സ്വപ്നങ്ങളുടെ അപാരതീരത്ത് സൗദി
text_fieldsദോഹ: 1994ൽ ആദ്യമായി ലോകകപ്പിനെത്തി പ്രീ ക്വാർട്ടറിൽ കടന്നവരാണ് സൗദി അറേബ്യക്കാർ. പിന്നീട് നാല് തവണ കൂടി യോഗ്യത നേടിയെങ്കിലും ഗ്രൂപ് റൗണ്ടിനപ്പുറത്തേക്ക് പോയില്ല. അയൽരാജ്യമായ ഖത്തറിലേക്ക് ആറാം ലോകകപ്പിനെത്തുമ്പോൾ ആഗ്രഹിച്ചതിലും വലിയൊരു നിധി അവിടെ കാത്തിരുന്നിരുന്നു.
ലോകഫുട്ബാളിലെ വമ്പന്മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചതിന്റെ ആഘോഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. രണ്ടാം മത്സരത്തിൽ പോളണ്ടിനോട് തോറ്റ് സൗദി മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ മൂന്നാമതാണെങ്കിലും നോക്കൗട്ട് എന്ന വലിയ സ്വപ്നത്തിൽ നിന്ന് തീരെ അകലെയല്ല.
ബുധനാഴ്ച മെക്സികോക്കെതിരെ ഇറങ്ങുമ്പോൾ മറ്റൊരു അട്ടിമറി നടന്നാൽ സൗദി അനായാസം പ്രീ ക്വാർട്ടറിലെത്തും. സമനിലയാണെങ്കിലും പ്രതീക്ഷയുണ്ട്. അർജന്റീന പോളണ്ടിനോട് തോറ്റാൽ മതി സൗദിക്ക് കയറാൻ.
സൗദി താരങ്ങളെ ലോകം മുഴുവൻ അറിയാൻ ഒരൊറ്റ ജയം കൊണ്ട് കഴിഞ്ഞെന്നും ചരിത്രം കുറിച്ചേ മടങ്ങൂവെന്നും പരിശീലകൻ ഹെർവ് റെനാർഡ് പറഞ്ഞു. ഒരു പോയന്റ് മാത്രമുള്ള മെക്സികോക്ക് വിജയത്തിൽ കുറഞ്ഞൊന്നും ആവശ്യമേയില്ല. എന്നാലും പോരാ, അർജന്റീന-പോളണ്ട് മത്സരത്തിന്റെ ഫലത്തെയും ആശ്രയിക്കണം.
ഇക്കുറി രണ്ട് മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും സ്കോർ ചെയ്യാനാവാത്ത ടീമാണ് മെക്സികോ. സൗദിയോട് അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ നാലിലും ജയിച്ചു. ഒന്ന് സമനിലയിലുമായി. ഇനിയും സാധ്യതകൾ അവശേഷിക്കുന്നുണ്ടെന്നും അതിലേക്ക് ശ്രമിക്കുമെന്നും മെക്സിക്കൻ കോച്ച് ടാറ്റ മാർട്ടിനോ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.