ജനുവരി ഒന്നുമുതൽ റൊണാൾഡോ സൗദി ക്ലബിലെന്ന് റിപ്പോർട്ട്
text_fieldsമാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരി ഒന്നുമുതൽ സൗദി ക്ലബായ അന്നസ്ർ ക്ലബിനു വേണ്ടി ബൂട്ടണിയുമെന്ന് സ്പാനിഷ് മാധ്യമം. രണ്ടര വർഷത്തേക്കാണ് കരാർ. പ്രതിവർഷം 21.7 കോടി ഡോളർ എന്ന റെക്കോഡ് തുക നൽകിയാകും താരത്തെ സൗദി ക്ലബ് സ്വന്തമാക്കുക. സൗദി ക്ലബ് നേരത്തെ രംഗത്തുവന്നിട്ടും, യൂറോപിൽ തന്നെ കളിക്കാമെന്ന പ്രതീക്ഷയിൽ ലോകകപ്പ് കഴിയുംവരെ കാത്തുനിൽക്കുകയായിരുന്നു.
സെമി കാണാതെ പോർച്ചുഗൽ ടീം നാട്ടിലെത്തിയതോടെ അതിവേഗം കളത്തിൽ തിരികെയെത്താൻ ക്രിസ്റ്റ്യാനോ പഴയ തട്ടകമായ റയൽ മഡ്രിഡിന്റെ കളിമുറ്റത്ത് പരിശീലനം ആരംഭിച്ചിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡുമായി കഴിഞ്ഞ മാസാവസാനത്തോടെ കരാർ അവസാനിപ്പിച്ച താരത്തിന് ജനുവരി ഒന്നിന് ട്രാൻസ്ഫർ ജാലകം തുറക്കുന്നതോടെയാണ് പുതിയ ക്ലബിനൊപ്പം ചേരാനാകുക.
മാഞ്ചസ്റ്ററിലെ രണ്ടാം ഊഴം റൊണാൾഡോക്ക് ഒട്ടും തൃപ്തികരമായിരുന്നില്ല. കോച്ചുമായി പിണങ്ങിയ താരത്തിന് ആദ്യ ഇലവനിൽ ഇടം ലഭിക്കാതെ പോയതോടെ ലോകകപ്പിന് തൊട്ടുമുമ്പ് വിവാദ അഭിമുഖം നടത്തി ടീംവിടുകയായിരുന്നു. കോച്ച് ടെൻ ഹാഗിനോട് തെല്ലും ബഹുമാനമില്ലെന്നും താരം വെളിപ്പെടുത്തി.
ലോകകപ്പിൽ വലിയ തുടക്കം കുറിച്ച താരത്തെ പക്ഷേ, അവസാന മത്സരങ്ങളിൽ കരക്കിരുത്തിയാണ് കോച്ച് സാന്റോസ് ആദ്യ ഇലവൻ ഇറക്കിയത്. ഇതിൽ പ്രകോപിതനായി പോർച്ചുഗൽ ടീം വിട്ട് നാട്ടിലേക്ക് മടങ്ങാൻ ക്രിസ്റ്റ്യാനോ ആലോചിച്ചതായും റിപ്പോർട്ടുകൾ വന്നു. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ 6-1ന് മുക്കിയ പോർച്ചുഗൽ ക്വാർട്ടറിൽ മൊറോക്കോക്കു മുന്നിൽ വീണു മടങ്ങി.
റയലിന്റെ എക്കാലത്തെയും മികച്ച ഹീറോയായ ക്രിസ്റ്റ്യാനോ 438 കളികളിൽ 450 ഗോളുകളുമായി ടീമിന്റെ മികച്ച സ്കോററാണ്. റയലിനൊപ്പം നാലുവട്ടം ചാമ്പ്യൻസ് ലീഗും രണ്ടുവട്ടം ലാ ലിഗയും സ്വന്തമാക്കിയിട്ടുണ്ട്. 2009ലാണ് മാഞ്ചസ്റ്റർ വിട്ട് റയലിലെത്തിയിരുന്നത്. 2018 ൽ യുവന്റസിലേക്ക് കൂടുമാറിയ താരം വൈകാതെ മാഞ്ചസ്റ്ററിൽ തിരികെയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.