പതുങ്ങി, പക്ഷേ കുതിക്കാനായില്ല
text_fieldsദോഹ: 1950 ലോകകപ്പ്. ബ്രസീലിലേക്കു വിമാനം കയറിയ ഇംഗ്ലണ്ട് ടീമിന് കപ്പു നേടാൻ മൂന്നിൽ ഒന്ന് സാധ്യതയുണ്ടായിരുന്നു. ആദ്യ മത്സരത്തിൽ അവർ കളിക്കാനിറങ്ങിയത് 500-1 സാധ്യത മാത്രമുണ്ടായിരുന്ന യു.എസ്.എക്കെതിരെ. ലോകകപ്പ് ചരിത്രത്തിൽ യു.എസ്.എയുടെ ആദ്യ മത്സരമായിരുന്നു അത്.
എന്നാൽ, പോസ്റ്റ്മാനും ഡിഷ്വാഷറും ശവമഞ്ചം ചുമക്കുന്ന വണ്ടിയുടെ ഡ്രൈവറുമടക്കം അമച്വർ താരങ്ങൾ അണിനിരന്ന യു.എസ്.എ ടീം ബെലെ ഹൊറിസോണ്ടോയിൽ ഏകപക്ഷീയമായ ഒരു ഗോളിന് താരനിബിഡമായ ഇംഗ്ലീഷ് സംഘത്തെ അട്ടിമറിച്ചു.
ആറു പതിറ്റാണ്ടുകൾക്കുശേഷം ദക്ഷിണാഫ്രിക്കയിൽ വീണ്ടും ഇംഗ്ലീഷ്-യു.എസ് മുഖാമുഖം. സ്റ്റീവൻ ജെറാർഡിന്റെ ഗോളിൽ ലീഡ് നേടിയ ഇംഗ്ലണ്ടിനെ ഗോളി റോബി ഗ്രീനിന്റെ പിഴവിലൂടെ നേടിയ ഗോളിൽ യു.എസ്.എ 1-1ന് പിടിച്ചുകെട്ടി.
മൂന്നാം തവണ ഇരുടീമും മുഖാമുഖം കണ്ടത് വെള്ളിയാഴ്ച അൽബെയ്ത്ത് സ്റ്റേഡിയത്തിൽ. ചരിത്രം ആവർത്തിച്ചേക്കുമോ എന്ന പേടി ഇംഗ്ലീഷുകാരുടെ ഉള്ളിലുണ്ടായിരിക്കണം. അതുകൊണ്ടാണ് പതിയെ കുതിക്കാനായി തുടക്കത്തിൽ പതുങ്ങാൻ ഇംഗ്ലണ്ട് തീരുമാനിച്ചത്.
അപകടകരമായ രീതിയിൽ കൗണ്ടർ അറ്റാക്കിങ്ങിന് കോപ്പുള്ള ടീമാണ് യു.എസ്.എ എന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ സമീപനം. ആ പതുങ്ങലിൽനിന്ന് പക്ഷേ, അവർക്ക് എഴുന്നേറ്റുനിൽക്കാനായില്ലെന്നു മാത്രം. ഇംഗ്ലീഷുകാർ ആവശ്യത്തിലേറെ ജാഗ്രത കാട്ടിയ ഈ നിമിഷങ്ങളിൽ യു.എസ് സംഘം മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുത്തു.
പതിയെ ഇംഗ്ലണ്ട് പ്രതിരോധത്തെ മുൾമുനയിൽ നിർത്തി അവർ നിരന്തരം കയറിയെത്തുകയും കൈയടി നേടുകയും ചെയ്തു. ആദ്യ കളിയിൽ ഇറാനെ 6-2ന് നിലംപരിശാക്കി സ്വന്തം കാണികളുടെ പ്രശംസകൾക്കു നടുവിൽ അഭിമാനംകൊണ്ട ഇംഗ്ലണ്ട് ടീമിനെ അതേ കാണികൾ അൽബെയ്ത്തിൽ കൂക്കിവിളിയോടെയാണ് കളത്തിൽനിന്ന് യാത്രയാക്കിയത്.
ക്വാളിറ്റിയുള്ള അവസരങ്ങൾ തുറന്നെടുക്കുന്ന കാര്യത്തിൽ യു.എസ്.എയായിരുന്നു മുന്നിൽ. മധ്യനിര അവരുടെ നിയന്ത്രണത്തിലായതോടെ, ഇറാനെതിരെ തിളങ്ങിയ ഇംഗ്ലീഷ് യുവതാരങ്ങളൊക്കെ നനഞ്ഞ പടക്കംപോലെയായി. അവസാന ഘട്ടത്തിൽ സ്റ്റെർലിങ്ങിനെ മാറ്റി ഗ്രീലിഷും ബെലിങ്ഹാമിനു പകരം ഹെൻഡേഴ്സണുമിറങ്ങി. ഇറാനെതിരെ ഇരുവട്ടം വല കുലുക്കിയ ബുകായോ സാകക്കു പകരം മാർകസ് റാഷ്ഫോർഡുമെത്തി. എന്നിട്ടും ഇംഗ്ലണ്ടിന്റെ കളി നേരെയായില്ല.
ഇറാനെതിരെ 6-2ന്റെ മിന്നുംജയം നേടിയ അതേ ഇലവനെ ആക്രമണത്തിന് ഉപയുക്തമായ 4-2-3-1 ശൈലിയിൽ ഇംഗ്ലണ്ട് കോച്ച് ഗരെത് സൗത്ഗേറ്റ് കളത്തിലിറക്കിയിട്ടും നീക്കങ്ങൾക്ക് മൂർച്ചയോ ഒത്തിണക്കമോ ഉണ്ടായില്ല. പ്രസിങ് ഗെയിം മോഹിച്ച യൂറോപ്യന്മാർക്കെതിരെ ഉരുളക്കുപ്പേരി കണക്കെ 4-4-2ന്റെ പരമ്പരാഗത ശൈലിയിൽ ആക്രമിച്ചുകയറാൻ യു.എസും തീരുമാനിക്കുകയായിരുന്നു.
32ാം മിനിറ്റിലെ മനോഹര നീക്കത്തിനൊടുവിൽ ബോക്സിന്റെ ഓരത്തുനിന്ന് ക്രിസ്റ്റ്യൻ പുലിസിച് തൊടുത്ത തകർപ്പൻ ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോർഡാൻ പിക്ഫോർഡിനെ കീഴടക്കിയശേഷം ക്രോസ്ബാറിനെ പിടിച്ചുകുലുക്കി വഴിമാറിയിരുന്നില്ലെങ്കിൽ വിധി മറ്റൊന്നായേനേ.
പുലിസിച്ചും വെസ്റ്റൺ മക്കന്നീയും യൂനുസ് മൂസയും ചേർന്ന മുന്നേറ്റങ്ങൾ ഇംഗ്ലണ്ടിനെ കുറച്ചൊന്നുമല്ല കുഴക്കിയത്. രണ്ടാം പകുതിയിൽ തുടർ ആക്രമണങ്ങളിൽ ആടിയുലഞ്ഞ ഇംഗ്ലീഷ് ഡിഫൻസ് തുടരെ കോർണറുകൾ വഴങ്ങിയതും അതിശയമായി. മൈതാനത്ത് വ്യക്തമായ സ്ട്രാറ്റജിയുണ്ടായിരുന്നു യു.എസ്.എക്ക്. മുന്നേറ്റങ്ങൾക്ക് വേഗവുമുണ്ടായിരുന്നു. ഇംഗ്ലണ്ടാകട്ടെ 'സംഘർഷം' ആഗ്രഹിക്കാത്തതുപോലെയാണ് പന്തുതട്ടിയത്.
ഒരുതരം മനംമടുപ്പുള്ളതുപോലെ തോന്നിച്ച നീക്കങ്ങൾ. മത്സരത്തിലെ അവരുടെ ആദ്യ ടാക്ക്ളിന് 40 മിനിറ്റോളം കാത്തിരിക്കേണ്ടിവന്നു. മത്സരം പുരോഗമിക്കുന്തോറും സമനില മതിയെന്ന മനോഭാവത്തിലേക്കാണ് അവരെത്തിയത്. റിസ്കെടുക്കാതെ സെറ്റ്പീസുകളിൽനിന്ന് അമ്പെയ്തുനോക്കാമെന്ന നിലപാടായിരുന്നു ഒടുവിൽ.
കാണികളെ തൃപ്തിപ്പെടുത്തുന്നില്ലെങ്കിലും ഈ ഫലം ഇംഗ്ലണ്ട് ടീമിനെ നിരാശപ്പെടുത്തുന്നില്ല. കാരണം, ജാഗ്രതയോടെ കളിച്ചുനേടിയ ഈ സമനില വഴി അവർ പ്രീക്വാർട്ടർ ഏറക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.