗ്രൂപ് പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി. ആദ്യ കളിയിൽ ജപ്പാൻ 2-1ന് ജർമനിയെ അട്ടിമറിച്ചു. സ്പെയിൻ 7-0ത്തിന് കോസ്റ്ററീകൻ വല നിറച്ചു. പിന്നാലെ, ജപ്പാൻ സ്പെയിനിനെയും (2-1) അട്ടിമറിച്ച് ഗ്രൂപ് ജേതാക്കളായി. അവസാന കളിയിൽ ജർമനി കോസ്റ്ററീകയെ തോൽപിച്ചെങ്കിലും ജപ്പാൻ സ്പെയിനിനെതിരെ നേടിയ ജയത്തോടെ ഗ്രൂപ് സമവാക്യം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.