സിംഹമടയിൽ; രണ്ടാം സെമിയിൽ ചാമ്പ്യൻ ടീമിനെതിരെ അറ്റ് ലസ് ലയൺസ്
text_fieldsദോഹ: 'ലോകകപ്പിൽ വെറും മൂന്നു കളികൾ കളിച്ചുതീർക്കുക എന്നതു മാത്രമാണ് നിങ്ങളുടെ മനസ്സിലെങ്കിൽ അങ്ങോട്ടു പോകേണ്ടതില്ല' എന്നാണ് മൊറോക്കോ കോച്ച് വാലിദ് റെഗ്റാഗി ഖത്തറിലേക്ക് പുറപ്പെടും മുമ്പ് തന്റെ കളിക്കാരോടും രാജ്യത്തോടും പിന്നെ ആഫ്രിക്കൻ വൻകരയോട് മുഴുവനായും പറഞ്ഞത്. ആ വാക്കുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് പുതിയ ചരിത്രമെഴുതുകയായിരുന്നു മൊറോക്കോ. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30ന് അൽഖോറിലെ അൽബെയ്ത്തിൽ ആ ചരിത്രപ്പിറവിയിലേക്ക് പന്തുരുളും. ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പ് ഫുട്ബാളിന്റെ സെമി ഫൈനലിൽ ഇതാദ്യമായി ബൂട്ടുകെട്ടിയിറങ്ങും. മറുതലക്കൽ എതിരാളികളായെത്തുന്നത് തുടർച്ചയായ രണ്ടാം ലോകകപ്പ് ലക്ഷ്യമിടുന്ന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്.
ആക്രമണം x പ്രതിരോധം
ഫ്രാൻസിന്റെ മുന്നേറ്റങ്ങളും മൊറോക്കോയുടെ പ്രതിരോധ തന്ത്രങ്ങളും തമ്മിലുള്ള ഉരകല്ലായിരിക്കും രണ്ടാം സെമി ഫൈനൽ പോരാട്ടം. കിലിയൻ എംബാപ്പെ-ഒലിവിയർ ജിറൂഡ്-അന്റോയിൻ ഗ്രീസ്മാൻ-ഉസ്മാൻ ഡെംബലെ എന്നിവർ അണിനിരക്കുന്ന ഫ്രഞ്ച് മുന്നേറ്റനിര ഈ ടൂർണമെന്റിൽതന്നെ ഏറ്റവും പ്രഹരശേഷിയുള്ളതാണെന്ന് തെളിയിച്ചുകഴിഞ്ഞു. എല്ലാവരും ഗോൾ നേടാൻ മിടുക്കരായ ഈ ലൈനപ്പിൽനിന്ന് നിർണായക വേളകളിൽ ആരെങ്കിലും അവസരത്തിനൊത്തുയരുമെന്നതാണ് കോച്ച് ദിദിയർ ദെഷാംപ്സിന് ആശ്വാസം നൽകുന്നത്.
അതേസമയം, ഈ ചരിത്രക്കുതിപ്പിൽ ചില്ലറ ചങ്കുറപ്പൊന്നുമല്ല മൊറോക്കൻ ഡിഫൻസ് കാഴ്ചവെച്ചത്. പി.എസ്.ജി താരം അഷ്റഫ് ഹക്കീമി, ബയേൺ മ്യൂണിക്കിന്റെ നുസൈർ മസ്റൂയി, വെസ്റ്റ് ഹാമിന്റെ നായെഫ് അഗുയെർദ്, ബെസിക്ടാസിന്റെ റൊമെയ്ൻ സയീസ് എന്നിവർ യൂറോപ്പിന്റെ ഉന്നത കളിമുറ്റങ്ങളിൽ തങ്ങളുടെ പ്രതിരോധ മികവ് തെളിയിച്ചുകഴിഞ്ഞവരാണ്. കാനഡക്കെതിരെ നായിഫ് അഗുയെർദിന്റെ സെൽഫ് ഗോളിൽ യാസീൻ ബോനുവിനെ മറികടന്ന് പന്ത് വലയിൽ കയറിയതൊഴിച്ചാൽ പേരുകേട്ട വില്ലാളിവീരന്മാർക്കൊന്നും അറ്റ്ലസ് ലയൺസിന്റെ മടക്കുള്ളിലേക്ക് കയറിയെത്താനായിട്ടില്ല. കളം നിറഞ്ഞ സ്പെയിനിന് 120 മിനിറ്റ് കളിച്ചിട്ടും മൊറോക്കോയുടെ ടാർഗറ്റിലേക്ക് ഉന്നമിടാൻ കഴിഞ്ഞത് ഒരുതവണ മാത്രം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങിയ പോർചുഗലിനെയും അവർ ഗോളടിക്കാതെ പിടിച്ചുകെട്ടി. ബോനുവും മിന്നുന്ന ഫോമിലാണ്.
എംബാപ്പെ x ഹക്കീമി
പാരിസ് സെന്റ് ജെർമെയ്ൻ ക്ലബിലെ സൂപ്പർ താരങ്ങളാണ് ഈ മത്സരത്തിൽ ഭിന്നധ്രുവങ്ങളിലായി ഇരു ടീമിന്റെയും പ്രതീക്ഷകൾ ചുമലിലേറ്റുന്നത്.
ടൂർണമെന്റിൽ അഞ്ചു മത്സരങ്ങളിൽ അഞ്ചു ഗോളുകളുമായി ടോപ്സ്കോറർ സ്ഥാനത്ത് തുടരുന്ന കിലിയൻ എംബാപ്പെയും മൊറോക്കൻ വിങ്ങിൽ ഒരേസമയം ആക്രമണത്തിനും പ്രതിരോധത്തിനും കൈയയച്ച് സഹായിക്കുന്ന അഷ്റഫ് ഹക്കീമിയുമാണ് അവർ. എംബാപ്പെയെ ഇടതുവിങ്ങിൽ തടയാനുള്ള നിയോഗവും റൈറ്റ് ബാക്കായ ഹക്കീമിക്കാണ്. ക്ലബിലെ സഹതാരത്തെ ഈ മത്സരത്തിൽ തടഞ്ഞുനിർത്താനുള്ള നീക്കങ്ങളിൽ അഷ്റഫ് വിജയം കാണുമോയെന്നത് മത്സരഫലത്തിലും പ്രതിഫലിക്കും.
അംറബത്ത് x അന്റോയിൻ
കേവലമൊരു ഡിഫൻസ് ടീം എന്നതിലേക്ക് ഒരിക്കലും മൊറോക്കോയെ ചുരുക്കിക്കെട്ടാനാകില്ല. ഫിയോറന്റീനയുടെ സുഫിയാൻ അംറബത്തും ചെൽസിയുടെ ഹക്കീം സിയെക്കും നയിക്കുന്ന മിഡ്ഫീൽഡും ടൂർണമെന്റിൽ ഇതുവരെ നിറഞ്ഞുകളിച്ചിട്ടുണ്ട്.
അന്റോയിൻ ഗ്രീസ്മാന്റെ ചടുലചലനങ്ങൾക്ക് വലിയൊരളവിൽ മറുപടി നൽകാൻ കെൽപുള്ളവരാണിവർ. ഔറോലിൻ ചുവാമെനിയും അഡ്രിയെൻ റാബിയോട്ടും ഫ്രഞ്ച് മധ്യനിരയിൽ മികച്ച ഫോമിലാണ്. സെവിയ്യയുടെ യൂസുഫ് അന്നസ്രിയും ഫ്രഞ്ച് ക്ലബായ എയ്ഞ്ചേഴ്സിന് കളിക്കുന്ന സുഫിയാൻ ബൗഫലുമാകും മൊറോക്കോയുടെ മുന്നേറ്റക്കാർ.
വേണമൊരു കണ്ണ്, മധ്യത്തിലും
കിലിയൻ എംബാപ്പെയെ പിടിച്ചുകെട്ടിയതുകൊണ്ടുമാത്രം ഫ്രാൻസിന്റെ കുതിപ്പിന് കടിഞ്ഞാണിടാൻ കഴിയുമെന്ന് മൊറോക്കോക്കാർ ഇപ്പോൾ കരുതുന്നുണ്ടാവില്ല. ഇരുവിങ്ങുകളിലൂടെ ചാട്ടുളി കണക്കെ കുതിച്ചെത്തുന്ന എംബാപ്പെയെയും ഉസ്മാൻ ഡെംബലെയെയും നിർവീര്യമാക്കിയാലും മധ്യനിരയിൽനിന്ന് സ്ഫോടനങ്ങളുണ്ടാകുമെന്ന് ഇംഗ്ലണ്ടിനെതിരായ കളിയിൽ ഫ്രാൻസ് വ്യക്തമാക്കിക്കഴിഞ്ഞു.
ഔറേലിൻ ചുവാമെനിയാണ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾക്കപ്പുറത്തുനിന്ന് ആദ്യവെടി പൊട്ടിച്ചത്. എതിർപ്രതിരോധം എംബാപ്പെയിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ലഭിക്കുന്ന അവസരങ്ങൾകൂടി മുതലെടുത്ത് ടൂർണമെന്റിൽ ഇതുവരെ നാലു ഗോളുകൾ നേടിയ ഒലിവിയർ ജിറൂഡിനെ നോട്ടമിട്ടുതന്നെ പൂട്ടേണ്ടിവരും. ഇവർക്കെല്ലാം തരാതരംപോലെ പന്തെത്തിക്കുന്ന അന്റോയിൻ ഗ്രീസ്മാനെ അഴിഞ്ഞാടാൻ അനുവദിക്കാതിരിക്കുകയെന്ന അജണ്ടയും അഷ്റഫിന്റെയും കൂട്ടുകാരുടെയും മുൻഗണനകളിലുണ്ടാവും. എംബാപ്പെക്കു മാത്രമായി തടയിടുകയെന്നതല്ല, ഫ്രഞ്ച് മുന്നേറ്റങ്ങളെ നെഞ്ചുവിരിച്ചുനിന്ന് ചെറുക്കുകയെന്നതാണ് തങ്ങളുടെ ഉന്നമെന്ന് കോച്ച് റെഗ്റാഗി തുറന്നുപറയുന്നു.
മൊറോക്കോക്കിത് 'ഹോം മത്സരം'
ഈ മത്സരത്തിൽ ഫ്രാൻസ് ഭയക്കേണ്ട ഒന്നുണ്ട്. അത് കളത്തിനു പുറത്തെ ഗാലറിയിൽ നിറയുന്ന ആയിരക്കണക്കിന് കാണികളാണ്. 70,000 പേരെ ഉൾക്കൊള്ളുന്ന അൽബെയ്ത്തിൽ അതിന്റെ സിംഹഭാഗവും അറ്റ്ലസ് ലയൺസിന്റെ ആരാധകരാവും. സ്വന്തം രാജ്യത്തുനിന്ന് മാത്രമല്ല, സൗദി അറേബ്യ, ഖത്തർ, അൽജീരിയ, തുനീഷ്യ, ഫലസ്തീൻ, ഈജിപ്ത് തുടങ്ങി അറബ് ലോകത്തിന്റെ മുഴുവൻ പിന്തുണയുമായാണ് മൊറോക്കോ കളിക്കാനിറങ്ങുക. ഇരമ്പിയാർക്കുന്ന ഗാലറിയുടെ ആവേശം ഈ ചരിത്രക്കുറിപ്പിൽ അവർക്ക് നൽകിയ ഊർജം ചില്ലറയല്ല. 'വീട്' എന്നർഥമുള്ള അൽബെയ്ത്തിൽ മൊറോക്കോക്കിത് 'ഹോം മത്സരം' തന്നെയാവും. സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കക്കാരെന്നതിനൊപ്പം ആദ്യ അറബ് രാജ്യവുമാണ് മൊറോക്കോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.