കോർമിഷിന്റെ ഓട്ടപ്പാച്ചിൽ
text_fieldsകാനഡ ആരാധകനായ ലീ കോർമിഷ് മുൻ അമേരിക്കൻ താരം ലാൻഡൺ ഡൊണോവനൊപ്പം ദോഹയിൽ
ദോഹ: ആദ്യ ദിനം അൽ ബെയ്തിൽ ഖത്തർ-എക്വഡോർ പോരാട്ടം. രണ്ടാം ദിനം ഖലീഫ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട്-ഇറാൻ മത്സരവും പിന്നാലെ അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിൽ അമേരിക്ക-വെയ്ൽസ് അങ്കവും... കാനഡക്കാരനായ ലീ കോർമിഷ് ആദ്യ രണ്ടു ദിനങ്ങളിൽ കണ്ടുതീർത്ത മത്സരങ്ങളാണിത്.
മൂന്നാം ദിനം നാലു പോരാട്ടങ്ങളുമായി ലോകകപ്പിന് ചൂടുപിടിച്ചതോടെ കോർമിഷിന്റെ ഓട്ടത്തിന് വേഗംകൂടി. ഗ്രൂപ് റൗണ്ടിൽ ഓരോ ദിനവും രണ്ടു മത്സരങ്ങൾ. ശേഷം, നോക്കൗട്ട് തുടങ്ങിയാൽ മത്സരങ്ങളുടെ തിരക്ക് കൂടും... പ്രീക്വാർട്ടർ മുതൽ ഫൈനൽ വരെ തുടർച്ചയായി മത്സരങ്ങൾ. ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ ഒരു ടൂർണമെൻറിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ഗാലറിയിലിരുന്ന് കാണുന്ന ആരാധകൻ എന്ന റെക്കോഡിലേക്കാണ് ഇപ്പോൾ ലീ കോർമിഷിന്റെ മരണയോട്ടം.
2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ തുലാനി എൻഗോബോ എന്ന ആരാധകൻ കുറിച്ച 31 മത്സരങ്ങളുടെ റെക്കോഡിനെ പഴങ്കഥയാക്കാനായി ഇറങ്ങിപ്പുറപ്പെട്ടതാണ് കാനഡക്കാരൻ ലീ കോർമിഷ്. കാനഡ ദേശീയ ടീമിന് 1986നുശേഷം ആദ്യ ലോകകപ്പാണ് ഖത്തറിലേതെങ്കിൽ, കോർമിഷ് കഴിഞ്ഞ നാലു ലോകകപ്പുകളിലും കാനഡ പതാകയുമായി ഗാലറികളിലുണ്ടായിരുന്നു. ഇത്തവണ ഖത്തറിലെത്തിയപ്പോൾ വേദികൾ അടുത്തടുത്തായതോടെ ഗിന്നസ് റെക്കോഡ് എന്ന സ്വപ്നത്തിന് കോർമിഷ് പ്ലാനുകൾ ഒരുക്കി.
ഒരു വർഷം മുമ്പേ ഒരുക്കങ്ങൾ തുടങ്ങിയ ഇയാൾ ആദ്യം ചെയ്തത് ദക്ഷിണാഫ്രിക്കയിലെത്തി തുലാനി എൻഗോബോയെ കാണുകയായിരുന്നു. ടിക്കറ്റുകൾ സംഘടിപ്പിക്കേണ്ടതിന്റെയും യാത്ര, മറ്റു ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ചും തുലാനി ഉപദേശം നൽകി. ഒടുവിൽ മാച്ച് ടിക്കറ്റ് വിൽപന തുടങ്ങിയപ്പോൾ പരമാവധി ടിക്കറ്റുകൾ സ്വന്തമാക്കി റെക്കോഡിലേക്ക് ബൂട്ടുകെട്ടിയിറങ്ങി.
ലോകകപ്പിന് പന്തുരുളുന്നതിനും ഒരാഴ്ച മുമ്പുതന്നെ ദോഹയിലെത്തി. സൂഖ് വാഖിഫും ദോഹ കോർണിഷും ലുസൈലും ഉൾപ്പെടെ ലോകകപ്പിന്റെ എല്ലാ ആഘോഷ വേദികളും കൺനിറയെ കണ്ട് ആസ്വദിച്ചശേഷം, അബൂദബിയിലെത്തി അർജൻറീന-സൗദി മത്സരവും കാനഡ-ജപ്പാൻ മത്സരവും കണ്ടാണ് ഖത്തറിൽ തിരികെയെത്തുന്നത്.
നവംബർ 20ഓടെ അൽബെയ്തിൽവെച്ച് കോർമിഷിന്റെ ഗിന്നസ് റെക്കോഡ് പ്രയാണത്തിലേക്ക് കിക്കോഫ് കുറിച്ചു. തനിച്ചിരുന്ന് കളികണ്ടതുകൊണ്ടു മാത്രമായില്ല. അതിനുമുണ്ട് ചില ചിട്ടവട്ടങ്ങൾ. കളിക്കാർ മൈതാനത്തുള്ളപ്പോൾ കോർമിഷ് സീറ്റിൽതന്നെ ഉണ്ട് എന്നുറപ്പാക്കാനായി എല്ലാ മത്സരവേദികളിലും രണ്ടു സാക്ഷികളും അവരുടെ ഒപ്പും വേണം. ചുരുക്കിപ്പറഞ്ഞാൽ, കളി നടക്കുമ്പോൾ ഒന്ന് മൂത്രമൊഴിക്കാൻപോലും കോർമിഷിന് കഴിയില്ല.
ഗ്രൂപ് റൗണ്ടിൽ ഒരു കളിയുടെ ഇടവേളയിൽ രണ്ടു മത്സരങ്ങൾക്ക് വീതമാണ് ടിക്കറ്റുറപ്പിച്ചത്. ഒരു മാച്ച് കഴിഞ്ഞ്, മെട്രോ കയറി അടുത്ത സ്റ്റേഡിയത്തിലേക്ക്. നോക്കൗട്ട് മുതൽ എല്ലാ കളിമൈതാനത്തും എത്താനാണ് പദ്ധതി. നേരത്തേ 2006 ജർമനി ലോകകപ്പ് മുതൽ വിശ്വമേളയുടെ വേദികളിലെത്തുന്ന ഇദ്ദേഹം യുവേഫ യൂറോ കപ്പുകളിലും കഴിഞ്ഞ വർഷം ഖത്തർ വേദിയായ ഫിഫ അറബ് കപ്പിലും കാണിയായി എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.