അമേരിക്കയും കടന്ന ഓറഞ്ച് കുതിപ്പ്
text_fieldsഖത്തര്‍ ലോകകപ്പിന്റെ അതിനാടകീയ ഗ്രൂപ് മാച്ചുകള്‍ കഴിഞ്ഞു. പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യമത്സരത്തില്‍ നെതര്‍ലാന്‍സ് അമേരിക്കയെ 3-1ന് പരാജയപ്പെടുത്തി. ഇത് വരെയുള്ള കളിതന്ത്രങ്ങളെല്ലാം പുതുക്കി പണിഞ്ഞ് മുമ്പോട്ട് പോവേണ്ട നോക്കൗട് റൗണ്ടില്‍ ഇരുടീമുകളും അതീവജാഗ്രതയോടെ തന്നെയാണ് കളിതുടങ്ങിയത്.
കളിയിലെ ആധിപത്യം പൂര്‍ണ്ണമായും നിലനിര്‍ത്താന്‍ ഹോളണ്ടിനെ സഹായിച്ചത് ഒമ്പതാം മിനുറ്റില്‍ പിറന്ന 21പാസുകള്‍ നിറഞ്ഞ മനോഹരമായ ആ ടീം ഗോളാണ്. തുടക്കത്തില്‍ പുലിസിചിന് ലഭിച്ച സുവര്‍ണാവസരം നഷ്ടപ്പെട്ടതിന്റെ ആഘാതം കൂട്ടാനും ആ ഗോള്‍ കാരണമായി. ആദ്യപകുതിയുടെ അവസാനസമയത്ത് ഡാലെ ബ്ലൈന്റ് ഡെംഫ്രൈസിന്റെ മികച്ചൊരു കട്ബാക് ഡെലിവറിക്ക് ക്ലിനികല്‍ കൃത്യതയുള്ള തൂവല്‍സ്പര്‍ശം നല്കി ഗോളിലേക്ക് തിരിച്ച് വിട്ടതോടെ ഡച്ചുകാര്‍ കളിയുടെ കടിഞ്ഞാണ്‍ മുറുക്കി.
രണ്ടാം പകുതിയിലും കളിഗതിയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഡച്ച് ഗോള്‍മുഖത്ത് നടന്ന ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ അമേരിക്ക അവരുടെ ആദ്യഗോളും, ഡാലേ ബ്ലൈന്റിന്റെ ആറ്റിക്കുറുക്കിയ ക്രോസ്ബോള്‍ ഡെലിവറിയില്‍ മനോഹരമായൊരു ടാപ്-ഇന്‍ ടച്ചിലൂടെ ഡെഫ്രൈസ് ഹോളണ്ടിന്റെ മൂന്നാം ഗോളും നേടി.
നോക്കൗട്ട് റൗണ്ടിനിറങ്ങിയ ഓറഞ്ച് പടയുടെ ഏറ്റവും മികച്ച ഗുണം ചാന്‍സുകളെ വലിയ പിഴവുകളില്ലാതെ ഗോളാക്കി മാറ്റുന്നുവെന്നതാണ്. ഒരു ടാര്‍ഗെറ്റ് സ്ട്രൈകര്‍ എന്നതിരുപരി പ്ലേമെയ്കിങ് ഫോര്‍വേഡുകളായ ഗോക്പെ, ഡീപേയ്, ബെര്ഗോവിന് എന്നിവരുടെ സാന്നിധ്യം എതിര്‍ഗോള്‍മുഖത്ത് കൂടുതല്‍തവണ പന്തില്‍ കളിക്കാന്‍ സഹായകമായെങ്കിലും അത്രമേല്‍ അപകടകരമായ അവസരങ്ങള്‍ തുറന്നെടുക്കാന്‍ പലപ്പോഴും അവര്‍ക്കായില്ല.
ഏറ്റവും കൗതുകകരമായി തോന്നിയത് തങ്ങളുടെ സ്വതസിദ്ധമായ പാസിങ് ഗെയിമിലൂടെ കളിനിയന്ത്രിക്കാറുള്ള ഹോളണ്ട് ഈ ടൂര്‍ണമെന്റില്‍ അതിന് പകരം എതിര്‍ടീമിന്റെ മൊമെന്റം ബ്രേക് ചെയ്തും, ഡിസ്പൊസിങില് കൂടുതല്‍ ശ്രദ്ധ ചെലുത്തിയും കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നതാണ്. ഇന്നത്തെ മത്സരം പരിശോധിച്ചാല്‍ 41% പൊസെഷനും, അമേരിക്കയേക്കൊള് 150ലധികം പാസുകളുടെ കുറവുമാണ് .
എതിര്‍ടീമില്‍ നിന്ന് തട്ടിയെടുക്കുന്ന പന്തുകളെ അതിവേഗം പാര്‍ശ്വങ്ങളിലേക്കോ ആക്രമണനിരയിലേക്കോ നല്കുന്ന കുറേക്കൂടി ഡെറക്റ്റ് ഫുട്ബോള്‍ ആണ് അവര്‍ കളിക്കുന്നത്. എടുത്ത് പറയേണ്ടത് ഇരുപാര്‍ശ്വങ്ങളിലും അസാധ്യപ്രകടനം നടത്തുന്ന ഡെംഫ്രൈസിന്റെയും ഡാലെ ബ്ലെന്റിന്റേയും, മൈതാനമധ്യത്തില്‍ ടീമിന്റെ ആക്രമണ-പ്രതിരോധകൈമാറ്റങ്ങളെ പൂര്‍ണ്ണമായും സന്തുലിതപ്പെടുത്തുന്ന ഡെയോങിന്റെയും സാന്നിധ്യമാണ്. ഇത് വരെയും അതിശക്തരായ വിഭവശേഷിയുള്ള ടീമുകള്‍ക്കെതിരെ ഏറ്റുമുട്ടേണ്ടി വന്നിട്ടില്ലാത്തതിനാല്‍ മുമ്പോട്ടുള്ള പ്രയാണം കാത്തിരുന്ന് കാണേണ്ടതാണ്.
അമേരിക്ക റെയ്നയെ പോലൊരു കളിക്കാരനില്ലാതെ ഫസ്റ്റ് ഇലവന് തെരെഞ്ഞെടുത്തതില്‍ കൗതുകം ആദ്യമേ തോന്നിയിരുന്നു. പുലിസിച് അവസരം നഷ്ടപ്പെടുത്തിയെങ്കിലും ഹോളണ്ടിനോട് കിടനില്ക്കാനുള്ള ഗെയിംപ്ലാന്‍ പതിയെ അവര്‍ പ്രവര്‍ത്തിപദത്തില്‍ എത്തിച്ചെങ്കിലും ഹോളണ്ടിന്റെ ആദ്യഗോള്‍ സാഹചര്യങ്ങളെ മാറ്റിമറിച്ചു. പലപ്പോഴും മധ്യനിരയില്‍ ഒരു ക്രിയേറ്റിവ് പ്ലെയറുടെ അസാന്നിധ്യം വല്ലാതെ മുഴച്ച് നിന്നു. ടീം പൂര്‍ണ്ണമായും ഒരു യൂണിറ്റായി പണിയെടുക്കുമ്പോഴും ലക്ഷ്യം കാണാനുള്ള പഴുതുകളെ നേടിയെടുക്കാന്‍ തക്ക 'എക്സ് ഫാക്റ്ററു'കളുള്ള കളിക്കാരില്ലാത്തതും തോല്‍വിയുടെ ആഘാതം വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.