ആതിഥേയ സംസ്കാരത്തെ ബഹുമാനിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തം -അഗ്യൂറോ
text_fieldsദോഹ: ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഏതൊരു രാജ്യത്തിെൻറയും സംസ്കാരങ്ങളോടുള്ള ബഹുമാനം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മുൻ അർജൻറീന താരം സെർജിയോ അഗ്യൂറോ. രാഷ്ട്രങ്ങളെ ഒന്നിപ്പിക്കാനും ഒരുമിച്ച് കൊണ്ട് വരാനും ലോകകപ്പിന് കഴിവുണ്ടെന്നും അതാണ് ഖത്തർ ലോകകപ്പിൽ നടക്കുന്നതെന്നും അഗ്യൂറോ പറഞ്ഞു.
സാംസ്കാരിക വിനിമയം സുഗമമാക്കുകയും അതിെൻറ സൗന്ദര്യം വർധിപ്പിക്കുകയുമാണ് ലോകകപ്പ് ടൂർണമെൻറ് ചെയ്യുന്നത്. ഓരോ പുതിയ ടൂർണമെൻറിലും ലോകകപ്പ് ഫുട്ബാൾ മുന്നേറുകയാണ്. ഒരിക്കലും പൂർണതയെത്താതെ അത് വളർന്നുകൊണ്ടിരിക്കും -ഫിഫക്കു നൽകിയ അഭിമുഖത്തിൽ അഗ്യൂറോ കൂട്ടിച്ചേർത്തു.
ഓരോ ലോകകപ്പിലും മറ്റൊരു സംസ്കാരത്തെക്കുറിച്ച് പുതുതായി എന്തെങ്കിലും അറിയാൻ സാധിക്കുമെന്നും സംസ്കാരങ്ങൾക്കിടയിലെ അതിരുകൾ തകർക്കുകയെന്ന ഒരേയൊരു ചോയ്സ് മാത്രമേ ഇവിടെയുള്ളൂവെന്നും താരം ചൂണ്ടിക്കാട്ടി.
അനിശ്ചിതത്വവും സംഘർഷങ്ങളും സമഗ്രമായ പ്രതിസന്ധികളും നിറഞ്ഞ യുഗത്തിലാണ് മനുഷ്യരാശി ജീവിക്കുന്നതെന്നും വിഭജിക്കപ്പെട്ട ലോകത്ത് ഫുട്ബോളിെൻറ മായികമായ ശക്തിക്ക് നന്ദി പറഞ്ഞ് അതിർത്തികൾ കടന്ന് ഒരുമിച്ച് ആഘോഷിക്കുന്ന അവസരമാണ് ലോകകപ്പെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തവണ ലോകകപ്പിൽ പങ്കെടുക്കുകയെന്നത് എെൻറ ഫുട്ബോൾ ജീവിതത്തിലെ മികച്ച അനുഭവമായിരുന്നുവെന്നും ഈ ലോകകപ്പിൽ അർജൻറീനക്ക് പൂർണ പിന്തുണയുണ്ടെന്നും അഗ്യൂറോ കൂട്ടിച്ചേർത്തു.
അർജൻറീന ടീമിലെ പ്രമുഖ താരമായിരുന്ന അഗ്യൂറോ ആരോഗ്യകരമായ കാരണങ്ങളാൽ ഫുട്ബോൾ കരിയറിനോട് വിട പറയുകയായിരുന്നു. അർജൻറീനക്കായി രണ്ട് തവണ അണ്ടർ 20 കിരീടം നേടിക്കൊടുത്ത താരം, ഒളിമ്പിക്സ് സ്വർണം നേടിയ ടീമിലെ അവിഭാജ്യ ഘടകവുമായിരുന്നു.
ആൽബിസെലസ്റ്റ ജഴ്സിയിൽ ഏറ്റവും കൂടുതൽ തവണ പന്ത് തട്ടിയ ഏഴാമത്തെ താരമായ അഗ്യൂറോ, അർജൻറീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരം കൂടിയാണ്. 2010, 2014, 2018 ലോകകപ്പുകളിൽ അർജൻറീനക്ക് വേണ്ടി ലോകകപ്പിൽ കളിച്ചിരുന്നു. ഇതിൽ 2014 ലോകകപ്പിൽ അർജൻറീന ഫൈനലിലെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.