മാനേ... ഈ കുതിപ്പ് നിനക്കുവേണ്ടി
text_fieldsദോഹ: സാദിയോ മാനെയെന്ന അതുല്യപ്രതിഭ പരിക്ക് പറ്റി സെനഗാൾ ക്യാമ്പ് വിടുമ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം പറഞ്ഞിരുന്നത് മാനെയില്ലാത്ത സെനഗാൾ വട്ടപ്പൂജ്യം എന്നായിരുന്നു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിൽ നിന്നേറ്റ എതിരില്ലാത്ത രണ്ട് ഗോളിെൻറ പരാജയം ഇതിനെ ആക്കം കുട്ടുകയും ചെയ്തിരുന്നു. എന്നാൽ ആദ്യ പരാജയത്തിെൻറ കയ്പ്പുനീർ ഇറക്കിവെച്ച് തുടരെത്തുടരെ രണ്ട് വിജയങ്ങളുമായി നോക്കൗണ്ട് റൗണ്ടിലെത്തുന്ന ആദ്യ ടീമായിരിക്കുകയാണ് അലിയു സിസ്സെയും സംഘവും.
2002ൽ ആദ്യമായി ലോകകപ്പിനെത്തിയതോടെയാണ് എൽഹാജി ദിയൂഫിെൻറയും മരണമടഞ്ഞ പപ ബൗബ ദിയൂഫിെൻറയുമൊക്കെ പ്രകടനത്തിെൻറ പിൻബലത്തിൽ ആഫ്രിക്കയിലെ സെനഗാൾ എന്ന രാജ്യത്തെ ലോകമറിഞ്ഞ് തുടങ്ങിയത്. ലോകകപ്പിലെ ലയൺസ് ഓഫ് തിരംഗയുടെ അരങ്ങേറ്റവും തുടർന്നുള്ള മുന്നേറ്റവും ഫുട്ബോൾ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 1998ലെ ചാമ്പ്യന്മാരായ ഫ്രാൻസ് മുതൽ വമ്പന്മാരെ അട്ടിമറിച്ച് മുന്നേറിയ സെനഗാൾ ലോകകപ്പ് യാത്ര ക്വാർട്ടർ വരെ നീണ്ടു.
ഫ്രാൻസിനെ കീഴടക്കിയ സെനഗാളിന് മുന്നിൽ പരാജയത്തോളം പോന്ന സമനിലയിൽ ഡെന്മാർക്ക് കുരുങ്ങിയപ്പോൾ വീണ് പോയത് ഉറുഗ്വായും രണ്ടാം റൗണ്ടിൽ സ്വീഡനുമൊക്കെയായിരുന്നു. തുർക്കിക്കെതിരെ അവസാന നിമിഷം വരെ പോരാടിയായിരുന്നു സെനഗാൾ അടിയറവ് പറഞ്ഞത്.
20 വർഷത്തിനിപ്പുറം സെനഗാൾ വീണ്ടും ലോകകപ്പിെൻറ നോക്കൗട്ട് റൗണ്ടിലേക്ക് ടിക്കറ്റുറപ്പിച്ചിരിക്കുകയാണ്. എക്വഡോറുമായി ഏറ്റുമുട്ടിയ അത്യന്തം വാശിയേറി മത്സരത്തിൽ അവസാന മിനിറ്റുകളിൽ ക്യാപ്റ്റനും പ്രതിരോധനിരയിലെ കുന്തമുനയുമായ ഖാലിദ് കൗലിബൗലിയുടെ ഗോളിലാണ് പ്രീ ക്വാർട്ടറിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. 2002ലെ സെനഗാൾ ടീമും 2022ലെ ടീമും തമ്മിലുള്ള വലിയ സാമ്യത എന്താണെന്ന് ചോദിച്ചാൽ 2002ൽ സെനഗാളിനെ നയിച്ചിരുന്ന അലിയു സിസ്സെയാണ് ഖത്തർ ലോകകപ്പിൽ സെനഗാളിനായി തന്ത്രം മെനയുന്നത്.
മാനേ പകർന്ന ആവേശം; സെനഗാൾ ഒരു ടീമായി പൊരുതി
ഈ ലോകകപ്പിൽ സെനഗാളിെൻറ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു സാദിയോ മാനെ. സെനഗാളിനെ ലോകകപ്പിനെത്തിക്കുന്നതിലും ടീമിന് ആഫ്രിക്കൻ നാഷൻസ് കപ്പ് നേടിക്കൊടുക്കുന്നതിലും താരം വഹിച്ച പങ്ക് നിസ്തുലമായിരുന്നു. എന്നാൽ ടൂർണമെൻറിന് മുമ്പ് തന്നെ പരിക്ക് പറ്റി ടീമിൽ നിന്ന് പുറത്ത് പോകാനായിരുന്നു അദ്ദേഹത്തിെൻറ വിധി. മാനെയില്ലാതെ സെനഗാളില്ല എന്ന് വിധിയെഴുതിയവരെയൊക്കെ തിരുത്തിക്കൊണ്ടിരിക്കുകയാണ് ഖാലിദ് കുലിബൗലിയും സംഘവും.
സെനഗാളിനെ വിജയത്തിലേക്കും അവിടെ നിന്ന് നോക്കൗട്ടിലേക്കും എത്തിച്ച ചെൽസി താരം കൗലിബൗലിയായിരുന്നു കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. തനിക്ക് ലഭിച്ച അവാർഡ് മാനെക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു മത്സരശേഷം കൗലിബൗലിയുടെ പ്രതികരണം. സെനഗാൾ ടീം മാനെയെ എത്ര കണ്ട് മിസ് ചെയ്യുന്നുവെന്ന് ഈ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാം.
'മാനെയുടെ പരിക്ക് സഥിരീകരിക്കപ്പെട്ടപ്പോൾ, ലോകത്തിെൻറ മൂന്നിൽ രണ്ട് ഭാഗം ആളുകളും ഞങ്ങൾക്ക് രണ്ടാം റൗണ്ടിലേക്കെത്താനാകുമോയെന്ന് സംശയിച്ചു '- മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ കൗലിബൗലി പറഞ്ഞു.
മാനെയില്ലാതെയും ഞങ്ങൾക്ക് യോഗ്യത നേടാനാകുമെന്ന് കരുതിയിരുന്നവർ ആഫ്രിക്കൻ ജനതയും സെനഗാൾ ജനതയും മാത്രമായിരുന്നു.
മത്സരത്തിന് മുമ്പ് മാനെ അയച്ച സന്ദേശത്തിൽ നിന്നും ടീം പ്രചോദനമുൾക്കൊണ്ടെന്ന് പറഞ്ഞ ക്യാപ്റ്റൻ, അവൻ ഇവിടെയില്ലെങ്കിലും എപ്പോഴും ഞങ്ങളുടെ കൂടെത്തന്നെയുണ്ടെന്നും വ്യക്തമാക്കി.
'അവെൻറ പരിക്ക് സ്ഥിരീകരിച്ച വാർത്ത കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. അഭാവം കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഞങ്ങൾ ഒരു ടീമാണ്. സാദിയോ മാനെ ഒരു താരമാണ്. സെനഗാൾ ഫുട്ബോളിെൻറ പ്രതീകമാണ്. എന്നാൽ മൈതാനത്ത് 11 കളിക്കാർ ഉണ്ട്. ഇത് അവർക്ക് തിളങ്ങാനുള്ള സമയമാണ്' -നായകൻ പറഞ്ഞു.
ശാന്തനും സൗമ്യനുമായ പരിശീലകൻ സിസ്സെ, കൗലിബൗലിയുടെ വിജയഗോൾ വന്നതോടെ സന്തോഷം പ്രകടിപ്പിച്ച് ശബ്ദമുയർത്തുകയും ആർപ്പുവിളിക്കുകയും ചെയ്തിരുന്നു. സെനഗാളിെൻറ വിജയം ഞങ്ങളുടെ മുൻഗാമിയായ പാപ ബൗബ ദിയൂഫിന് സമർപ്പിക്കുന്നുവെന്ന് മാനേജർ അലിയു സിസ്സെ പറഞ്ഞു. മാനെ ഞങ്ങളോടൊപ്പം ഇവിടെയുണ്ടെന്നും പതിവായി സ്ക്വാഡിലെ അംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും സിസ്സെ കൂട്ടിച്ചേർത്തു. അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഡിസംബർ 5ന് ഇംഗ്ലണ്ടിനെയാണ് സെനഗാൾ പ്രീ-ക്വാർട്ടറിൽ നേരിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.