മധുരം നുണഞ്ഞുതുടങ്ങുമോ ഓറഞ്ച്?
text_fieldsദോഹ: കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലാത്ത നെതർലൻഡ്സിന് അതുകൊണ്ടുതന്നെ ഇത്തവണ ഏറെ തെളിയിക്കാനുണ്ട്. സൂപ്പർതാരങ്ങളില്ലെങ്കിലും കരുത്തുറ്റ, ഒത്തിണക്കമുള്ള സംഘമായെത്തുന്ന ഡച്ചുപട ഗ്രൂപ് എയിൽ ആദ്യ അങ്കത്തിനിറങ്ങുമ്പോൾ എതിരാളികൾ ആഫ്രിക്കൻ വീര്യവുമായെത്തുന്ന സെനഗാൾ.
മൂന്നു തവണ ലോകകപ്പിന്റെ ഫൈനലിലെത്തിയിട്ടും (1974, 1978, 2010) കൈവിട്ട കിരീടം ഇത്തവണയെങ്കിലും ആംസ്റ്റർഡാമിലെത്തിക്കാനുള്ള മോഹത്തിന് മധുരമേകണമെങ്കിൽ ഓറഞ്ചുസംഘത്തിന് ജയിച്ചുതന്നെ തുടങ്ങണം.
മാനെയില്ലാതെ
സൂപ്പർ താരം സാദിയോ മാനെ പരിക്കേറ്റു മടങ്ങിയതോടെ കരുത്തുകുറഞ്ഞെങ്കിലും വൻകര ചാമ്പ്യന്മാരായ സെനഗാളിനെ എഴുതിത്തള്ളാനാവില്ല. പരിചയസമ്പന്നനായ കോച്ച് അലിയു സിസെ അണിയിച്ചൊരുക്കുന്ന ടീം നിറയെ യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന താരങ്ങളാണ്.
ടീമിന്റെ നാഡിമിടിപ്പായിരുന്ന മാനെയുടെ അഭാവം ടീമിന് തിരിച്ചടിതന്നെയാണെന്ന് സിസെ സമ്മതിക്കുന്നു. എന്നാൽ, കളത്തിൽ പുലികളാവുന്ന മറ്റ് ഏറെ താരങ്ങൾ ഒപ്പമുണ്ട്. ഗോൾകീപ്പർ എഡ്വേർഡ് മെൻഡി, ക്യാപ്റ്റനും സ്റ്റോപ്പർ ബാക്കുമായ ഖാലിദു കൗലിബാലി, മധ്യനിരയിലെ ഇദ്‍രീസെ ഗ്വയെ, ഇസ്മാഈല സർ, മുൻനിരക്കാരായ ബാബ ഡിയെങ്, കെയ്റ്റ ബാൽഡെ തുടങ്ങിയവരൊക്കെ ഒന്നിനൊന്ന് മികച്ചവർ.
സെനഗാൾ കോച്ച് അലിയു സിസെ വാർത്തസമ്മേളനത്തിൽ
വാൻമാരുടെ ചിറകിൽ
2014 ലോകകപ്പിൽ ടീമിനെ സെമിഫൈനലിലെത്തിച്ച ലൂയി വാൻഹാലാണ് ഡച്ച് ടീമിന് തന്ത്രങ്ങളോതുന്നത്. നായകനും സ്റ്റോപ്പറുമായ വിർജിൽ വാൻഡൈകാണ് ടീമിലെ സൂപ്പർ താരം. മിഡ്ഫീൽഡിൽ ഫ്രാങ്കി ഡിയോങ്ങും മുൻനിരയിൽ മെംഫിസ് ഡിപായിയുമാണ് പ്രമുഖർ.
ഇതിൽ ഡിപായി പരിക്കിൽനിന്ന് പൂർണമായി മോചിതനായിട്ടില്ലാത്തതിനാൽ ഇന്ന് ഇറങ്ങിയേക്കില്ല. ഗോൾകീപ്പിങ്ങിലാണ് നെതർലൻഡ്സിന് പരിചയക്കുറവ്. പരിചയമേറെയുള്ള കാസ്പർ സില്ലിസൻ ടീമിലില്ല. ജസ്റ്റിൻ ബീലോയായിരിക്കും വലകാക്കുക. വാൻഡൈകിനൊപ്പം ജൂറിയൻ ടിംബർ, നതാൻ ആകെ, ഡെൻസൽ ഡംഫ്രൈസ്, ഡാലി ബ്ലിൻഡ് എന്നിവർ പ്രതിരോധത്തിലിറങ്ങും. മധ്യനിരയിൽ ഡിയോങ്ങിനൊപ്പം ഡാവി ക്ലാസനും സ്റ്റീവൻ ബെർഗൂയിസും. മുൻനിരയിൽ സ്റ്റീവൻ ബെർഗ്‍വിൻ, കോഡി ഗാക്പോ, ലൂക് ഡിയോങ് എന്നിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.