Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightനീലാകാശം, മഞ്ഞക്കടൽ...

നീലാകാശം, മഞ്ഞക്കടൽ...

text_fields
bookmark_border
നീലാകാശം, മഞ്ഞക്കടൽ...
cancel
camera_alt

ദോ​ഹ

കോ​ർ​ണി​ഷി​ലെ

ഫ്ലാ​ഗ് പ്ലാ​സ​യി​ൽ

ന​ട​ന്ന സം​ഗ​മ​ത്തി​ൽ

അ​ർ​ജ​ന്റീ​ന, ബ്ര​സീ​ൽ ആ​രാ​ധ​ക​ർ

ദോഹ: സാവോപോളോയെ വെല്ലുന്ന ആമോദം കണ്ട് ബ്രസീലുകാരി മരിയാനക്ക് അതിശയമടക്കാനായില്ല. തങ്ങളുടെ ദേശീയ പതാകയും ജഴ്സിയും നിറഞ്ഞുനിൽക്കുന്നതിന് സാക്ഷിയായ ഇംഗ്ലണ്ടുകാരൻ സ്റ്റീഫൻ ആവേശത്തള്ളിച്ചയിലായി. നീലയും മഞ്ഞയും വെളുപ്പും ചുവപ്പും മെറൂണുമെല്ലാം നിറഞ്ഞൊരു വർണക്കടൽ. ആവേശം കൈവഴികളായി ഒഴുകി തിരതല്ലിയൊന്നായ കോർണിഷ്.

ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ആരാധകർ ആഘോഷമായൊഴുകിയപ്പോൾ ചുക്കാൻപിടിച്ചത് മലയാളം. വിശ്വമേളയെ സ്വാഗതം ചെയ്ത് കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ സംഘടിപ്പിച്ച 'ഓപൺ മീറ്റപ് മെഗാ ഫ്ലാഗ് റാലി' ദോഹയെ ഇളക്കിമറിക്കുന്നതായി. ചെണ്ടമേളത്തിന്റെ ബലത്തിൽ 'ഹീയാ ഹൂവാ അർജന്റീന' വിളികൾ. ബ്രസീലിൽനിന്നെത്തിയ ആരാധകരുടെ ഒറിജിനൽ സാംബാമേളമായിരുന്നു മഞ്ഞപ്പടയുടെ മറുപടി.

'വിദേശ' കാണികൾ കൂടുതൽ ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ജർമനിയും സ്‍പെയിനും പോർചുഗലുമൊക്കെ ആളെണ്ണത്തിൽ അർജന്റീനക്കും ബ്രസീലിനും പിന്നിലായിരുന്നെങ്കിലും ആവേശത്തിൽ അവരോടൊപ്പം കട്ടക്ക് പിടിച്ചുനിന്നു. വേറിട്ട വസ്ത്രങ്ങളണിഞ്ഞും മുഖത്ത് ചായം പൂശിയും ജഴ്സിയുടെ നിറമുള്ള വർണമുടി ധരിച്ചും നിറങ്ങളുടെ ഉത്സവമായി റാലി മാറി.

ബാൻഡ് മേളം, മാസ്ക് റാലി, ഫാൻസി ഡ്രസ്, ബാൾ ഷോവറിങ് തുടങ്ങിയവയടക്കം പൊലിമകൂട്ടിയ ആഘോഷം, വിദേശ രാജ്യങ്ങളിൽനിന്നുള്ള ആരാധകരെ വിസ്മയിപ്പിച്ചാണ് പെയ്തുതീർന്നത്. പതിനായിരത്തോളം പേരാണ് ഫ്ലാഗ് പ്ലാസയിൽ റാലിയിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ ഏറിയ പങ്കും മലയാളികൾ. കുഞ്ഞുകുട്ടികളടക്കം കുടുംബവുമായെത്തിയവർ ഒരുപാടുണ്ടായിരുന്നു.

മലയാളി ആരാധകക്കൂട്ടായ്മകളുടെ വാട്സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ സംഘാടനം. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, പോർചുഗൽ, സ്പെയിൻ, ബെൽജിയം ടീമുകളുടെ ആരാധകരാണ് ഒന്നിച്ചത്. രണ്ടരയോടെ തുടങ്ങാനിരുന്ന ആഘോഷത്തിലേക്ക് പന്ത്രണ്ടു മണിയോടെത്തന്നെ ആളുകളെത്തിത്തുടങ്ങിയിരുന്നു.

കടലിരമ്പമായി കളിക്കമ്പം

ആവേശത്തിന്റെ കടലിരമ്പമായിരുന്നു കോർണിഷ്. വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയുള്ള ക്ഷണത്തിന്റെ വഴിയിലൂടെ അവരെല്ലാവരും ഇഷ്ട ടീമുകളുടെ കുപ്പായമിട്ടെത്തി. കളിയോടുള്ള സ്നേഹം ഇഴതുന്നിയ ചരടിൽ അവർ അർജന്റീനയും ബ്രസീലും ഇംഗ്ലണ്ടും ജർമനിയും പോർചുഗലുമടക്കമുള്ള നിറങ്ങളായലിഞ്ഞു.

മലയാളത്തിനു പുറത്തുനിന്നുള്ളവരുടെ മനസ്സിൽ 'കളിക്കമ്പത്തിന്റെ ഉത്സവം' അതിശയമായിപ്പടർന്നു. ഒടുവിൽ അവരും നിറങ്ങളുടെ, ആഘോഷങ്ങളുടെ, ആരവങ്ങളുടെ കളത്തിലേക്കിറങ്ങി. ആരാധകക്കൂട്ടായ്മകൾ ആവേശ മൈതാനത്ത് സംഘടിപ്പിച്ച 'ഓപൺ മീറ്റപ് മെഗാ ഫ്ലാഗ് റാലി' സംഘാടകരെയും അമ്പരപ്പിച്ച ജനപങ്കാളിത്തം കൊണ്ട് വിസ്മയമായി.

വെള്ളിയാഴ്ച അവധി ദിനമായതിനാൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെ റാലി തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ജുമുഅ കഴിഞ്ഞ് പന്ത്രണ്ടുമണിയോടെ ആളുകളെത്തിത്തുടങ്ങി. വാട്സ്ആപ് ഗ്രൂപ്പുകൾവഴി മാത്രമാണ് പരിപാടിയുടെ പ്രചാരണം നടത്തിയിരുന്നത്.

മലയാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഫാൻസ് ഗ്രൂപ്പുകൾ പിന്നീട് എല്ലാ രാജ്യക്കാരെയും ഉൾക്കൊള്ളിച്ച് വലിയ ഫാൻ സംഘമായി മാറുകയാണിപ്പോൾ. അർജന്റീനയും ഇംഗ്ലണ്ടും ജർമനിയും ഫ്ലാഗ് പ്ലാസ കേന്ദ്രീകരിച്ചാണ് റാലിക്ക് തുടക്കമിട്ടത്. ബ്രസീൽ ആരാധകർ ഖത്തർ നാഷനൽ മ്യൂസിയം പരിസരത്ത് സംഗമിച്ചാണ് കോർണിഷിലൂടെ മഞ്ഞക്കടലായി ഒഴുകിയത്. പോർചുഗൽ ആരാധകർ പക്ഷേ, മുഷരിബ് മെട്രോ സ്റ്റേഷനും വാഖിഫ് സൂഖും കേന്ദ്രീകരിച്ചാണ് റാലി നടത്തിയത്.

ചെണ്ടമേളത്തിനൊപ്പം ഇംഗ്ലീഷ് താളം

ഫ്ലാഗ് പ്ലാസയിൽ ഇംഗ്ലണ്ടിന്റെ ഒത്തുചേരലിനെത്തിയ സ്റ്റീഫന് ആവേശം അടക്കാനാവുന്നില്ല. ഇത്രപേർ ഇംഗ്ലണ്ടിന് അഭിവാദ്യമർപ്പിക്കാൻ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്റ്റീഫൻ 'മാധ്യമ'ത്തോട് പറഞ്ഞു. നോർവിച്ച് സ്വദേശിയായ സ്റ്റീഫൻ ദോഹയിൽ അധ്യാപകനായി ജോലി ചെയ്യുകയാണ്. മലയാളികളുടെ ആവേശം കണ്ട് ഇംഗ്ലീഷുകാരും പതിയെ കളത്തിലിറങ്ങി. ചെണ്ടമേളത്തിനൊപ്പം അവർ ആവേശത്തോടെ തുള്ളിച്ചാടി.


കന്തൂറയിൽ തുന്നിയ 'അലമാനിയ'

ജർമനിയോടുള്ള അടങ്ങാത്ത മുഹബ്ബത്താണ് അവരെ ആ കുപ്പായമിടാൻ പ്രേരിപ്പിച്ചത്. ജസാർ പാലക്കാട്, സമീർ റോഷൻ കൊടുങ്ങല്ലൂർ, അശ്വിൻ കൊയിലാണ്ടി, കല്യാശേരിക്കാരായ മിഷാബ്, സിറാജ്, ഫാസിൽ കണ്ണൂർ എന്നിവർ വേഷം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി.

അറബികളുടെ പരമ്പരാഗത വേഷമായ കന്തൂറയാണ് അവർ അണിഞ്ഞത്. അതിൽ ജർമൻ ടീമിന്റെ ജഴ്സിയുടെ നിറം പതിപ്പിച്ചാണ് വെറൈറ്റിയാക്കിയത്. ആറുപേരും ഇതിനായി പ്രത്യേകം തയ്പിക്കുകയായിരുന്നു. ഓരോ കന്തൂറക്കും 5000 ഇന്ത്യൻ രൂപക്ക് തുല്യമായ ഖത്തർ റിയാൽ ചെലവായിട്ടുണ്ട്.


ആവേശം കുടുംബസമേതം

കൊയിലാണ്ടി സ്വദേശി സി. പൊയിൽ ആഷിറിനെപ്പോലെ ഒരുപാടുപേർ കുടുംബമായാണ് ആഘോഷത്തിനെത്തിയത്. മെഗാ ഫ്ലാഗ് റാലിക്കെത്തിയ കുഞ്ഞുങ്ങളെല്ലാം ഇഷ്ട ടീമുകളുടെ ജഴ്സിയുമണിഞ്ഞിരുന്നു. അവധി ദിനമായതിനാലും ലോകകപ്പിനോടുള്ള ആവേശം ഉള്ളിൽ സൂക്ഷിക്കുന്നതിനാലും കിട്ടിയ അവസരത്തിൽ കുപ്പായമിട്ടിറങ്ങുകയായിരുന്നു പലരും.

കടുത്ത ബ്രസീൽ ആരാധകനായ ആഷിർ ഭാര്യ ജിഷാനക്കും മക്കളായ ലാമിഷ് ഐമൽ, അനിഖ അനം എന്നിവർക്കുമൊപ്പം റാലിക്കെത്തിയത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar worldcup 2022
News Summary - qatar world cup-mega flag rally
Next Story