റോഡ്രിഗോയെന്ന സൈലന്റ് കില്ലർ
text_fieldsദോഹ: ഗ്രൂപ്പ് ജിയിൽ പ്രതിരോധത്തിന് പേര് കേട്ട സ്വിസ് കോട്ട പൊളിച്ച് കാെസമീറോക്ക് വെടിച്ചില്ല് കണക്കെ വോളിയുതിർക്കാൻ ഒട്ടും അമാന്തിക്കാതെ പാസ് നൽകിയ റോഡ്രിഗോയെന്ന 21കാരനെ അത്ര പെട്ടെന്ന് മറക്കാൻ സാധ്യമല്ല.
പതിവിൽ നിന്നും വ്യത്യസ്തമായി ഈ മത്സരത്തിൽ രണ്ടാം പകുതി ആരംഭിക്കുമ്പോൾ തന്നെ ആശാൻ ടിറ്റെ, ലൂക്കാസ് പക്വേറ്റക്ക് പകരക്കാരനായി റോഡ്രിഗോയെ കളത്തിലിറക്കിയിരുന്നു. കളത്തിലിറങ്ങി വളരെ പെട്ടെന്ന് തന്നെ ടീമിനോടിണങ്ങുന്ന റോഡ്രിഗോ ആ പതിവ് ഇവിടെയും തെറ്റിച്ചില്ല.
ആദ്യ പകുതിയിൽ ബ്രസീൽ മുന്നേറ്റങ്ങൾക്ക് സ്വിസ് മതിൽ വിലങ്ങായെങ്കിൽ റോഡ്രിഗോ ഇറങ്ങിയതോടെ അവരുടെ പ്രതിരോധം ഇളകാൻ തുടങ്ങി. ടിറ്റെയിൽ റോഡ്രിഗോക്കുള്ള വിശ്വാസമായിരുന്നു കളത്തിൽ കണ്ടത്. അതിനുള്ള ഫലവും അവസാന മിനിറ്റുകളിൽ കണ്ടു. രണ്ടാം റൗണ്ടിലേക്കുള്ള ബ്രസീലിെൻറ വിജയത്തിൽ നിർണായകമായി മാറിയ കാസെമിറോയുടെ ഗോളിലേക്കുള്ള വഴിയൊരുക്കിയത് റോഡ്രിയായിരുന്നു.
2022 യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റിയൽ മാഡ്രിഡിനായി അവസാന നിമിഷം കളത്തിലിറങ്ങി 5-3ന് പിന്നിലായിരുന്ന മാഡ്രിഡുകാരെ 90 മിനിറ്റിന് ശേഷം ഇരട്ടഗോളടിച്ച് കളിയിലേക്ക് തിരിച്ച് കൊണ്ടുവന്നതയും റോഡ്രിഗോ സിൽവ ഡി ഗോസ് തന്നെയായിരുന്നു. റയൽ മാഡ്രിഡിനായി പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ വജ്രായുധമാണ് റോഡ്രിഗോ, പ്രത്യേകിച്ചും ചാമ്പ്യൻസ് ലീഗിൽ.
അച്ഛനോളം വലിയ റോഡ്രി
സവോപോളോയിലെ വിവിധ ക്ലബുകളിൽ കളിച്ചിരുന്ന കൗമാരക്കാരൻ എറിക് ഗോസിന് മകൻ പിറക്കുേമ്പാൾ 17വയസ്സായിരുന്നു പ്രായം. അച്ഛൻ ക്ലബുകളിൽ നിന്നും ക്ലബുകളിലേക്ക് കളിച്ചു നടക്കുന്നതു കണ്ട കുഞ്ഞു റോഡ്രിഗോയും പന്തിനു പിന്നിലായി. അകാദമികളിൽ ചേർക്ക് പ്രഫഷണൽ താരമായി മകൻ വളരുന്നത് കണ്ട എറിക് അവന് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. ഇപ്പോൾ അച്ഛൻ എറികിന് 38ഉം മകൻ റോഡ്രിഗോക്ക് 21ഉം വയസ്സ് പ്രായം.
ബ്രസീലിെൻറയും റിയൽ മാഡ്രിഡിെൻറയും സൂപ്പർ താരമായിരുന്ന റോബിഞ്ഞോ, റോഡ്രിഗോയുടെ കളിക്കളത്തിലെ സ്കില്ലുകളും പ്രകടനങ്ങളും അവനും കുടുംബവുമറിയാതെ പകർത്തി സാേൻറാസിനെത്തിച്ചിരുന്നു. മകൻെറ ഒമ്പതാം വയസ്സിൽ സാേൻറാസിെൻറ ട്രയൽസിൽ പങ്കെടുക്കാൻ വിളി വന്നപ്പോൾ ആ അഛൻ തെല്ലൊന്നുമല്ല സന്തോഷിച്ചത്. അദ്ദേഹം അഭിമാനം കൊണ്ട് വാനോളമുയർന്നു.
ട്രയലുകൾ പാസായ റോഡ്രി, അക്കാദമിലെത്തുകയും 2010ൽ സാേൻറാസിെൻറ യൂത്ത് ടീമിൽ ഇടം കണ്ടെത്തുകയും ചെയ്തു. 10ാം വയസ്സിൽ മുതിർന്നവരുമൊത്ത് കളിക്കാൻ തുടങ്ങി. മറ്റുള്ളവരിൽ നിന്നും പ്രകടനത്താൽ അവൻ വേറിട്ട് നിന്നു. മികച്ച ഫോർവേഡ് എന്നതിനൊപ്പം പന്ത് നഷ്ടപ്പെടാതെ കാലിൽ സൂക്ഷിക്കുക, പ്രതിരോധനിരയെ ഡ്രിബിൾ ചെയ്ത് മറികടക്കുക, ഗോളുകൾ നേടുന്നതിലേക്ക് തൻെറ വേഗതയെ ഉപയോഗിക്കുക തുടങ്ങിയവ അവെൻറ പ്രധാന സവിശേഷതകളായി.
ഫുട്സാലിൽ നിന്നും ഫുട്ബോളിലേക്കെത്തുമ്പോൾ തൻെർ സമപ്രായക്കാരിൽ ഏറ്റവും മികച്ചവനായിത്തീർന്നിരുന്നു റോഡ്രിഗോ. മികച്ച പ്രകടനത്തോടൊപ്പം അദ്ദേഹത്തിന് സമ്മർദ്ദങ്ങളും ഏറിവന്നു. അത് കൈകാര്യം ചെയ്തതോടെ യൂത്ത് ടീമിെൻറ ക്യാപ്റ്റാനായും സ്ഥാനക്കയറ്റം ലഭിച്ചു.
16ാം വയസ്സിൽ റോഡ്രിഗോക്ക് സാേൻറാസ് സീനിയർ ടീമിലേക്ക് വിളി വന്നു. ദേശീയ ലീഗിലെ പ്രായം കുറഞ്ഞ സാേൻറാസ് കളിക്കാരനെന്ന ഖ്യാതിയും കോപ്പ ലിബർട്ടഡോറസിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ ബ്രസീലുകാരനായും റോഡ്രിഗോ അറിയപ്പെട്ടു. 2018ൽ മികച്ച നവാഗതകർക്കുള്ള ക്യാമ്പിയോനാറ്റോ പൗളിസ്റ്റ ബഹുമതിയും റോഡ്രിയെ തേടിയെത്തി.
റോയൽ മാഡ്രിഡിലേക്ക്
ബ്രസീലിൽ നിന്നും പ്രതിഭകളെ കണ്ടെത്തുന്നതിൽ റയൽ മാഡ്രിഡിനുള്ള കഴിവ് മറ്റൊരു ക്ലബിനുമില്ല. വിനിഷ്യസ് ജൂനിയർ, റിനിയർ ജീസസ് തുടങ്ങിയവരെല്ലാം മാഡ്രിഡിെൻറ സ്കൗട്ട് കണ്ടെത്തിയവരാണ്.
സാേൻറാസിൽ റോഡ്രിഗോയുടെ ഡ്രിബ്ലിംഗ് കഴിവുകളും വേഗതയും ചടുലനീക്കവും മാഡ്രിഡ് സ്കൗട്ടുകളെ ആകർഷിച്ചു. ക്ലബുമായും കുടുംബവുമായുമുള്ള ചർച്ചകൾക്ക് ശേഷം 2018 ജൂൺ 15ന് റോഡ്രിഗോ മാഡ്രിഡിെൻറ ഔദ്യോഗിക താരമായി ഒപ്പുവെച്ചു. 2019 സെപ്തംബർ 25ന് ഒസാസുനക്കെതിരെ മാഡ്രിഡിൽ അരങ്ങേറിയ താരത്തിന് പിന്നീട് തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
18ാം വയസ്സിൽ 2019-2020 സീസണിൽ ഗാലറ്റസറേക്കെതിരെ പകരക്കാരനായിറങ്ങി ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടിയ റോഡ്രിഗോ വാർത്തകളിടം നേടിത്തുടങ്ങി. റയൽ മാഡ്രിഡ് കോച്ച് സിദാെൻറയും പിന്നീട് വന്ന ആഞ്ചലോട്ടിയുടെയും വിശ്വസ്തനായ പോരാളിയായി മാറി.
2019 നവംബറിലാണ് ബ്രസീൽ സീനിയർ ടീമിലേക്കുള്ള വിളി വന്നത്. നവംബർ 15ന് അർജൻറീനക്കെതിരെ 70ാം മിനിറ്റിൽ പകരക്കാരനായിറങ്ങി അരങ്ങേറ്റം കുറിച്ചു. ലെഫ്റ്റ് വിങ്, റൈറ്റ് വിങ്, അറ്റാക്കിംഗ് മിഡ്ഫീൽഡ് എന്നീ പൊസിഷനുകളിലെല്ലാം മിടുക്ക് കാട്ടാനുള്ള കഴിവ് റോഡ്രിഗോക്കുണ്ട്. ചില സമയങ്ങളിൽ മാഡ്രിഡിൽ ഫാൾസ് നയനിലും റോഡ്രിഗോ ഇറങ്ങി പ്രതിഭ തെളിയിച്ചു.
റയൽ മാഡ്രിഡിലും ബ്രസീൽ ദേശീയ ടീമിലും വിനിഷ്യസിെൻറ പ്രഭാവത്തിൽ ഒതുങ്ങിപ്പോയിരുന്ന റോഡ്രിഗോ, പകരക്കാരനായി ഇറങ്ങുമ്പോൾ മാത്രം തനിക്ക് ലഭിക്കുന്ന വിരലിലെണ്ണാവുന്ന മിനുട്ടുകൾ മുതലാക്കി പതിയെ മറ്റു താരങ്ങളുടെ സ്റ്റാർഡമ്മിൽ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അനാവശ്യമായി പന്ത് ഹോൾഡ് ചെയ്ത് വെക്കാതെ വളരെ വേഗം തന്നെ പ്രതിരോധ നിരയെ അനായാസം മറികടന്ന് ബോക്സിൽ കയറാൻ മിടുക്കൻ കൂടിയാണ് റോഡ്രിഗോ.
മാഡ്രിഡ് നിരയിൽ പുതിയ സീസണിൽ പലപ്പോഴും ആദ്യ ഇലവനിൽ ഇടം നേടിയ താരം വരും നാളുകളിൽ സെലസാവോസിെൻറ ആദ്യ ഇലവനിലെ സ്ഥിര സാന്നിധ്യമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.