''ലിയോ, നിങ്ങൾ കാൽപന്തുകളിയിലെ മൊസാർട്ടാണ്''... കന്നിലോകകിരീടത്തിന് ഒരു ചുവടരികെ മെസ്സി
text_fieldsപ്രായം 35ലെത്തിയിട്ടും മെസ്സിയെന്ന മാന്ത്രികന്റെ കാലുകൾക്കു ചുറ്റുമാണിപ്പോൾ അർജന്റീനയുടെ കനകകിരീട സ്വപ്നങ്ങൾ. കാൽപന്തു മൈതാനം കണ്ട ഏറ്റവും മികച്ചവനാരെന്ന ചോദ്യത്തിന് ഇനിയുമേറെ പേർ ബാക്കിയില്ലെന്ന സാക്ഷ്യമാണ് ഖത്തർ ലോകകപ്പിൽ അവന്റെ മിന്നും പ്രകടനങ്ങൾ. ഓരോ കളിയിലും ഫുട്ബാളിന്റെ വശ്യതയും പ്രതിഭയുടെ ആഴവും അതിമനോഹരമായി അടയാളപ്പെടുത്തിയവൻ. കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ പരാജയപ്പെടുത്തിയ സംഘം സെമിയിൽ വീണ്ടും മുഖാമുഖം വന്നപ്പോൾ അൽവാരസ് എന്ന യുവതാരത്തെ കൂട്ടുപിടിച്ച് മെസ്സി നടത്തിയ യാത്രകളാണ് ടീമിനെ എട്ടുവർഷം കഴിഞ്ഞ് വീണ്ടും ലോകപോരാട്ടത്തിന്റെ കൊട്ടിക്കലാശത്തിലേക്ക് നയിച്ചത്. എല്ലാം മെസ്സിമയമായ ദിനത്തിൽ ക്രൊയേഷ്യക്കെതിരെ കുറിച്ച പെനാൽറ്റി ഗോളും അതുകഴിഞ്ഞ് മൂന്നാം ഗോളിനുള്ള അസിസ്റ്റും ഒരുപോലെ മികവിന്റെ പരകോടിയിൽ പ്രതിഷ്ഠ നേടുന്നവ.
കളി ഒരു മണിക്കൂർ പിന്നിട്ട ശേഷമായിരുന്നു കളിയിലെ മൂന്നാം ഗോളിന്റെ പിറവി. സ്വന്തം ഹാഫിൽനിന്ന് നീട്ടിക്കിട്ടിയ പന്തുമായി വലതുവിങ്ങിലൂടെ മെസ്സി കുതിക്കുമ്പോൾ കൂടെയോടിയും വഴിതടഞ്ഞും ക്രോട്ട് സെന്റർ ബാക്ക് ഗ്വാർഡിയോളുമുണ്ട്. ഖത്തർ മൈതാനത്തെ ഏറ്റവും മികച്ച പ്രതിരോധ താരമെന്ന ഖ്യാതിയുള്ളവനായതിനാൽ ഗ്വാർഡിയോൾ തന്നെ മതിയാകുമായിരുന്നു ആ നീക്കത്തിന്റെ മുനയൊടിക്കാൻ. എന്നാൽ, അത്യപുർവമായ ആ ഡ്രിബ്ലിങ് അപാരതക്കു മുന്നിൽ ഗ്വാർഡിയോൾ തലകുനിച്ചു. പന്ത് പെനാൽറ്റി ബോക്സിനരികിലെത്തിയതോടെ മെസ്സി ഒരു നിമിഷം നിന്ന് പിറകോട്ടെന്ന പോലെ പന്തുമായി തിരിഞ്ഞു. പാസ് നൽകാനാകുമെന്ന് കരുതിയ ഗ്വാർഡിയോളിനെ വെട്ടിയൊഴിഞ്ഞ് താരം പിന്നീട് നടത്തിയത് അതിമാനുഷമായ കുതിപ്പ്. ഒടുവിൽ എതിർതാരത്തിന്റെ കാലുകൾക്കിടയിലൂടെ ജൂലിയൻ അൽവാരസിനു കണക്കാക്കി ചെറുപാസ്. അപ്പോഴേക്ക് എല്ലാം തീരുമാനമായിരുന്നു. അൽവാരസിന്റെ കുഞ്ഞുസ്പർശത്തിൽ പന്ത് വലയിലെത്തുമ്പോൾ ലുസൈൽ മൈതാനം ആർത്തിരമ്പി. ഇനിയൊരിക്കൽ ഇതുപോലൊന്നു കാണാൻ എത്ര നാൾ കാത്തിരിക്കേണ്ടിവരുമെന്നറിയാത്ത ആവേശത്തിൽ മെസ്സി, മെസ്സിയെന്ന് അവർ നീട്ടിപ്പാടി.
ലിയോക്കിത് പതിവു ഗോൾയാത്രകളിലൊന്നായിരുന്നു. എന്നാൽ, ചെൽസി പിൻനിരയെ കരുതലോടെ കാത്തുപോരുന്ന 20കാരന് ഈ ലോകകപ്പിൽ അപൂർവമായ അനുഭവവും. ടൂർണമെന്റിൽ നാലാം മാൻ ദി മാച്ച് ആദരം കൂടി കളിക്കൊടുവിൽ മെസ്സി തന്റെ പേരിലാക്കി.
ആ ഗോൾ പൂർത്തിയായതോടെ കോച്ച് സ്കലോണി കളി അവസാനിച്ചെന്ന പോലെ മുൻനിരയെ ഓരോരുത്തരായി തിരിച്ചുവിളിച്ചുതുടങ്ങി. ക്രോട്ടുകൾ ഇനിയെത്ര ഓടിയാലും മാർടിനെസ് കാവൽനിൽക്കുന്ന പോസ്റ്റിൽ ഒന്നും വീഴില്ലെന്ന ബോധ്യം വന്നപോലെയായിരുന്നു സബ്സ്റ്റിറ്റ്യൂഷൻ.
വേഗം കൂട്ടിയും കുറച്ചും ചടുലമായ ശരീര ചലനങ്ങളിലൂടെയും താരത്തിന്റെ മിന്നലാട്ടങ്ങൾക്ക് പലപ്പോഴും ക്രൊയേഷ്യക്ക് ഉത്തരമുണ്ടായിരുന്നില്ല. ടീം സ്കോർ എതിരില്ലാത്ത മൂന്നിലൊതുങ്ങിയതു പോലും ഭാഗ്യത്തിനായിരുന്നു.
മറുവശത്ത്, വ്യക്തിഗത ഗോൾ സമ്പാദ്യം അഞ്ചായി ഉയർത്തിയ മെസ്സി അസിസ്റ്റിലും റെക്കോഡിനൊപ്പമെത്തി. ഡീഗോ മറേഡാണയുടെ പേരിലായിരുന്ന റെക്കോഡിലേക്കാണ് സൂപർ താരം കയറിയിരുന്നത്.
ഇത്രയും പൂർത്തിയാക്കിയ താരത്തിനു മുന്നിൽ ഇനി കലാശപ്പോര് എന്ന കടമ്പ മാത്രം. അതുകൂടി വരുംദിവസം പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.