Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightആരാധകരേ ശാന്തരാകുവിൻ

ആരാധകരേ ശാന്തരാകുവിൻ

text_fields
bookmark_border
ആരാധകരേ ശാന്തരാകുവിൻ
cancel
camera_alt

ല​യ​ണ​ൽ മെ​സ്സി

കാശനീലയും വെള്ളയും കലർന്ന കുപ്പായമണിഞ്ഞ് മൈതാനത്ത് പന്തിനു പിന്നാലെ പായാനും മൂന്നാമതൊരു ലോകകപ്പ് കിരീടം സ്വന്തമാക്കാനുമായി അർജന്റീനക്കാർ ഇത്തവണയും ഖത്തറിലെത്തും.

യോഗ്യതാമത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ലോക ഫുട്ബാൾ ആരാധകരുടെ ഇഷ്ടടീമായ അർജന്റീന ലോകകപ്പിനെത്തുമ്പോൾ ആരാധക മനസ്സുകളിൽ ആവേശവും പ്രണയവും ഒരുപോലെ അലയടിക്കും. ചിലിയെ 2-1ന് പരാജയപ്പെടുത്തിയാണ് ഖത്തർ ലോകകപ്പിന് അർജന്റീന രണ്ടാമതായി യോഗ്യത നേടിയത്. 13ാം തവണയാണ് അർജന്റീന ലോകകപ്പ് യോഗ്യത നേടുന്നത്.

ഫുട്ബാളിനെ അത്രമേൽ പ്രണയിക്കുന്നവരുടെ നാട്ടിൽനിന്ന് ഖത്തറിലേക്ക് അർജന്റീനക്കാർ പന്തുതട്ടാനെത്തുമ്പോൾ ഇടംകാലൻ മായാജാലക്കാരനെന്നും മിശിഹായെന്നും വിശേഷണമുള്ള ലയണൽ മെസ്സിയുടെ കാൽപാദങ്ങളിലേക്കായിരിക്കും ലോക ഫുട്ബാൾ ആരാധകരുടെ മുഴുവൻ ശ്രദ്ധയും.

മുന്നേറ്റതാരം പൗളോ ഡിബാല, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, മിഡ്ഫീൽഡർ എയ്ഞ്ചൽ ഡിമരിയ, പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസ് തുടങ്ങി കാൽപന്തുകൊണ്ട് വിസ്മയം തീർക്കുന്നവരുടെ താരനിരതന്നെ അർജന്റീനക്കുണ്ട്. എന്നാൽ, 1986ൽ മെക്സികോയിൽ നടന്ന ലോകകകപ്പിനുശേഷം അർജന്റീനക്ക് ലോകകപ്പ് കിരീടം നേടാനായിട്ടില്ല.

ചെറിയ പിഴവുകളിൽപോലും നിരവധി പഴികേൾക്കലുകളും ടീം നേരിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പ് കിരീടം അർജന്റീന സ്വന്തമാക്കുമെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള സ്റ്റോക്ക് ബ്രോക്കറിന്റെ പ്രവചനം. രണ്ടു തവണ ലോകകപ്പ് കിരീടവും 15 തവണ കോപ അമേരിക്ക കിരീടവും അർജന്റീന സ്വന്തമാക്കിയിട്ടുണ്ട്.

1930ലെ ലോകകപ്പിൽ അർജന്റീന ഫൈനലിൽ ഉറുഗ്വായിയോട് 4-2ന് പരാജയപ്പെട്ടു. 1978ൽ നെതർലൻഡ്സിനെ ഫൈനലിൽ 3-1ന് പരാജയപ്പെടുത്തിയാണ് ആദ്യമായി ലോകകപ്പ് കിരീടമണിഞ്ഞത്. 1986ൽ വീണ്ടും ഫൈനലിലെത്തിയപ്പോൾ പശ്ചിമ ജർമനിയെ 3-2ന് തോൽപിച്ചാണ് രണ്ടാമത് ലോകകപ്പിൽ മുത്തമിട്ടത്.

ഡീഗോ മറഡോണയുടെ വിസ്മയിപ്പിക്കുന്ന ഫുട്ബാൾ മാന്ത്രികതയിൽ അത്ഭുതംകൂറിയ ലോകജനത അർജന്റീനക്കാരുടെ കടുത്ത ആരാധകരായി മാറി. എന്നാൽ, മറഡോണക്കുശേഷം മെസ്സിയിൽ ടീം വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും ഇതുവരെ ലോകകപ്പ് ഉയർത്താനായിട്ടില്ല. 1990ൽ ഫൈനൽ കളിച്ചശേഷം 2014ലാണ് വീണ്ടും ഫൈനലിലെത്തിയത്.

ലോകകപ്പിൽ അർജന്റീന മുത്തമിടുമെന്ന് തികഞ്ഞ പ്രതീക്ഷയോടെ ശ്വാസമടക്കിപ്പിടിച്ച് മത്സരം വീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. ജർമനിയോട് 1-0ത്തിന് പരാജയപ്പെട്ടപ്പോൾ അടങ്ങാത്ത നിരാശയുമായി കളംവിട്ട നായകനെയും ലോകം കണ്ടു. ഖത്തറിൽ രാജ്യത്തിനായി മൂന്നാമത് ലോകകിരീടവും മെസ്സിയുടെ പേരിൽ ഒരു ലോകകപ്പുമെന്ന സ്വപ്നവുമായി വീണ്ടും അർജന്റീന പന്തുതട്ടും.

ആശാൻ

ല​യ​ണ​ൽ സ്ക​ലോ​ണി


അർജന്റീനക്കാരൻ ലയണൽ സ്കലോണിയാണ് ടീമിന്റെ പരിശീലകസ്ഥാനത്തുള്ളത്. 1995ൽ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ പന്തുതട്ടി തുടങ്ങിയ ഇദ്ദേഹം എട്ടു ടീമുകൾക്കുവേണ്ടി കളിച്ചു. 2015ൽ കളി അവസാനിപ്പിക്കുമ്പോൾ 23 ഗോളുകളാണ് സ്വന്തം പേരിൽ കുറിച്ചത്.

അർജന്റീനയുടെ ദേശീയ ടീമിലും സ്കലോണി പന്തുതട്ടി. പന്തുതട്ടിയ കാലമത്രയും വിങ് ബാക്ക് പൊസിഷനിലാണ് സ്കലോണി കളിച്ചത്. 2016 മുതലാണ് പരിശീലനക്കളരിയിലേക്ക് ഇറങ്ങിയത്. 2021ൽ കോപ അമേരിക്കയിലും 2022ൽ ഫൈനൽസിമയിലും കിരീടം നേടിയത് ഇദ്ദേഹത്തിന്റെ പരിശീലനത്തിലാണ്.

2017ൽ അർജന്റീനയുടെ അസിസ്റ്റന്റായി പ്രവർത്തിച്ച ഇദ്ദേഹം 2018ൽ കെയർടേക്കറുമായി. 2018 മുതലാണ് അർജന്റീനയുടെ മുഖ്യ പരിശീലകനായത്. അർജന്റീനയിൽ കളിച്ചും പരിശീലിപ്പിച്ചുമുള്ള സ്കലോണിയുടെ പരിചയം ടീമിന് ഇത്തവണയും ഏറെ മുതൽക്കൂട്ടാവും. മൈതാനത്ത് തന്ത്രങ്ങൾ മെനയാൻ അറിയാവുന്ന ടീമിന് ആത്മവിശ്വാസം നൽകാനും കൃത്യസമയത്ത് തീരുമാനങ്ങളെടുക്കാനും സ്കലോണിക്കു കഴിയുമെന്നതും തീർച്ചയാണ്.

കുന്തമുന

1987 ജൂൺ 24ന് അർജന്റീനയിലെ റൊസാരിയയിൽ ഒരു കുഞ്ഞു മിശിഹ പിറന്നപ്പോൾതന്നെ ഇത് ലോകത്തിനുവേണ്ടിയുള്ള സമ്മാനമാണെന്ന് മനസ്സിൽ കുറിച്ചിട്ടവരുണ്ടാകാം. ലയണൽ ആന്ദ്രെസ് മെസ്സിയെന്ന ആ അത്ഭുത ബാലന്റെ ഫുട്ബാളിലെ പ്രകടനങ്ങൾ ചെറുപ്പംമുതലേ കണ്ടുശീലിച്ചവർ ആ നഗരത്തിൽ ധാരാളമുണ്ടാവും.

കഴിഞ്ഞ ജൂണിൽ 35ാം വയസ്സിലേക്കു കടന്ന മെസ്സി തന്നെയാണ് അർജന്റീനയുടെ നായകസ്ഥാനത്തുള്ളത്. നിരവധി വിജയങ്ങൾ കൊയ്തപ്പോഴും ബാക്കിയായി കിടക്കുന്നത് മെസ്സിയുടെ നായകത്വത്തിൽ അർജന്റീനക്കൊരു ലോകകപ്പെന്നതാണ്.

മറഡോണക്കുശേഷം അർജന്റീനയുടെ കരുത്തനായി ലോകം അദ്ദേഹത്തെ കണ്ടപ്പോഴും ഒരു രാജ്യാന്തര കിരീടം നേടുകയെന്നത് വലിയ പരീക്ഷണക്കളരിയായി മാറുകയായിരുന്നു. മൈതാനത്ത് മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് വിജയത്തിന്റെ അരികിലെത്തിയപ്പോഴും ഫുട്ബാൾ രാജകുമാരന്റെ കിരീടമെന്ന സ്വപ്നം പലപ്പോഴും പൊലിഞ്ഞുപോയി.

ഒടുവിൽ കോപ അമേരിക്കയിൽ കിരീടം നേടാനായാത് താരപരിവേഷം ഇരട്ടിപ്പിച്ചു. എങ്കിലും ലോകകപ്പിൽ ഒരിക്കലെങ്കിലും മുത്തമിടാനായെങ്കിൽ മാത്രമേ മറഡോണക്കുശേഷമുള്ള മായാജാലക്കാരന്റെ ഉത്തരവാദിത്തം പൂർണമാവുന്നുള്ളൂ.

നാലാം വയസ്സിൽതന്നെ പ്രാദേശിക ഫുട്ബാൾ ക്ലബായ ഗ്രാൻഡോളിയിൽ പരിശീലനം ആരംഭിച്ചു. സ്വന്തം അച്ഛനായിരുന്നു ക്ലബിലെ പരിശീലകൻ. ആറാം വയസ്സിലാണ് റൊസാരിയോ ക്ലബിൽ ചേർന്നത്. പത്താം വയസ്സിൽ ആരോഗ്യപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോഴും തളരാതെ നിന്നത് വീണ്ടും ഉയിർത്തെഴുന്നേൽപിച്ചു.

പിന്നീട് ബാഴ്സലോണയിലെ മികച്ച താരമായി വളരുകയായിരുന്നു. കളിക്കളത്തിൽ മെസ്സിയെന്നും മുന്നേറ്റ താരമാണ്. 2004ൽ അർജന്റീന അണ്ടർ 20 ദേശീയ ടീമിലും 2008 അണ്ടർ 23 ദേശീയ ടീമിലും ഇദ്ദേഹം പന്തുതട്ടിയിട്ടുണ്ട്. 2021ൽ മെസ്സിയുടെ നേതൃത്വത്തിലാണ് കോപ അമേരിക്കയിൽ അർജന്റീന മുത്തമിട്ടത്.

2022ൽ നടന്ന യു.ഇ.എഫ്.എ കപ്പിലും മെസ്സിയുടെ നായകത്വത്തിൽ കപ്പുയർത്തി. എത്ര വേഗത്തിൽ ഡ്രിബ്ൾ ചെയ്താലും പന്തിനെ നിയന്ത്രണത്തിൽ നിർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ലോകം കണ്ടതാണ്. ഇടംകാലിൽ പന്ത് കൊരുത്ത് മൈതാനത്ത് വേഗത്തിൽ പായുന്ന മെസ്സിയുടെ ചിത്രം ആരാധക മനസ്സുകളിൽനിന്ന് ഒരിക്കലും മായില്ലെന്നതും സത്യമാണ്.

ഇതുവരെ ഏഴ് ബാലൺ ഡി ഓർ പുരസ്കാരങ്ങളാണ് ഇദ്ദേഹം നേടിയത്. ആറു യൂറോപ്യൻ ഗോൾഡൻ ഷൂവും കരസ്ഥമാക്കി. ഏറെക്കാലം ബാഴ്സലോണയിൽ പന്തുതട്ടിയ ഇദ്ദേഹം 2021ലാണ് ക്ലബ് വിട്ടത്. നിലവിൽ പാരിസ് ക്ലബിനായി പന്തുതട്ടുന്നു.

ഖത്തറിലെ ലോകകപ്പ് മെസ്സിയുടെ അവസാന ലോകകപ്പ് ആവുമെന്നതിനാൽ കപ്പും മികച്ച വിജയവും അനിവാര്യമാണെന്ന ബോധ്യം മെസ്സിക്കുണ്ടായിരിക്കാം. നിരവധി മികച്ച താരങ്ങളുള്ള അർജന്റീനയുമായി മെസ്സി ഖത്തറിലെത്തുന്നത് നോക്കിയിരിക്കുകയാണ് ഫുട്ബാൾ ലോകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaqatar worldcup 2022
News Summary - qatar worldcup-Argentina will come to Qatar again this time
Next Story