കളി ഇനി വേറെ ലെവൽ; ജീവന്മരണ പോരാട്ടത്തിന്റെ നാലു നാളുകൾ
text_fieldsദോഹ: ലോകകപ്പിലെ പ്രാഥമിക ഘട്ടത്തിൽ ഇനി ജീവന്മരണ പോരാട്ടത്തിന്റെ നാലു നാളുകൾ. അവസാന ഗ്രൂപ് ഘട്ട മത്സരത്തിന് ചൊവ്വാഴ്ച തുടക്കമാകുമ്പോൾ ചിലർ ഇടറിവീഴും. മറ്റു ചിലർ അതിജീവിക്കും. നേരത്തേ തോറ്റുപുറത്തായ ടീമുകൾക്ക് ആശ്വാസജയത്തിനായുള്ള മത്സരംകൂടിയാകും.
ഗ്രൂപ് എയിലും ബിയിലുമാണ് ചൊവ്വാഴ്ചത്തെ മത്സരങ്ങൾ. എ ഗ്രൂപ്പിൽ നെതർലൻഡ്സ് ആതിഥേയരായ ഖത്തറിനെയും എക്വഡോർ സെനഗാളിനെയും നേരിടും. ഗ്രൂപ് ബിയിൽ ഇറാനും യു.എസ്.എയും ഏറ്റുമുട്ടുമ്പോൾ ആവേശം തീപാറും. ഇതേ ഗ്രൂപ്പിൽ ഇംഗ്ലണ്ടും അയൽക്കാരായ വെയ്ൽസുമായാണ് മറ്റൊരു മത്സരം.
എ ഗ്രൂപ്പിൽ നെതർലൻഡ്സിനും എക്വഡോറിനും രണ്ടു മത്സരങ്ങളിൽനിന്ന് ഒരു ജയവും തോൽവിയുമടക്കം നാലു പോയന്റാണുള്ളത്. ഗോൾശരാശരിയിലും വ്യത്യാസത്തിലും അടിച്ച ഗോളുകളുടെ എണ്ണത്തിലും തുല്യം. ഖത്തറിനെതിരെ മികച്ച വിജയം പ്രതീക്ഷിക്കുന്ന ഓറഞ്ചുപട തന്നെ 'എ'യിലെ ജേതാക്കളായി പ്രീക്വാർട്ടറിലെത്താനാണ് സാധ്യത.
സമനില നേടിയാലും കയറാം. എക്വഡോർ സെനഗാളിനെ തോൽപിച്ചാൽ ഓറഞ്ചുപടക്ക് തോൽവിപോലും അടുത്ത റൗണ്ടിലേക്കുള്ള ശീട്ടാകും. രണ്ടു കളികളിൽ ഒരു ജയവുമായി മൂന്നു പോയൻറുള്ള സെനഗാൾ ചൊവ്വാഴ്ച എക്വഡോറിനെ തോൽപിച്ചാൽ അടുത്ത റൗണ്ടിലെത്തും.
ഗ്രൂപ് ബിയിലും പോരാട്ടം കനക്കും. ഇംഗ്ലണ്ടിന് വെയ്ൽസിനെതിരെ ജയിച്ചാൽ ഗ്രൂപ് ജേതാക്കളായി ഏഴു പോയന്റോടെ പ്രീക്വാർട്ടറിലെത്താം. നാലു ഗോൾ ശരാശരിയുള്ളതിനാൽ സമനില നേടിയാലും നാലു ഗോളിന്റെ വ്യത്യാസത്തിൽ തോൽക്കാതിരുന്നാലും പ്രീക്വാർട്ടറിലെത്താം.
വെയ്ൽസിന് ഒരു പോയന്റ് മാത്രമാണുള്ളത്. വെയ്ൽസ് മികച്ച മാർജിനിൽ ഇംഗ്ലണ്ടിനെതിരെ ജയിച്ചാൽ മറ്റു ടീമുകളുടെ ഫലംകൂടി നോക്കേണ്ടിവരും. രണ്ടു കളികളിൽനിന്ന് മൂന്നു പോയന്റുള്ള ഇറാന് അമേരിക്കക്കെതിരെ ജയിച്ചാൽ പ്രീക്വാർട്ടർ ഉറപ്പാണ്. ഇംഗ്ലണ്ട് വെയ്ൽസിനെ തോൽപിച്ചാൽ ഇറാന് സമനിലയിലും കടന്നുകൂടാം. സാധ്യത കൂടുതൽ ഇറാനും ഇംഗ്ലണ്ടിനുമാണെന്ന് ചുരുക്കം. ഓരോ ഗ്രൂപ്പിലും ഒരേ സമയത്താണ് മത്സരങ്ങൾ.
'ഓൾ ബ്രിട്ടീഷ്' അങ്കം
അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഖത്തർ സമയം രാത്രി പത്തിനാണ് (ഇന്ത്യൻ സമയം 12.30) ഇംഗ്ലണ്ട്-വെയ്‍ൽസ് 'ഓൾ ബ്രിട്ടീഷ്' പോര്. കഴിഞ്ഞ ആറു മത്സരങ്ങളിലും ഇംഗ്ലണ്ടിനായിരുന്നു ജയം. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഇറാനെതിരെ 6-2ന്റെ തകർപ്പൻ ജയം നേടിയ ഇംഗ്ലണ്ട്, യു.എസ്.എയുമായി ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. സ്ട്രൈക്കറായ ക്യാപ്റ്റൻ ഹാരി കെയ്ൻ ഇതുവരെ ഗോൾ നേടിയിട്ടില്ല.
മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കർ ഫിൽ ഫോഡനെ യു.എസ്.എക്കെതിരെ ബെഞ്ചിലിരുത്തിയ ഇംഗ്ലീഷ് കോച്ച് ഗാരത് സൗത്ത്ഗേറ്റിനെ മുൻതാരങ്ങളടക്കം രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ന് ഫോഡൻ ആദ്യ ഇലവനിലെത്തിയേക്കും. ഫോഡൻ ലോകകപ്പിൽ ടീമിന്റെ നിർണായക ഭാഗമാണെന്നാണ് സൗത്ത്ഗേറ്റ് തിങ്കളാഴ്ച പറഞ്ഞത്. 58 വർഷത്തിനുശേഷം ലോകകപ്പിനെത്തുന്ന ഗാരത് ബെയ്‍ലിന്റെ വെയ്ൽസ് പതിവ് ഫോമിലെത്തിയിട്ടില്ല.
രാഷ്ട്രീയവും നിറയുന്ന പോര്
ഇറാനും യു.എസ്.എയും മത്സരിക്കുമ്പോൾ കളിക്ക് മാനങ്ങൾ ഏറെയാണ്. മാധ്യമങ്ങളും സ്പോർട്സ് പണ്ഡിതരും രാഷ്ട്രീയവും ചർച്ചചെയ്യുന്ന നിമിഷം. ലോകത്ത് രണ്ടു വ്യത്യസ്ത നിലപാടുകളുമായി അക്ഷരാർഥത്തിൽ ശത്രുപക്ഷത്തുള്ള രാജ്യങ്ങളുടെ അങ്കമാണിത്.
അൽതുമാമ സ്റ്റേഡിയമാണ് പോരാട്ടവേദി. 1998ൽ ഫ്രാൻസ് ലോകകപ്പിൽ യു.എസ്.എയെ 2-1ന് വീട്ടിൽ പറഞ്ഞയച്ച ചരിത്രം ഇറാനുണ്ട്. രണ്ടു പോയന്റുള്ള യു.എസ്.എക്ക് തോൽവിയും സമനിലയും പുറത്താകാനുള്ള ടിക്കറ്റാകും.
നിലവിലെ ഫോമിൽ ഇറാനുതന്നെയാണ് മുൻതൂക്കം. ചരിത്രവും രാഷ്ട്രീയവുമൊന്നും ചിന്തിക്കാനുള്ള സമയമല്ലെന്ന് യു.എസ്.എ മിഡ്ഫീൽഡർ വെസ്റ്റൺ മക്കന്നി പറയുന്നു. എഫ്.സി പോർട്ടോ താരം മെഹ്ദി തരേമിയുടെ നേതൃത്വത്തിലുള്ള ഇറാൻ അറ്റാക്കിങ് നിരയിൽ പ്രതീക്ഷ ഏറെയാണ്. 1998ൽ അമേരിക്കൻ സോക്കർ ഫെഡറേഷന്റെ ഉപദേശകനായിരുന്നു ഇറാൻ കോച്ചായ കാർലോസ് ക്വീറോസ്.
ഇത്തവണയും വിവാദമുണ്ട്. അമേരിക്കൻ സോക്കർ ഫെഡറേഷൻ ഇറാൻ ദേശീയപതാക വികലമായി കാണിച്ചതിന്റെ പേരിൽ പ്രതിഷേധമുയരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്-ബിയിലെ പോയന്റ് പട്ടികയിലെ ഇറാൻ ദേശീയപതാകയിലാണ് ഇസ്‍ലാമിക് റിപ്പബ്ലിക്കിന്റെ ചിഹ്നം മായ്ച്ചത്. ഫിഫ നിയമപ്രകാരം യു.എസ്.എയെ പത്ത് മത്സരങ്ങളിൽനിന്ന് വിലക്കണമെന്ന് ഇറാനിയൻ ഫുട്ബാൾ ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.