കൈയടി നേടി ജപ്പാൻ; ക്രൊയേഷ്യൻ തിരിച്ചുവരവ്
text_fieldsരണ്ടാം റൗണ്ടിലെ ഏറ്റവും ആവേശം ജനിപ്പിച്ച മത്സരത്തില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് മറികടന്നു. റഗുലര്‍ ടൈമിലും , എക്സ്ട്രാടൈമിലും ഇരുടീമുകളും 1-1 എന്ന നിലയിലായിരുന്നു..
പ്രതീക്ഷകള്‍ക്ക് ഭംഗം വരുത്താത്ത വിധം തുല്യശക്തികളുടെ ബലാബലമായി തുടങ്ങിയ കളിയില്‍ ക്രൊയേഷ്യ പതിവ് പോലെ കുറിയ പാസുകളിലൂടെ കളി നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ചു. മറുഭാഗത്ത് ജപ്പാന് വേഗമേറിയ ഓഫ് ദ ബോള്‍ റണ്ണുകളിലൂടെ ഡിഫന്‍സീവ് തേഡില്‍ പിടിച്ചെടുക്കുന്ന പന്തുകളെ ക്രൊയേഷ്യന്‍ തേഡിലേക്ക് പെട്ടെന്ന് കൈമാറി ഭീതി സൃഷ്ടിക്കാനാണ് ശ്രമിച്ചത്.
മൈതാനമധ്യത്തില്‍ തീര്‍ത്തും ക്രൊയേഷ്യയുടെ പരിചയസമ്പന്നതയും, സാങ്കേതികമേന്മയും നിറഞ്ഞ മധ്യനിരയുടെ ആധിപത്യം ആദ്യ അരമണിക്കൂറില്‍ സുവിദിതമായിരുന്നു. പിന്നീട് ഗെയിം പ്ലാനില്‍ മാറ്റം വരുത്തി പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തിനൊടുവില് 32ാം മിനുട്ടില്‍ ആദ്യഗോള്‍ നേടി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്രോസോയുടെ അതിവേഗതയുള്ള ക്രോസ്ബോള്‍ ഡെലിവറിയില്‍ അതിമൂര്ച്ഛയുള്ള ഹെഡ്ഢറിലൂടെ പെരിസിച് സമനിലഗോളും നേടി. പിന്നീട് ഇരുപാതികളിലും കയറിയിറങ്ങി കളിച്ച മല്‍സരം സമനിലയിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു.
പെനാല്‍റ്റി ഷൂട്ടൗട്ടിലെ തോല്‍വി മാറ്റിവെച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും ക്രൊയേഷ്യക്കൊത്ത എതിരാളികളായിരുന്നു ജപ്പാന് . തങ്ങളുടെ ശക്തിബിന്ദുവായ അത്ലറ്റിസിസത്തെ മനോഹരമായി ഉപയോഗിച്ച് ക്രൊയേഷ്യന്‍ ഗോള്‍മുഖത്ത് നിരന്തരമായി ആശയക്കുഴപ്പങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചു.
ശാരീരികമാനങ്ങളിലും, പരിചയസമ്പന്നതയിലുമുള്ള കുറവുകള്‍ ഒരിക്കല്‍ പോലും അവരെ പിറകോട്ടടിച്ചില്ല. ജപ്പാന് ടീം ഏറ്റവും മികച്ചു നിന്നത് ആക്രമണത്തില്‍ നിന്ന് പ്രതിരോധത്തിലേക്കും നേരെ തിരിച്ചുമുള്ള ടീമിന്റെ നിമിഷാര്ദ്ധങ്ങള്ക്കുള്ളിലെ ട്രാന്സിഷന് സ്പീഡ് ആണ്.
സ്വതവേ പതിയെ ഗെയിം ബില്‍ഡ് ചെയ്യുന്ന ക്രൊയേഷ്യക്ക് ഇതിനോട് പ്രതികരിക്കാന്‍ അവരുടെ പ്ലാനുകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. അത്യാധ്വാനികളായ ജപ്പാന് അവസാനനിമിഷങ്ങളില്‍ ഗോളിലേക്കെത്താന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലൊവേണും ഗ്വാഡിയോളും നിരന്ന പ്രതിരോധത്തെ തുറക്കാനായില്ല.
ക്രൊയേഷ്യ ഏറ്റവും നന്നായി കളിച്ച മത്സരമായിരുന്നു. ജപ്പാന്റെ വേഗതയോട് കൃത്യമായി പ്രതികരിക്കാനവര്ക്കായി. മൈതാനമധ്യത്ത് നിരന്തരമായി പന്തുകള്‍ നേടിയെടുക്കാനായതും, കുറിയ പാസുകളിലുടെ കളിനിയന്ത്രിക്കാനായതും ആദ്യം മുതലേ അവരുടെ ആത്മവിശ്വാസം ഉയര്‍ത്തി.
ജപ്പാന് ആദ്യഗോള്‍ നേടിയെങ്കിലും തങ്ങളുടെ സ്വതസിദ്ധശൈലിയില്‍ മാറ്റം വരുത്താതെ കളിച്ച ക്രൊയേഷ്യ മനോഹരമായി തന്നെ രണ്ടാം പകുതിയില്‍ സമനിലയിലേക്കെത്തി. വളരെ സുദൃഢമായ പ്രതിരോധനിരയുടെ ഇന്നത്തെ പ്രകടനം കയ്യടികള്‍ അര്‍ഹിക്കുന്നുണ്ട്. മധ്യനിരയുടെയും ആക്രമണനിരയുടെയും 4-3-3യില്‍ നിന്നുള്ള 4-5-1, 4 -4-2 എന്നീ ഘടനാവ്യതിയാനങ്ങളും, കളിക്കാരുടെ സുഗമമായ സ്ഥാനമാറ്റങ്ങളും ജപ്പാന് നിരന്തരമായി തലവേദനയുണ്ടാക്കുന്നതായിരുന്നു.
ആക്രമണനിര ഇനിയും ഫോമിലേക്കുയരാത്തത് ഒരു പ്രശ്നമായി നിലനില്ക്കുന്നു എന്നതൊഴിച്ചാല്‍ ഓരോ മാച്ചിലൂടെയും നന്നായി സാഹചര്യങ്ങളോട് പരുവപ്പെട്ടുവരുന്നുണ്ട് ടീം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ആയാലും കൊറിയ ആയാലും ഏറ്റവും ശ്രമകരമായ മത്സരമായിരിക്കും അവരെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.