ലോകമേ, ഖത്തർ വിളിക്കുന്നു
text_fieldsസ്വപ്നങ്ങളുടെ ആകാശത്തുനിന്ന് ആവേശത്തിരകൾക്കു മീതെ പറന്നിറങ്ങിയത് കളിയുടെ കനകപോരാട്ടങ്ങളുടെ വിസ്മയഭൂമിയിലേക്ക്. ൈഫ്ലറ്റിന്റെ 'ഡഗ്ഔട്ടി'ൽനിന്ന് പ്രതീക്ഷകളുടെ ജഴ്സിയണിഞ്ഞ് പുറത്തെത്തിയപ്പോൾ കണ്ണുകൾ ആദ്യം തിരഞ്ഞത് ലോകകപ്പിന്റെ സൂചനകളിലേക്കായിരുന്നു. കണക്കുകൂട്ടൽ തെറ്റിയില്ല. ഹമദ് എയർപോർട്ടിലെങ്ങും വിശ്വമേളയിലേക്ക് സ്വാഗതമോതിയുള്ള വർണമനോഹര അടയാളങ്ങൾ. ലോകകപ്പ് ഒഴികെയുള്ള മറ്റു സന്ദർശകർക്ക് നിയന്ത്രണമുള്ളതിനാൽ വലിയ തിരക്കൊന്നുമില്ല. എമിഗ്രേഷൻ കൗണ്ടറിൽ ഒരു അറബി പുഞ്ചിരിയോടെ ആനയിച്ചു. ഫിഫ മീഡിയ അക്രഡിറ്റേഷൻ ഹയാ കാർഡ് കണ്ടതോടെ എല്ലാം അതിവേഗത്തിൽ. ഒരു മിനിറ്റിനകം 'ഫിനിഷ്' എന്നു പറഞ്ഞ് രേഖകൾ തിരിച്ചുനൽകി. പുറത്തേക്കുള്ള വഴിക്കരികെ ഖത്തർ മൊബൈൽ കമ്പനിയായ 'ഉരീദു'വിന്റെ കൗണ്ടർ. ഹയാ കാർഡുള്ളവർക്കെല്ലാം സിം സൗജന്യം. സിം വേണോ എന്ന ചോദ്യവുമായി ഒരു പെൺകുട്ടിയെത്തി. എവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ ഇന്ത്യയിൽനിന്നാണെന്ന് മറുപടി നൽകി. ഉടൻ, 'കേരളത്തിൽനിന്നാണോ' എന്ന് മലയാളത്തിൽ മറുചോദ്യം. പുതിയ സിംകാർഡെടുത്ത് പുറത്തുകടന്നു.
അകത്തു മാത്രമല്ല പുറത്തും ലോകകപ്പ് തിളങ്ങുന്നു. എല്ലായിടത്തും ബോർഡുകളും തോരണങ്ങളുമൊക്കെ. വെസ്റ്റ് പാർക്കിങ് ഏരിയയിൽ ഗൾഫ് മാധ്യമത്തിലെ സഹപ്രവർത്തകൻ ഹുബൈബിനെ കാത്തിരിക്കുമ്പോൾ 'യു ആർ ഫ്രം?' എന്നൊരു ചോദ്യം. വാഹനങ്ങൾക്ക് ദിശ പറഞ്ഞുകൊടുക്കുന്ന യുവാവാണ്. യുഗാണ്ടക്കാരനായ നെൽസൺ. മൂന്നു വർഷമായി ഖത്തറിലെത്തിയിട്ട്. വാഹനങ്ങൾക്ക് സിഗ്നൽ നൽകുന്നതിന്റെ ഇടവേളയിൽ കുശലംപറയാൻ നെൽസണിന് ഏറെ താൽപര്യം. നാട്ടിൽ പന്തുകളിക്കാരനായിരുന്നു. ലോകകപ്പിനൊരുങ്ങുന്ന ഖത്തറിൽ ജോലിസാധ്യതയുണ്ടാകുമെന്നറിഞ്ഞ് എത്തിയതാണ്. ലോകകപ്പിൽ ആരു ജയിക്കാനാണ് ആഗ്രഹമെന്നതിന് 'അർജന്റീന' എന്ന് നെൽസണിന്റെ ഉത്തരം. ലയണൽ മെസ്സിക്കൊരു ലോകകപ്പ് കിട്ടണമെന്ന് വിശദീകരണവും.
വീഥികൾ വിശ്വമേളയിലേക്കു തുറക്കുന്ന കാഴ്ചകളാണെങ്ങും. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ നിറങ്ങൾ എടുത്തണിഞ്ഞ കൂറ്റൻ പന്തുകൾ റോഡരികിൽ സ്ഥാനംപിടിച്ചിരിക്കുന്നു. പാതയോരത്ത് പൂത്തുനിൽക്കുന്ന ബോഗൻവില്ലകളുടെ നിറപ്പകിട്ടിനെ വെല്ലുന്ന രീതിയിൽ വിവിധ ടീമുകളുടെ പതാകകൾ പാറിക്കളിക്കുന്നു. അതുമല്ലെങ്കിൽ ആവേശം നിറക്കാൻ വിശേഷണപദങ്ങൾ ആലേഖനംചെയ്ത ബാനറുകൾ ആംഗലേയത്തിലും അറബിയിലും. എവിടെത്തിരിഞ്ഞാലും ലോകകപ്പിനെ അടയാളപ്പെടുത്തുന്ന എന്തെങ്കിലുമൊന്നുണ്ട്. 'നിരത്തിലില്ലെങ്കിൽ നിർമിതിയിലുണ്ട്' എന്ന രീതിയിൽ പലയിടത്തും കൂറ്റൻ കെട്ടിടങ്ങളിൽ താരങ്ങളുടെ പൂർണകായ ചിത്രങ്ങൾ. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ പെലെയും മറഡോണയും മുതൽ മെസ്സിയും ക്രിസ്റ്റ്യാനോയും വരെ ഭിത്തിയിൽനിന്ന് നമ്മളെ നോക്കിയിരിക്കുന്നു.
ആഘോഷങ്ങളിലേക്ക് ഖത്തറിന്റെ കളിമുറ്റമാണ് കോർണിഷ്. അറബ്യൻ ഉൾക്കടലിന്റെ ചാരെ ആവേശങ്ങൾക്കൊരു അരങ്ങ്. ഇസ്ലാമിക് ആർട്ട് മ്യൂസിയം മുതൽ ഷെറാട്ടൺ ഹോട്ടൽ വരെ ആറു കിലോമീറ്ററിലേറെ ദൂരത്തിൽ കാഴ്ചകളുടെ ദൃശ്യചാരുതയൊരുക്കി രാവിലും തുറന്നിരിക്കുകയാണ് ഈ 'തീരദേശ നടപ്പാത'. ഈന്തപ്പനയോലയുടെ ആകൃതിയിൽ പ്രഭ പരത്തി കമനീയമായ തെരുവുവിളക്കുകൾ. കളിയിലേക്കുള്ള സമയദൂരം അടയാളപ്പെടുത്തുന്ന കൗണ്ട്ഡൗൺ ക്ലോക്കിനരികെ അർധരാത്രിയിലും ചിത്രം പകർത്താൻ വിവിധ രാജ്യക്കാരായ ആരാധകരുടെ തിരക്ക്. ഇരുമ്പിൽ തീർത്ത 'ഫിഫ വേൾഡ്കപ്പ് ഖത്തർ 2022' എന്ന് ഇംഗ്ലീഷിൽ തീർത്ത കൂറ്റൻ കട്ടൗട്ടിനു മുന്നിലും ആളുകളേറെ. അതേ മാതൃകയിൽ, വഴിയരികിലെ പുൽത്തകിടിയിൽ 32 ടീമുകളുടെയും പേരുകളെഴുതിയ കട്ടൗട്ടുകൾ. നടപ്പാതക്കക്കരെ വെസ്റ്റ് ബേയിലെ പടുകൂറ്റൻ കെട്ടിടത്തിലൊന്നിലെ ഭീമൻ സ്ക്രീനിൽ ആ പാതിരാത്രിയിലും ഒരു കളിക്കാരൻ വലയിലേക്ക് അക്രോബാറ്റിക് ഷോട്ടുതിർക്കുന്നു. കാഴ്ചകളുടെ വൈവിധ്യമൊരുക്കി കോർണിഷ് ലോകത്തെ ക്ഷണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.