പന്തുരുളുന്നിടത്തെല്ലാമുണ്ട് കറാമെലോ
text_fieldsദോഹ: ബുധനാഴ്ച രാത്രിയിലെ ബെൽജിയം-കാനഡ മത്സരം കഴിഞ്ഞ് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽനിന്ന് മെട്രോ സ്റ്റേഷനിലേക്ക് ജനസാഗരമൊഴുകുകയാണ്. പൂരപ്പറമ്പിലെന്നപോലെ, കളി കഴിഞ്ഞിട്ടും അവസാനിക്കാത്ത ആഘോഷക്കാഴ്ചകൾ.
ഒരു ഗോളിന് കഷ്ടിച്ച് ജയിച്ചതിന്റെ ആശ്വാസത്തിൽ ബെൽജിയം ആരാധകരും ജയിക്കാമായിരുന്നു മത്സരം കൈവിട്ടതിന്റെ നിരാശയിൽ കാനഡക്കാരും പരസ്പരം ആശ്വസിപ്പിച്ച് നീങ്ങുന്നു. ഫോട്ടോ പകർത്തലും കലാപരിപാടികൾ ആസ്വദിക്കലുമായി ജനാരവം നീങ്ങുന്നതിനിടെയാണ് സ്റ്റേഡിയത്തിന്റെ മറ്റൊരു കോണിൽ ഒരു വിശിഷ്ടാതിഥിയെ ആരാധകർ വട്ടംചുറ്റിയത് ശ്രദ്ധയിൽപെടുന്നത്.
എത്തിനോക്കിയപ്പോൾ, ഖത്തറിന്റെ വേദികളിൽ മുമ്പും കണ്ടുപരിചയമുള്ള മുഖം. കൂറ്റൻ വട്ടത്തൊപ്പിയും ഒരു മേൽക്കുപ്പായവുമായി ആള് കളർഫുൾ. 'കറാമെലോ മെക്സികോ' എന്ന എഴുത്തുകണ്ടപ്പോൾ ആളെ പിടികിട്ടി. കാൽപന്തുവേദികളിലെ സൂപ്പർ ഫാൻ മെക്സികോയിൽ നിന്നുള്ള ഹെക്ടർ ചാവേസ് എന്ന കറാമെലോ.
കഴിഞ്ഞ വർഷം നടന്ന ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടനവേദിയായ അൽ ബെയ്ത് സ്റ്റേഡിയത്തിലും ജൂണിൽ നടന്ന ഇൻറർകോണ്ടിനെൻറൽ േപ്ലഓഫ് മത്സര വേദിയിലും കറാമെലോയെ കണ്ടിരുന്നു. ഇത്തവണ ലോകകപ്പിനെത്തിയപ്പോൾ അച്ഛന്റെ അതേ വേഷത്തിൽ മകനുമുണ്ട്.
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഫാൻ ലീഡർമാരിൽ ഒരാൾകൂടിയായ കറാമെലോ ഫിഫയുടെ തന്നെ ആഗോള പ്രശസ്തനായ ആരാധകനാണ്. തെക്കനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള ആരാധകരാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിനു സമീപം കറാമെലോയെ ചുറ്റുന്നത്. മാറി മാറി ഓരോരുത്തരായി ചിത്രമെടുത്ത് മൊബൈലിൽ പകർത്തുന്നു. ഇതു കണ്ട് മറ്റു പലനാട്ടുകാരും ഒപ്പമെത്തി സെൽഫി പകർത്തുന്നു.
എല്ലാവരോടും പുഞ്ചിരിച്ചും ഫോട്ടോക്ക് പോസ് ചെയ്തും കറാമെലോ മെക്സികോ സോക്കർ കലണ്ടർ കാർഡും സമ്മാനിക്കുന്നു. കുപ്പായത്തിൽ മെക്സികോയും തൊപ്പിയിൽ കാനഡ, ബെൽജിയം എന്നെഴുതിയുമാണ് അച്ഛനും മകനും കഴിഞ്ഞ ദിവസത്തെ മത്സരത്തിനെത്തിയത്.
മെക്സികോ മുതൽ ഖത്തർ വരെ
മറഡോണയുടെ മാജിക് കണ്ട 1986ലെ മെക്സികോ ലോകകപ്പ് മുതലാണ് ഹെക്ടർ ചാവേസ് ഗാലറിയുടെ ആവേശക്കാഴ്ചയായി മാറുന്നത്. മെക്സിക്കൻ ടീമിനെ പിന്തുണക്കാനെത്തിയ യുവാവ് വേഷവും ആരവവുംകൊണ്ട് ആരാധകരുടെയും ടീമിന്റെയും ശ്രദ്ധകവർന്നു. പിന്നെ, ലോകത്തിന്റെ ഏതു കോണിൽ മെക്സികോ കളിക്കുമ്പോഴും ഇദ്ദേഹമെത്തും.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ഹെക്ടർ കളികാണാൻ വേണ്ടിയാണ് ഇപ്പോൾ ജോലിചെയ്യുന്നതും സമ്പാദിക്കുന്നതും. 1986ൽ പിതാവ് നൽകിയ ഒരു ഓഫറിൽ തുടങ്ങിയ ലോകകപ്പ് യാത്ര, പിന്നീട് മുടങ്ങിയില്ല. 1990 ഇറ്റലി, 1994 അമേരിക്ക, 1998 ഫ്രാൻസ്, 2002 കൊറിയ-ജപ്പാൻ, 2006 ജർമനി, 2010 ദക്ഷിണാഫ്രിക്ക, 2014 ബ്രസീൽ, 2018 റഷ്യ ഇങ്ങനെ പോവുന്നു യാത്രകൾ.
അതിനിടയിൽ ക്ലബ് ഫുട്ബാളിനും കോപ അമേരിക്കയിലും മെക്സികോ ദേശീയ ടീമിന്റെ മറ്റു മത്സരങ്ങളിലുമെല്ലാമുണ്ട്. 2013ൽ ലോകകപ്പ് യോഗ്യത മത്സരത്തിനായി മെക്സികോ ന്യൂസിലൻഡിൽ കളിക്കാൻ പോയപ്പോൾ 24 മണിക്കൂർ യാത്രചെയ്ത് കറാമെലോ അവിടെയുമെത്തി. ഇപ്പോൾ മെക്സികോ ഫുട്ബാൾ ഫെഡറേഷന്റെ ടിക്കറ്റും ഹോട്ടൽ ഡിസ്കൗണ്ടും ഉൾപ്പെടെ നിരവധി സൗകര്യങ്ങളുണ്ട്.
ജോലിയുള്ളപ്പോൾ പരമാവധി പണിയെടുത്ത് സമ്പാദിക്കുക. ഫുട്ബാൾ സീസൺ തുടങ്ങിയാൽ നാടുചുറ്റുക. ഇതാണ് പോളിസി. ഖത്തർ ലോകകപ്പിലേക്കുള്ള ഒരുക്കത്തിനിടയിലാണ് സുപ്രീം കമ്മിറ്റി ഹെക്ടർ കറാമലോയെ ഫാൻലീഡറായി നിയമിച്ചത്. ഇതോടെ, അറബ് മണ്ണിലെ ലോകകപ്പിന് ഇദ്ദേഹം മുഖ്യാതിഥികൂടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.