ദിവസം 8800 രൂപ! പറവകൾക്ക് തീറ്റ നൽകാൻ ഹിലാൽ ചെലവിടുന്ന തുക...
text_fieldsനജ്മയിലെ തിരക്കേറിയ ഹോട്ട് ബ്രഡ് ജങ്ഷനിലെ റൗണ്ട് എബൗട്ടിൽ പൊടുന്നനെയാണ് ആ കാഴ്ച കണ്ണിലുടക്കിയത്. നൂറുകണക്കിന് പ്രാവുകളുടെ വിശ്രമകേന്ദ്രമായ അവിടേക്ക് വലിയൊരു ചാക്ക് കൈയിലെടുത്ത് നീങ്ങുകയാണദ്ദേഹം. അയാളെത്തിയതും കാത്തിരുന്നെന്നോണം പ്രാവുകൾ കൂട്ടത്തോടെ അൽപം ഉയർന്നുപൊങ്ങി ആ മനുഷ്യനെ പൊതിഞ്ഞു. ആ ചാക്ക് പൊട്ടിച്ച് മുഴുവനായും അവിടെ വിതറി.
പ്രാവുകൾ മുഴുവൻ സന്തോഷത്തോടെ തീറ്റയിലായി. അവക്ക് തീറ്റ കൊടുത്ത് റോഡ് മുറിച്ചുകടന്ന് വാഹനത്തിലേക്കു നടക്കുന്നതിനിടെ അദ്ദേഹത്തെ പരിചയപ്പെടണമെന്ന് തോന്നി. ഈജിപ്തുകാരനാണ് മുഹമ്മദ് ഹിലാൽ. 20 വർഷമായി ദോഹയിൽ കഴിയുന്നു. നാലു വർഷമായി പ്രാവുകൾക്ക് എല്ലാ ദിവസവും തീറ്റ കൊടുക്കുന്നുണ്ട്.
എന്നാൽ, ഞെട്ടിച്ചത് അതൊന്നുമല്ല. ഇതേപോലെ ദോഹ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു സ്ഥലങ്ങളിൽ അദ്ദേഹം 23 കിലോ വരുന്ന ഓരോ ചാക്ക് തീറ്റ പ്രാവുകൾക്ക് നൽകുന്നു. താമസിക്കുന്ന വീടിനു മുകളിലും തീറ്റ വിതറുന്നുണ്ട്.
ഒരു ദിവസം ഇതുപോലുള്ള എട്ടു ചാക്ക് തീറ്റയാണ് നൽകുന്നത്. ഒരു ചാക്കിന് എത്ര വിലയാകുമെന്നറിയാനായിരുന്നു താൽപര്യം. 50 ഖത്തരീ റിയാൽ വരുമെന്ന് അദ്ദേഹത്തിന്റെ മറുപടി. ഒരു ചാക്കിന് 50 റിയാലെങ്കിൽ എട്ടു ചാക്കിന് മൊത്തം 400 റിയാൽ. ഏകദേശം 8800 രൂപ വരുമിത്.
ഒരു ദിവസം മാത്രം മുഹമ്മദ് ഹിലാൽ പറവകൾക്കു നൽകുന്ന തീറ്റക്ക് വരുന്ന ചെലവാണിത്. അങ്ങനെയെങ്കിൽ വെറുതെയൊന്ന് കൂട്ടിനോക്കി. നാലു വർഷത്തേക്ക് ചെലവിട്ടത് 4,22,400 രൂപ. ഇങ്ങനെ ചെയ്യാനുള്ള പ്രേരണ എന്തെന്ന് ചോദിച്ചപ്പോൾ എല്ലാ ജീവജാലങ്ങളോടും നാം കരുണയുള്ളവരാകണമെന്ന് ഹിലാൽ പറയും.
ദൈവം നമ്മോട് എത്രയോ കരുണ കാണിക്കുന്നുണ്ട്. നമുക്ക് സമ്പത്തും ഐശ്വര്യവും നൽകുന്നത് അവനാണ്. അതിൽനിന്നൊരു ഭാഗം പറവകൾക്കും മറ്റു ജീവജാലങ്ങൾക്കുമൊക്കെ നൽകുമ്പോൾ ദൈവം നമ്മുടെ മേലും ഏറെ കരുണ ചൊരിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദോഹയിൽ ഇൻഷുറൻസ് കമ്പനി നടത്തുകയാണിദ്ദേഹം.
നേരത്തേ, ഫാർമസിസ്റ്റായാണ് ജോലി നോക്കിയിരുന്നത്. പിന്നീട് ബിസിനസിലേക്ക് മാറുകയായിരുന്നു. നിങ്ങൾക്ക് നല്ലൊരു ഹൃദയമുണ്ടെങ്കിൽ നിങ്ങൾ എല്ലാവർക്കും നല്ലവനായി മാറുമെന്ന് അദ്ദേഹം പറയുന്നു. പറയുക മാത്രമല്ല, അതിഗംഭീരമായി ജീവിതത്തിൽ പകർത്തിക്കാട്ടുകയും ചെയ്യുന്നു.
ഇന്ത്യക്കും ഈജിപ്തിനും ഒരേ സംസ്കാരമാണെന്നാണ് ഹിലാലിന്റെ നിരീക്ഷണം. രണ്ടിടത്തും കുറെ പണം കൈവശം വെക്കുന്ന കുറച്ചുപേരും കുറച്ചുപണം മാത്രമുള്ള കുറേപ്പേരും. അതുകൊണ്ട് സമ്പത്ത് പങ്കിടണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. ഈജിപ്തിലെ തന്റെ ഗ്രാമത്തിന്റെ സൗഖ്യം ഏറ്റെടുത്തിരിക്കുകയാണ് താനെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.