തിരമാലകളുടെ അപാര തീരത്ത്
text_fieldsലോകകപ്പ് പോരിശക്ക് മാറ്റ് കൂട്ടാനും കാൽപന്താവേശത്തിൽ ഗാലറിയിൽ ഉയരുന്ന മെക്സിക്കൻ തിരമാലകളുടെ ആവേശം ഇരട്ടിപ്പിക്കാനുമായി ഇത്തവണ ഖത്തറിൽ പന്ത് തട്ടാനെത്തുകയാണ് മെക്സികോ. യോഗ്യത മത്സരത്തിൽ എൽസാവഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലോകകപ്പ് മൈതാനത്തേക്ക് മെക്സികോ ടിക്കറ്റുറപ്പിച്ചത്.
എട്ടാം തവണ ലോക അങ്കത്തിനൊരുങ്ങുമ്പോൾ മെക്സിക്കൻ ആരാധകരും തികഞ്ഞ പ്രതീക്ഷയിലാണ്. 28 പോയന്റുമായി യോഗ്യത നേടിയാണ് അർജന്റീന, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ് സിയിലേക്കെത്തുന്നത്.
കോൺകകാഫ് മേഖലയിൽ രണ്ടാം സ്ഥാനക്കാരായാണ് മുന്നേറ്റം. 1994 മുതൽ തുടർച്ചയായി ലോകകപ്പ് മൈതാനങ്ങളിലേക്ക് ടിക്കറ്റ് നേടുന്നുണ്ടെങ്കിലും വലിയ വിജയങ്ങളൊന്നും നേടാനായിട്ടില്ല. ഗ്രൗണ്ടിൽ എതിർടീമിനെ സമ്മർദത്തിലാക്കാനുള്ള കഴിവ് ടീമിനുണ്ട്.
ടീമിലെ വിംഗർമാർ മെനയുന്ന തന്ത്രങ്ങളിലാണ് പലപ്പോഴും എതിർ ടീമുകൾ സമ്മർദത്തിലാവാറുള്ളത്. പ്രതിരോധ നിരയിലടക്കം ടീമിനെ രക്ഷപ്പെടുത്താൻ മികച്ച താരങ്ങളുമുണ്ട്. മധ്യനിരയിൽ മികച്ച പാസുകൾ നൽകി കളിക്കാറുണ്ടെങ്കിലും ഫിനിഷിങ്ങിൽ നേരിടുന്ന പിഴവുകളാണ് ടീമിനെ പലപ്പോഴും പഴി കേൾപ്പിച്ചിട്ടുള്ളത്.
പോളണ്ടുമായുള്ള ആദ്യ മത്സരം മെക്സികോക്ക് ജയിക്കാനായാൽ തുടർന്ന് അർജന്റീനയെ മികച്ച ആത്മവിശ്വാസത്തോടെ നേരിടാനാകും. മൂന്നാം മത്സരം സൗദിയുമായാണ്. 1970ലും, 1986ലും ക്വാർട്ടർ ഫൈനൽ വരെ എത്തിയതാണ് ലോകകപ്പിൽ ടീമിന്റെ മികച്ച നേട്ടം. 11 തവണ കോൺകകാഫ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി. ഫിഫ കോൺഫെഡറേഷൻ കപ്പിൽ 1999ലും മുത്തമിട്ടു.
ആശാൻ
ലയണൽ മെസ്സിയുടെ നാടായ അർജന്റീനയിലെ റൊസാരിയോ നഗരത്തിൽ നിന്ന് ഉദയം കൊണ്ട ഫുട്ബാളർ ജെറാർഡോ മാർട്ടീനോയാണ് മെക്സികോയുടെ പരിശീലകൻ. മൈതാനത്ത് പന്തുതട്ടിയിരുന്ന കാലമത്രയും മിഡ് ഫീൽഡറായി ആക്രമണശൈലിയിൽ കളിച്ചിരുന്നയാളാണ് ഇദ്ദേഹം.
കാൽപന്തിനെ പ്രണയിക്കുന്നവരുടെ നാട്ടിൽ നിന്നൊരാൾ മെക്സിക്കൻ ടീമിന്റെ പരിശീലകനാവുമ്പോൾ ആരാധകർക്കിത് വലിയ പ്രതീക്ഷ നൽകുമെന്നതിൽ സംശയമില്ല. 1980ൽ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ തുടങ്ങിയ ഇദ്ദേഹത്തിന്റെ കളിയരങ്ങ് 1996 ൽ ബാഴ്സലോണ എസ്.സി വരെ നീണ്ടു.
ഏഴ് ടീമുകൾക്കായി പന്ത് തട്ടിയ ഇദ്ദേഹം 42 ഗോളുകളും നേടിയിട്ടുണ്ട്. 1991 മുതൽ അർജന്റീനയുടെ ദേശീയ ടീമിലും ജെറാർഡോ ഉണ്ടായിരുന്നു. 1998 മുതലാണ് ഫുട്ബാൾ പരിശീലന കളരിയെ നയിച്ചുതുടങ്ങിയത്. മികച്ച ടീമുകളായ ബാഴ്സലോണയെ 2013-2014ലും, 2014-2016വരെ അർജന്റീനയുടെയും പരിശീലകനായിരുന്നു.
2019 മുതലാണ് മെക്സികോ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ചുമതലയേറ്റ വർഷം തന്നെ മെക്സികോ ആദ്യമായി കോൺകകാഫ് കപ്പിൽ മുത്തമിട്ടു. ഫുട്ബാൾ രംഗത്തെ മികച്ച ശക്തികളിലൊന്നായ അർജന്റീനയുടെ തന്ത്രങ്ങളെയടക്കം പൂട്ടിക്കെട്ടാനുള്ള പരിശീലന മികവ് തന്റെ ടീമിന് പകർന്ന് നൽകാൻ ജെറാർഡോക്കായേക്കും.
ആക്രമണശൈലിയും, ടിക്കി ടാക്ക ശൈലിയുമെല്ലാം തന്റെ കാലുകളിൽ ആവാഹിച്ച ജെറാർഡോ മെക്സികോയെ ഖത്തറിലേക്ക് പാകപ്പെടുത്തുന്നത് മികച്ച രീതിയിലാകുമെന്നതിൽ സംശയമില്ല.
കുന്തമുന
മൈതാനത്ത് ബൂട്ടിട്ട കാലുകളുടെ താളത്തിനൊത്ത് ഉരുളുന്ന പന്തിനെ അവസരങ്ങൾക്കൊത്ത് അനായാസം തന്റെ വരുതിയിലാക്കാൻ കഴിവുള്ള 36കാരൻ ആന്ദ്രെസ് ഗ്വാർഡാഡോയാണ് മെക്സിക്കൻ ടീമിന്റെ നായകൻ.
2005ൽ പ്രഫഷനൽ ഫുട്ബാൾ കരിയർ ആരംഭിച്ച ആന്ദ്രെസിന് പ്രതിരോധ താരമായും മിഡ് ഫീൽഡറായും, വിംഗറായും, ലെഫ്റ്റ് ബാക്കിലുമെല്ലാം അനായാസം പന്തുതട്ടാനുള്ള കഴിവുണ്ട്. കരിയർ ആരംഭിച്ചതിനു ശേഷം വിവിധ മത്സരങ്ങൾക്കായി വിവിധ പൊസിഷനുകളിൽ കളിച്ചുള്ള ശീലമാണ് ആന്ദ്രെസിനുള്ളത്.
പ്രതിരോധനിരയെ നയിക്കാനും മികച്ച ക്രോസുകൾ നൽകാനുമുള്ള ഇദ്ദേഹത്തിന്റെ കഴിവ് മെക്സിക്കൻ ടീമിന് വലിയ ഗുണം ചെയ്യും. ഡ്രിബ്ളിങ്ങും, ഫ്രീ കിക്കും, പെനാൽറ്റിയുമെല്ലാം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന ആന്ദ്രെസിൽ തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ. മെക്സികോ ദേശീയ ടീമിനായി ഇതുവരെ 28 ഗോളുകളാണ് ഇദ്ദേഹം നേടിയത്.
മൂന്ന് തവണ മെക്സികോ കോൺകകാഫ് കിരീടം നേടിയപ്പോൾ ആന്ദ്രെസിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അറ്റ്ലസ് ടീമിൽ കരിയർ ആരംഭിച്ചപ്പോൾ തന്നെ മെക്സികോ ദേശീയ ടീമിലും ഇടം നേടി. നിലവിൽ ബെറ്റിസ് ക്ലബിലാണ് കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.