അറേബ്യൻ കരുത്തുമായി സൗദി
text_fieldsകാൽപന്തുകളിയിൽ പുതിയ ചരിത്രം കുറിക്കാൻ ഇത്തവണയും സൗദി അറേബ്യയുണ്ടാകും. യോഗ്യത മത്സരങ്ങളിൽ എട്ടു മത്സരങ്ങളിൽനിന്ന് 19 പോയന്റ് നേടിയാണ് അർജന്റീന, പോളണ്ട്, മെക്സികോ എന്നീ ടീമുകൾക്കൊപ്പം സൗദി ഗ്രൂപ് 'സി'യിൽ ഇടം പിടിച്ചത്.
2-0ത്തിന് ആസ്ട്രേലിയയെ ജപ്പാൻ പരാജയപ്പെടുത്തിയതാണ് സൗദിക്ക് ഖത്തറിലേക്കുള്ള യോഗ്യത ടിക്കറ്റുറപ്പിച്ചത്. ആറാം തവണ ലോകകപ്പ് യോഗ്യത നേടുന്ന സൗദി ഏഷ്യൻ ഫുട്ബാൾ രംഗത്ത് എക്കാലവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
ഖത്തറിലെ സ്റ്റേഡിയങ്ങളിൽ അറേബ്യൻ ആരാധകർ നിറഞ്ഞുകവിയുന്നത് സൗദിക്ക് മൈതാനത്ത് വലിയ പിന്തുണയായി മാറും. 1994ൽ യു.എസിൽ നടന്ന ലോകകപ്പിൽ പതിനാറിൽ ഇടം പിടിക്കാനും അറേബ്യൻ കാൽപന്തുകാർക്ക് കഴിഞ്ഞിരുന്നു.
മൂന്നു തവണ ഏഷ്യൻ കപ്പും രണ്ടു തവണ അറബ് കപ്പും മൂന്നു തവണ അറേബ്യൻ ഗൾഫ് കപ്പും സ്വന്തമാക്കിയ സൗദി ഖത്തറിലും മികച്ച പ്രകടനം കാഴ്ചവെച്ചേക്കും. കാലങ്ങളായി അറബ് മണ്ണിൽ ജോലി ചെയ്യുന്ന മലയാളികളടക്കം സൗദിയുടെ അടങ്ങാത്ത ലോകകപ്പ് ആവേശത്തിനൊപ്പമാണ്.
ലുസൈൽ സ്റ്റേഡിയത്തിൽ കരുത്തരായ അർജന്റീനയുമായാണ് സൗദി അറേബ്യയുടെ ആദ്യ മത്സരം. ഫുട്ബാൾ ലോകത്തെ മികച്ച കളിക്കാരും ഏറ്റവും കൂടുതൽ ആരാധകരുമുള്ള അർജന്റീനയോട് പൊരുതിക്കളിക്കാനായാൽ പോളണ്ടുമായുള്ള രണ്ടാം മത്സരത്തിൽ ആത്മവിശ്വാസവും കരുത്തും സൗദിക്ക് വർധിപ്പിക്കാം. മെക്സികോയുമായാണ് സൗദിയുടെ മൂന്നാം മത്സരം.
കുന്തമുന
മിഡ്ഫീൽഡർ പൊസിഷനിൽ കളിക്കുന്ന സൽമാൻ അൽ ഫറജാണ് സൗദി ടീമിന്റെ നായകൻ. മദീന സ്വദേശിയായ സൽമാൻ 2008 മുതലാണ് തന്റെ പ്രഫഷനൽ ഫുട്ബാൾ കരിയർ ആരംഭിച്ചത്. നിരവധി ലീഗ് മത്സരങ്ങളിലും മറ്റും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സൽമാന് തന്റെ രാജ്യം ലോകകപ്പ് വേദിയിൽ എത്തുമ്പോൾ ഉത്തരവാദിത്തങ്ങളും ഏറെയാണ്.
അൽ ഹിലാൽ ക്ലബിനുവേണ്ടി ഇതിനകം നിരവധി മത്സരങ്ങളിൽ സൽമാൻ പന്തുതട്ടിയിട്ടുണ്ട്. ലോകകപ്പിൽ തന്റെ ഇടംകാലൻ ഷോട്ടുകളും തന്ത്രങ്ങളുമെല്ലാം ആദ്യം പയറ്റേണ്ടത് അർജന്റീനയോടാണ്. ഈ 33കാരൻ പകർന്നുനൽകുന്ന ആത്മവിശ്വാസത്തിന്റെ പിൻബലത്തിലായിരിക്കും സൗദിയുടെ താരങ്ങൾ മൈതാനത്തേക്ക് എത്തുക.
മിഡ്ഫീൽഡർ പൊസിഷനിൽ അനായാസം പന്തുതട്ടുന്ന സൽമാന് പ്രതിരോധനിരയിലേക്ക് കൃത്യമായി നിർദേശങ്ങൾ എത്തിക്കാനും ടീമിനെ ബലപ്പെടുത്താനുമുള്ള കഴിവുണ്ട്. മധ്യനിരയിൽ സൽമാന് പൂർണ പിന്തുണയുമായി സാലെം അൽ ദൗസരി നിലയുറപ്പിക്കും.
പ്രതിരോധ നിരയിലുള്ള യസീർ അൽ ശഹ്രാണിയും ചേർന്നായിരിക്കും മൈതാനത്ത് ടീമിന്റെ കെട്ടുറപ്പിനെ നിലനിർത്തുക. അണ്ടർ 23 സൗദി അറേബ്യ ടീമിലും സൽമാൻ പന്തുതട്ടിയിരുന്നു. സൗദി പ്രഫഷനൽ ലീഗ്, കിങ് കപ്പ് ഓഫ് ചാമ്പ്യൻസ്, സൗദി പ്രിൻസ് ക്രൗൺസ് കപ്പ്, സൗദി സൂപ്പർ കപ്പ്, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് തുടങ്ങിയ മത്സരങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ അൽ ഹിലാലിനുവേണ്ടി നേടിക്കൊടുത്ത താരവുമാണ് സൽമാൻ അൽ ഫറജ്.
ആശാൻ
ഫ്രഞ്ചുകാരനായ ഹെർവ് റെനാർഡാണ് ടീമിന്റെ പരിശീലകൻ. ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന റെനാർഡിന്റെ ഫുട്ബാൾ കരിയർ വളരെ വേഗമാണ് വളർന്നു പന്തലിച്ചത്. മൈതാനത്ത് പന്തുതട്ടിയ കാലമത്രയും പ്രതിരോധ നിരയിലെ മിന്നും താരമായിരുന്നു.
ആഫ്രിക്കൻ നേഷൻസ് കപ്പിൽ 2012ൽ വിജയിച്ച സാംബിയ ടീമിനെ പരിശീലിപ്പിച്ചത് റെനാർഡായിരുന്നു. 2015ൽ ഐവറി കോസ്റ്റിനും റെനാർഡ് ഇതേ കിരീടം നേടിക്കൊടുത്തു. ഇതുവരെ 13 ടീമുകൾക്ക് പരിശീലകനായി. 2019 മുതലാണ് സൗദിയുടെ പരിശീലകനായത്. ഇദ്ദേഹത്തിന്റെ പരിചയസമ്പന്നതയും പ്രതിരോധത്തിലെ പ്രത്യേക കഴിവും സൗദിക്ക് വലിയ മുതൽക്കൂട്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.