ജപ്പാനാ ജയിക്കാനാ...; രണ്ടാം മത്സരത്തിൽ കോസ്റ്ററീകക്കെതിരെ
text_fieldsദോഹ: സുമോ ഗുസ്തിയിൽ താഴ്ന്ന റാങ്കിലുള്ള താരം ലോകോത്തര ചാമ്പ്യനെ അട്ടിമറിച്ചെന്ന വിശേഷണമാണ് ജർമനി-ജപ്പാൻ മത്സരഫലത്തിന് ജാപ്പനീസ് മാധ്യമങ്ങൾ നൽകിയത്. കളിയിലൊരു സമനിലവരെ അതിശയമായിക്കണ്ടിരുന്നവർ നാലു തവണ ലോകകിരീടത്തിൽ മുത്തമിട്ടവരെ അട്ടിമറിച്ചു.
പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ ജർമൻ വലയിൽ പകരക്കാരായ റിസു ദോവാനും തകുമ അസാനോയും നിറയൊഴിക്കുകയായിരുന്നു. കോസ്റ്ററീകയാവട്ടെ സ്പെയിനിനോട് എതിരില്ലാത്ത ഏഴ് ഗോളിന്, ഇത്തവണത്തെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയ ക്ഷീണത്തിലും. തോറ്റാൽ പിന്നൊന്നും നോക്കാനില്ല. പ്രീ ക്വാർട്ടർ ഫൈനലിലെത്താതെ പുറത്താവും.
ജപ്പാന് അവസാന ഗ്രൂപ് മത്സരം സ്പെയിനുമായാണ്. ജർമനിക്കെതിരായ പ്രകടനം അന്ന് ആവർത്തിക്കാൻ കഴിഞ്ഞെന്നുവരില്ല. തുടർച്ചയായ ഏഴാം തവണയും ലോകകപ്പിനെത്തിയ ഏഷ്യൻ കരുത്തർ ഒരിക്കൽപോലും അവസാന എട്ടിൽ കടന്നിട്ടില്ല. മൂന്നു പ്രാവശ്യം പ്രീ ക്വാർട്ടറിലെത്തി.
ക്വാർട്ടർ ഫൈനൽ തന്നെയാണ് ടീമിന്റെ ലക്ഷ്യം. പരിശീലകൻ ഹാജിമേ മോറിയാസു ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ലൂയിസ് ഫെർണാണ്ടോ സുവാറസ് പരിശീലിപ്പിക്കുന്ന കോസ്റ്ററീകക്ക് ഇനി കളിക്കാനുള്ളത് ജർമനിയോടാണ്. എന്തെങ്കിലും പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിച്ചേതീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.