വൻകര സിദ്ധാന്തങ്ങൾ മാറുന്നു
text_fieldsഫുട്ബാളിൻെറ നടപ്പുശീലങ്ങളെയും അധികാര ഘടനയെയും തിരുത്തിയെഴുതിയാണ് ഖത്തറിൽ ലോകകപ്പിന് വിസിലുയർന്നത്. 'പോസ്റ്റ് കൊളോണിയൽ' ലോകത്തെ അടയാളപ്പെടുത്തുന്ന ഖത്തറിൻെറ മുദ്രാവാക്യങ്ങൾക്കൊപ്പം കളിക്കളങ്ങളും കൂടെ നിന്നു. അവസാനത്തെ എട്ടു ടീമുകളിൽ യൂറോപ്പിലെയും ലാറ്റിന അമേരിക്കയിലെയും പരമ്പരാഗത വമ്പൻമാർ അണിനിരന്നിട്ടുണ്ടെങ്കിലും കൂടെ കസേര വലിച്ചിരിക്കുന്ന മൊറോക്കോ പതിവുസമവാക്യങ്ങളെ തിരുത്തിയെഴുതുന്നു.
യൂറോപ്പിന് ഷോക്ക്
13 രാജ്യങ്ങളുമായി വന്നിറങ്ങിയ യൂറോപ്പിന് അപ്രതീക്ഷിത തിരിച്ചടികളാണ് ഖത്തർ കാത്തുവെച്ചത്. ഫേവറിറ്റുകളുടെ ലിസ്റ്റിലുണ്ടായിരുന്ന ജർമനിയും സ്‍പെയിനും ബെൽജിയവും ഇതിനോടകം മടങ്ങി.
കറുത്ത കുതിരകളാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ഡെന്മാർക്ക് ഒരു മത്സരം പോലും വിജയിച്ചില്ല. വെയിൽസിനും സെർബിയക്കും ഓർക്കാനൊന്നുമില്ല. സ്വിറ്റ്സലൻഡും പോളണ്ടും പ്രീക്വാർട്ടർ വരെ കഷ്ടിച്ചു പിടിച്ചുനിന്നു. അവസാന എട്ടിലുള്ള പോർച്ചുഗലിന് ദക്ഷിണ കൊറിയയും അജയ്യരായി മുന്നേറുന്ന ഫ്രാൻസിന് തുനീഷ്യയും അപ്രതീക്ഷിതമായി മുറിവേൽപ്പിച്ചു. ഇംഗ്ലണ്ടും നെതർലൻഡ്സുമാണ് തോൽവിയുടെ വേദനയറിയാതെ ശേഷിക്കുന്നത്.
ശക്തരായ ഫ്രാൻസും ഇംഗ്ലണ്ടും ക്വാർട്ടറിൽ നേർക്കുനേർ വരുന്നത് കിരീട സാധ്യതയുള്ള ഒരു ടീമിനെ കുറക്കുന്നുണ്ട്. യൂറോപിൻെറ പ്രൊഫഷണിസത്തിന് ഏഷ്യയിലും ആഫ്രിക്കയിലെയും പുതുശക്തികൾ തുരങ്കം വെക്കുന്നത് ഞെട്ടലോടെ അവർ തിരിച്ചറിയുന്നു. സ്പാനിഷ് ടിക്കി ടാക്കയും ജർമനിയുടെ ടെക്നിക്കൽ ഫുട്ബാളും വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു.
ക്ലബ് ഫുട്ബാളിൻെറ തിരക്കിൽ നിന്നും ഒത്തിണങ്ങാനെടുത്ത കാലതാമസമാണ് വീഴ്ചകൾക്കുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. ലോകകപ്പ് ഉയർത്താനുള്ള ശക്തമായ സാധ്യത യൂറോപ്യൻ രാജ്യങ്ങൾക്ക് ശേഷിക്കുമ്പോഴും ആകെത്തുകയിൽ വിചിന്തനങ്ങൾക്കുള്ള വിളി വാതിലിൽ മുട്ടുന്നു.
ആടിയുലഞ്ഞും പൂത്തുലഞ്ഞും ലാറ്റിനമേരിക്ക
സൗദി അറേബ്യൻ ഫാൽക്കണുകളിൽ നിന്നേറ്റ കൊത്തുകളിൽ നിന്ന് അർജൻറീനയും കാമറൂൺ തന്ന ഇഞ്ചുറി ഷോക്കിൽ നിന്ന് ബ്രസീലും അത്ര വേഗം മുക്തരാകാനിടയില്ല. എങ്കിലും ലോകമെമ്പാടുമുള്ള ആരാധകരിൽ വിരുന്നൊരുക്കാൻ ഇരുവർക്കുമായി.
ദക്ഷിണ കൊറിയക്കെതിരെ പ്രീക്വാർട്ടറിൽ ബ്രസീലിയൻ ജൊഗൊ ബൊണിറ്റോയുടെ ഫിലോസഫി എന്താണെന്ന് ലോകം ഒരിക്കൽ കൂടി അറിഞ്ഞപ്പോൾ ആദ്യ മത്സരത്തിലെ ഷോക്കിന് ശേഷം ആക്രമണോത്സുകവും വശ്യമനോഹരവുമായ ഫുട്ബാളുമായി അർജൻറീനയും കളം നിറഞ്ഞു. കളിയഴകിൽ കാര്യമായ വിട്ടുവീഴ്ചകളില്ലാതെ തന്നെയാണ് ഇരുടീമുകളും ക്വാർട്ടറിൻെറ വാതിൽ പടിയിൽ നിൽക്കുന്നത്.
സൗത്ത് അമേരിക്കയിലെ മൂന്നാമൻമാരയ ഉറുഗ്വായ് ആകട്ടെ ഏറെക്കാലത്തിന് ശേഷം പ്രീക്വാർട്ടർ കാണാതെ മടങ്ങി. ഏതാനും മിന്നലാട്ടങ്ങൾ മാത്രം ശേഷിപ്പിച്ചാണ് എക്വഡോർ ഖത്തറിനോട് ബൈ പറഞ്ഞത്.
മൊറോക്കോയിലൂടെ തലയുയർത്തി ആഫ്രിക്ക
ബ്രസീലിനെ തോൽപ്പിച്ച കാമറൂണിന്, ഫ്രാൻസിനെ തോൽപ്പിച്ച തുനീഷ്യക്ക്, ഗ്രൂപ്പ് ഘട്ടം കടന്ന സെനഗാളിന്, പൊരുതി നിന്ന ഘാനക്ക്...ഖത്തറിലെത്തിയ ആഫ്രിക്കൻ രാജ്യങ്ങൾക്കെല്ലാം നല്ല ഓർമകളുണ്ട്. പക്ഷേ തൊട്ടതെല്ലാം ഓർമയാക്കിയത് മൊറോക്കോ മാത്രം. ഗ്രൂപ്പിൽ ക്രൊയേഷ്യയോട് അടിച്ചുനിന്ന മൊറോക്കോ അടുത്ത മത്സരത്തിൽ ബെൽജിയത്തെ നിലംതൊടിക്കാതെ പറത്തി.
പ്രീക്വാർട്ടറിൽ സ്പാനിഷ് ടിക്കിടാക്കക്ക് കൂച്ചുവിലങ്ങിട്ട മൊറോക്കോ ഇതിനോടകം തന്നെ ടൂർണമെന്റ് അവിസ്മരണീയമാക്കി. ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗാളിൽ നിന്നും കൂടുതൽ പ്രതീക്ഷ വെച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. ഘാനയുടെ മുഹമ്മദ് ഖുദുസിനെപ്പോലെയുള്ള ഏതാനും താരങ്ങളെ ലോകത്തിന് മുന്നിൽ ഡിസ്േപ്ല ചെയ്തുകൊണ്ട് കൂടിയാണ് ആഫ്രിക്കയുടെ മടക്കം.
ഏഷ്യക്ക് അഭിമാനം
ആതിഥേയരുടെ നിരാശ മാറ്റി നിർത്തിയാൽ ഏഷ്യക്ക് നാളെകളിൽ അഭിമാനമായി മാറുന്നതാണ് ഖത്തർ ലോകകപ്പ്. പന്ത് തട്ടി വളർന്നുവരുന്ന ഏഷ്യയിലെ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്ന ഫലങ്ങൾ. ഒരുമിച്ച് ഒരു ടീമിൽ ദീർഘകാലമായി കളിക്കുന്നതിൻെറയും എതിർടീമിൻെറ പ്രകടനങ്ങളെ ടെക്നോളജിയുടെ സഹായത്തോടെ പഠിച്ചുകൊണ്ടുള്ള പരിശീലനരീതിയും കാര്യമായ ഫലം നൽകിയെന്ന് കാണാം.
ജപ്പാനെയും സ്‍പെയിനെയും കൃത്യമായ കാൽകുലേഷനിലൂടെ മറികടക്കുകയും ക്രൊയേഷ്യക്ക് മുന്നിൽ വീരമരണം പ്രാപിക്കുകയും ചെയ്ത ജപ്പാൻ തന്നെയാണ് ഏഷ്യയുടെ അമരത്ത്. ബ്രസീൽ ബ്രസീലായ രാത്രിയിൽ പകച്ചുപോയെങ്കിലും ദക്ഷിണ കൊറിയ
പറങ്കികളെ വീഴ്ത്തി വമ്പുകാട്ടി. ലോകത്തിനാകെ ഷോക്ക് നൽകിയാണ് സൗദി അറേബ്യ കളം വിട്ടത്. ആദ്യ മത്സരത്തിൽ ഇംഗ്ലീഷുകാരോട് നാണം കെട്ടെങ്കിലും തൊട്ടടുത്ത മത്സരത്തിൽ വെയിൽസിനെ തകർത്ത് ഇറാനും പിടിച്ചുനിന്നു. കളിയെക്കാളേറെ രാഷ്ട്രീയം സംസാരിച്ചുകൊണ്ടുകൂടിയാണ് ഇറാൻ കളം വിട്ടത്. ഏഷ്യയുടെ കൂട്ടയിൽ മുട്ടയിടുന്ന ആസ്ട്രേലിയക്കും നല്ല സമയം. 2006ന് ശേഷം ആദ്യമായി ഗ്രൂപ്പ് കടന്ന സോക്കറൂസ് അർജന്റീനയെ വിറപ്പിച്ചാണ് മെൽബണിലേക്ക് തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.