കലാശപ്പോരിലെ സൂപ്പർ ഫൈറ്റ്
text_fieldsഹ്യൂഗോ ലോറിസ് Vs എമിലിയാനോ മാർട്ടിനെസ്
ഖത്തർ ലോകകപ്പിലെ ഏറ്റവും പരിചയസമ്പന്നരായ ഗോൾകീപ്പർമാരിലൊരാളാണ് ഫ്രാൻസിന്റെ കാവലാളായ ഹ്യൂഗോ ലോറിസ്. 144 മത്സരങ്ങളിൽ വല കാത്തുകഴിഞ്ഞ 35കാരൻ ടീമിന്റെ നായകനുമാണ്. 2018ൽ ഫ്രാൻസ് കിരീടം നേടിയപ്പോഴും ക്യാപ്റ്റൻ മറ്റാരുമായിരുന്നില്ല. ക്വാർട്ടർ വരെയുള്ള കളികളിലെല്ലാം ഫ്രാൻസ് ഗോൾ വഴങ്ങിയിരുന്നെങ്കിലും ടീമിന്റെ വിജയങ്ങളിൽ ബാറിനുകീഴിൽ ലോറിസിന്റെ റോൾ നിർണായകമായിരുന്നു. സെമിയിൽ മൊറോക്കോയെ ഗോളടിക്കുന്നതിൽനിന്ന് തടയാനും ലോറിസിനായി.
അർജന്റീന ടീമിൽ ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ് എമിലിയാനോ മാർട്ടിനെസ്. ഒരു പതിറ്റാണ്ടോളം ക്ലബ് ഫുട്ബാളിൽ ആരുമറിയാതെ കഴിയുകയായിരുന്ന 'ദിബു' കഴിഞ്ഞവർഷം മാത്രമാണ് അർജന്റീനക്കായി കളിച്ചുതുടങ്ങിയത്. 25 മത്സരങ്ങളുടെ പ്രായം മാത്രമെ 30കാരന് ദേശീയ ജഴ്സിയിലുള്ളൂവെങ്കിലും ടീമിന്റെ വിശ്വസ്തനാണിപ്പോൾ എമി. നെതർലൻഡ്സിനെതിരായ ക്വാർട്ടറിൽ അപാര മെയ്വഴക്കത്തോടെ രണ്ടു സ്പോട്ട് കിക്കുകൾ തട്ടിയകറ്റിയ മാർട്ടിനെസ് ആയിരുന്നു വിജയശിൽപി.
നികോളസ് ഒട്ടാമെൻഡി Vs റാഫേൽ വരാനെ
അർജന്റീനക്കായി സെഞ്ച്വറി തികക്കാനിറങ്ങുകയാണ് നികോളസ് ഒട്ടമെൻഡി. മികച്ച ഫോമിലാണ് ഈ 34കാരൻ. ക്രിസ്റ്റ്യൻ റൊമേറോക്കൊപ്പം അർജന്റീനയുടെ പ്രതിരോധ മധ്യത്തിൽ കോട്ട കെട്ടുന്ന ഒട്ടാമെൻഡിയെ കടന്നുകയറാൻ ലോകകപ്പിൽ അധികമാർക്കും സാധിച്ചിട്ടില്ല. അപാരമായ പോരാട്ടവീര്യം കൈമുതലായുള്ള ഒട്ടാമെൻഡി ഇടക്ക് 'ഹൈപ്രൊഫൈൽ മിസ്റ്റേക്കു'കളുടെ ആളാണെങ്കിലും ലോകകപ്പിൽ ഇതുവരെ അതൊന്നുമുണ്ടായിട്ടില്ല. എംബാപ്പെയും ജിറൂഡും ഗ്രീസ്മാനും ഉയർത്തുന്ന ഭീഷണി അതിജീവിക്കുന്നതിൽ ഒട്ടാമെൻഡിയുടെ കുറ്റിയുറപ്പ് അർജന്റീനക്ക് നിർണായകമാവും.
സെഞ്ച്വറിക്കരികെയാണ് ഫ്രാൻസിന്റെ പ്രധാന ഡിഫൻഡറായ റാഫേൽ വറാനെയുടെയും സ്ഥാനം. 92 മത്സരങ്ങളിൽ ഫ്രഞ്ച് കുപ്പായമണിഞ്ഞിട്ടുള്ള വരാനെ പൂർണ ശാരീരികക്ഷമതയോടെയും ഫോമിലുമല്ല ലോകകപ്പിനെത്തിയതെങ്കിലും ടീമിന്റെ കുതിപ്പിൽ നിർണായക സാന്നിധ്യമാണ് ഈ 29കാരൻ. ദയോത് ഉപമെകാനോയും ഇബ്രാഹിമ കൊനാട്ടെയുമൊക്കെ മാറിമാറിവരുമ്പോഴും വരാനെയായിരിക്കും മെസ്സിക്കും സംഘത്തിനും തടയിടുന്നവരിൽ പ്രധാനി.
ഓർലീൻ ഷൗമേനി Vs എൻസോ ഫെർണാണ്ടസ്
ഫ്രഞ്ച് കുപ്പായത്തിൽ 20 മത്സരങ്ങളുടെ പരിചയമേയുള്ളൂ ഷൗമേനിക്ക്. എന്നാൽ അനവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ളതുപോലെയാണ് 22കാരന്റെ കളി. എൻഗോളോ കാന്റെയെയും പോൾ പോഗ്ബയെയും പോലുള്ള പ്രമുഖർ കൈകാര്യം ചെയ്തിരുന്ന ഫ്രഞ്ച് മധ്യനിര ഇപ്പോൾ ഭരിക്കുന്നത് ഷൗമേനിയാണ്. ലോകകപ്പിൽ ആറു കളികളും കളിച്ച താരം ഒരു ഗോളും നേടിയിട്ടുണ്ട്. ഫ്രഞ്ച് ടീമിന്റെ എൻജിൻ റൂമാണിപ്പോൾ ഈ റയൽ മഡ്രിഡ് താരം.
ഷൗമേനിയെക്കാൾ ഒരു വയസ്സ് കുറവുള്ള എൻസോ ഫെർണാണ്ടസിന് ദേശീയ ടീം ജഴ്സിയിൽ അതിലും കുറവ് മത്സര പരിചയമേയുള്ളൂ. അർജന്റീനക്കായി ഒമ്പത് കളികൾ മാത്രം കളിച്ച താരമിപ്പോൾ മധ്യനിരയിലെ പ്രധാനിയാണ്. ലോകകപ്പിൽ ആദ്യ രണ്ടു കളികളിലും പകരക്കാരനായി ഇറങ്ങിയ എൻസോ മെക്സികോക്കെതിരെ ഗോൾ നേടിയതോടെ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമായി.
അന്റോയിൻ ഗ്രീസ്മാൻ Vs റോഡ്രിഗോ ഡിപോൾ
ഈ ലോകകപ്പിലിതുവരെ ഗോളൊന്നും നേടിയിട്ടില്ലെങ്കിലും ഫ്രാൻസ് ടീമിലെ പ്രധാനിയാണ് ഗ്രീസ്മാൻ. ഫ്രഞ്ച് ടീമിനെ ചലിപ്പിക്കുന്ന 31കാരന്റെ ചിറകിലേറിയാണ് എംബാപ്പെയും ജിറൂഡുമൊക്കെ ഗോളുകളടിച്ചുകൂട്ടുന്നത്. മൂന്നു അസിസ്റ്റുകൾ ഗ്രീസ്മാന്റെ പേരിലുണ്ട്. ദേശീയ ടീമിനായി സെഞ്ച്വറി തികച്ചിട്ടുണ്ട്
ഗോളോ അസിസ്റ്റോ ഇല്ലെങ്കിലും അർജന്റീന ടീമിന്റെ മധ്യനിരയുടെ നട്ടെല്ലാണ് ഡിപോൾ. ആക്രമണത്തിനും പ്രതിരോധത്തിനുമിടയിലെ ലിങ്കായ 28കാരനാണ് ടീമിന്റെ കളിയുടെ ടെംപോ നിയന്ത്രിക്കുന്നത്. ദേശീയ ടീമിനായി അർധ സെഞ്ച്വറി തികച്ചുകഴിഞ്ഞു അത്ലറ്റികോയിൽ ഗ്രീസ്മാന്റെ സഹതാരമായ ഡിപോൾ.
ഒളിവിയർ ജിറൂഡ് Vs ജൂലിയൻ അൽവാരസ്
എക്കാലത്തും ഫ്രാൻസിന്റെ രണ്ടാം സ്ട്രൈക്കറായ ഒളിവിയർ ജിറൂഡാണ് ദേശീയ ടീമിന്റെ എക്കാലത്തെയും ടോപ്സ്കോറർ. 119 മത്സരങ്ങളിൽ 53 ഗോൾ നേടിക്കഴിഞ്ഞ 36കാരൻ ഫ്രീയായി സ്കോർ ചെയ്യുന്നതിനാൽ കരീം ബെൻസേമയുടെ അഭാവം ടീം അറിയുന്നതേയില്ല. എംബാപ്പെക്ക് കുറച്ചുകൂടി സ്വതന്ത്രമായി കളിക്കാനും ജിറൂഡിന്റെ സാന്നിധ്യം ഗുണം ചെയ്യുന്നു.
ഖത്തറിലെത്തുമ്പോൾ ടീമിലെ പ്രധാന സെൻട്രൽ സ്ട്രൈക്കറായിരുന്നില്ല ജൂലിയൻ അൽവാരസ്. എന്നാൽ, ടീം ഫൈനലിലെത്തുമ്പോൾ നാലു ഗോളുമായി മെസ്സിക്കൊത്ത കൂട്ടാളിയായ 22കാരനാണിപ്പോൾ മുൻനിരയിലെ മുഖ്യ ചോയ്സ്. 18 കളികളിൽ ദേശീയ ടീമിനായി ഏഴു ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ സമ്പാദ്യം.
ലയണൽ മെസ്സി Vs കിലിയൻ എംബാപ്പെ
മുഖവുരകൾ വേണ്ടാത്ത പോരാട്ടം. അഞ്ചു ഗോളുകളുമായി ഇരുടീമുകളുടെയും മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നവർ. 35ാം വയസ്സിൽ രണ്ടാം ഫൈനൽ കളിക്കുന്ന മെസ്സിയുടെ ലക്ഷ്യം കന്നി ലോകകപ്പ് ആണെങ്കിൽ 23ാം വയസ്സിൽ രണ്ടാം ലോകകിരീടത്തിലാണ് എംബാപ്പെയുടെ കണ്ണ്.
അർജന്റീന കുപ്പായത്തിൽ 171 കളികളിൽ 96 ഗോളുകളാണ് മെസ്സിയുടെ നേട്ടം. എംബാപ്പെ ഫ്രാൻസിനായി 65 മത്സരങ്ങളിൽ 33 ഗോളുകൾ നേടിക്കഴിഞ്ഞു. പി.എസ്.ജിയിൽ സഹതാരങ്ങളായ ഇരുവരുടെയും കാലുകളിലേക്കാണ് ഇരുടീമുകളും ഫൈനലിൽ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.