ഹൗസ് ഫുൾ; ബിഗ് ഹിറ്റ്
text_fieldsദോഹ: പടിഞ്ഞാറൻ മാധ്യമങ്ങളുടെ വിമർശനങ്ങളെയും ബഹിഷ്കരണാഹ്വാനങ്ങളെയുമെല്ലാം കളത്തിനു പുറത്തേക്ക് നീട്ടിയടിച്ച് ഖത്തർ ലോകകപ്പ് ഗാലറികൾ നിറഞ്ഞുകവിയുകയാണ്. ലോകകപ്പ് ഗ്രൂപ് റൗണ്ട് മത്സരങ്ങൾ രണ്ടാം ഘട്ടത്തിലേക്കു നീങ്ങിയപ്പോൾ ഇതുവരെയുള്ള മത്സരങ്ങൾ സ്റ്റേഡിയം ശേഷിയോ, അതിൽ കൂടുതലോ ആയി കാണികളെത്തിയതായി ഫിഫ.
ഒന്നാം റൗണ്ട് മത്സരങ്ങളുടെ ശരാശരി കാണികളുടെ കണക്ക് 94 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗാലറി നിറഞ്ഞ മത്സരങ്ങളിൽ ബിഗ് ഹിറ്റായത് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ബ്രസീൽ-സെർബിയ മത്സരമാണ്. 88,103 പേരാണ് ഈ മത്സരം കാണാനെത്തിയത്.
ഇതേ ദിനത്തിൽ അൽബിദ പാർക്കിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിൽ 98,000 പേരുമെത്തി. 40,000 പേർക്ക് ഒരേ സമയം കളിയും മറ്റു വിനോദപരിപാടികളും ആസ്വദിക്കാൻ കഴിയുന്ന ബിദ പാർക്കിൽ വിവിധ മത്സരങ്ങൾക്കായി പല സമയങ്ങളിലാണ് ഇത്രയേറെ പേർ എത്തിയത്.
ഇതിനകം 29.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് ഫിഫയുടെ റിപ്പോർട്ട്. 30 ലക്ഷം ടിക്കറ്റുകൾ ആരാധകർക്കായി നീക്കിവെച്ചെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. ഗ്രൂപ് റൗണ്ട് മത്സരങ്ങൾ സജീവമായതോടെ ശേഷിക്കുന്ന കളികൾക്ക് ടിക്കറ്റുകൾ കിട്ടാക്കനിയുമായി മാറി.
അതേസമയം, നേരത്തേ മാച്ച് ടിക്കറ്റുകൾ കൈവശമുള്ളവർ കളിക്കു മുമ്പായി വിറ്റഴിക്കുന്നതിനാൽ റീസെയിൽ പ്ലാറ്റ്ഫോം വഴി ഏതാനും ടിക്കറ്റുകൾ മാത്രം ലഭ്യമാവുന്നുണ്ട്. എന്നാൽ, ഇത് വെറുമൊരു ഭാഗ്യക്കളിയാണെന്ന് ആരാധകർ പറഞ്ഞു. മത്സരങ്ങൾക്ക് വാശിയും കാണികളുടെ സാന്നിധ്യവും വർധിച്ചതിനു പിന്നാലെ പരമാവധി ശേഷിയിലും കൂടുതലായാണ് സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത്.
80,000 ശേഷിയുള്ള ലുസൈൽ സ്റ്റേഡിയത്തിൽ 88,000ത്തിലേറെ പേർക്കാണ് ഇടം നൽകിയത്. സെമി, ഫൈനൽ മത്സരങ്ങൾ 60,000 ഇരിപ്പിടങ്ങളുള്ള അൽബെയ്തിലും, 80,000 ഇരിപ്പിടങ്ങളുള്ള ലുസൈൽ സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.