ആതിഥേയ ജഴ്സിയിൽ ഷഫീറിന്റെ ചാതുര്യം
text_fieldsദോഹ: ഹസൻ ഹൈദോസ് 10, അക്രം അഫിഫി 11, അൽ മുഈസ് അലി 19... ഇങ്ങനെ പോവുന്ന ഖത്തറിന്റെ സൂപ്പർ താരങ്ങളുടെ ജഴ്സിയും പേരും നമ്പറുകളും പിന്നെ, തൃശൂരിലെ പെരിങ്ങോട്ടുകരയും തമ്മിൽ കെട്ടുപിണഞ്ഞുകിടക്കുന്നൊരു ബന്ധമുണ്ട്.
കഴിഞ്ഞ 16 വർഷത്തിലേറെയായി ഖത്തറിന്റെ കുപ്പായങ്ങളൊരുക്കുന്ന മലയാളിബന്ധം. ഇത്തവണ ലോകകപ്പ് മൈതാനിയിൽ ആതിഥേയരുടെ അഭിമാനമായി സൂപ്പർതാരങ്ങൾ കുതിച്ചുപായുമ്പോൾ അവരുടെ കുപ്പായങ്ങൾക്കുപിന്നിലെ കഥ തുടങ്ങുന്നത് ഷഫീർ കൊറിയ എന്ന മലയാളിയിൽനിന്നാണ്.
ലോകകപ്പിലേക്ക് നാളുകൾ മാത്രം ബാക്കിനിൽക്കെ, ഖത്തർ ഫുട്ബാൾ ഫെഡറേഷന്റെ ആസ്ഥാനമായ ആസ്പയറിലെ ഓഫിസിൽ ഷഫീർ കാര്യമായ തിരക്കിലാണ്. ലോകകപ്പിനായി 'നൈകി' ഒരുക്കിയ പുതിയ ഹോം, എവേ ജഴ്സികളിൽ കളിക്കാരുടെ പേരും നമ്പറും രൂപകൽപന ചെയ്യണം.
ഓരോ മത്സരത്തിനിറങ്ങുമ്പോഴും ധരിക്കുന്ന ജഴ്സികളിൽ മാച്ച് ടീമുകളുടെ ലോഗോ തയാറാക്കണം. ശേഷം, ഇവ ഏറ്റവും ആകർഷകമായിതന്നെ ജഴ്സിയിൽ പതിക്കണം. നവംബർ 20ന് വിശ്വമേളക്ക് വിസിൽ മുഴങ്ങുമ്പോൾ ലോകമാകെ സ്ക്രീനിൽ നിറയുന്ന താരങ്ങളെ ആരാധകർ വായിച്ചെടുക്കുന്നത് ഷഫീർ തയാറാക്കിയ പേരിലും നമ്പറിലുമാണെന്നത് മലയാളികൾക്കും ചെറുതല്ലാത്ത അഭിമാനമാണ്.
സാവി മുതൽ വിജയൻ വരെ
ലോകകപ്പിന്റെ ചെറുപതിപ്പായ മറ്റൊരു കായിക ഉത്സവത്തെ വരവേൽക്കാനായി 2006ൽ ഖത്തർ ഒരുങ്ങവേയാണ് ഷഫീർ കൊറിയ തൃശൂരിൽനിന്ന് ദോഹയിലേക്ക് വിമാനം കയറുന്നത്. നാട്ടിൽ ചിത്രകാരനും ഡിസൈനറുമായി പേരെടുത്ത 24കാരൻ, ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ ഡിസൈനറായാണ് എത്തുന്നത്.
ഗെയിംസ് കഴിഞ്ഞപ്പോൾ, ഖത്തറിലെ പ്രമുഖ ഫുട്ബാൾ ക്ലബായ അൽ സദ്ദിന്റെയും ദേശീയ ടീമിന്റെയും ഡിസൈനറായി തുടർന്നു. ഏഴു വർഷത്തോളം അൽ സദ്ദിനൊപ്പമായിരുന്നു. പിന്നെ ദേശീയ ടീമിന്റെ സ്ഥിരം ഡിസൈനറായി.
ഖത്തറിന്റെ സൂപ്പർ താരങ്ങൾ മുതൽ അൽ സദ്ദിനായി ബൂട്ടണിഞ്ഞ ഇതിഹാസങ്ങളായ ചാവി ഹെർണാണ്ടസ്, റൗൾ ഉൾപ്പെടെയുള്ളവരുടെ കുപ്പായത്തിൽ ഷഫീറിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. മറൂൺ കുപ്പായത്തിൽ ഖത്തർ ഏഷ്യൻ കിരീടവും കോപ അമേരിക്ക, കോൺകകാഫ്, ഫിഫ അറബ് കപ്പ് തുടങ്ങി നിരവധി പോരാട്ടങ്ങൾക്ക് കളത്തിലിറങ്ങിയപ്പോൾ ഷഫീർ തയാറാക്കിയ കുപ്പായങ്ങൾ ടീമിന് ജീവൻ പകർന്നു.
വിവിധ രാഷ്ട്ര നേതാക്കൾ ഖത്തറിലെത്തുമ്പോൾ അമീർ സമ്മാനിക്കുന്ന ദേശീയ ടീം ജഴ്സിയും വിദേശതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഖത്തർ ഫുട്ബാൾ അസോസിയേഷൻ സമ്മാനിക്കുന്ന ജഴ്സികളുമെല്ലാം ഈ പെരിങ്ങോട്ടുകരക്കാരൻ തന്നെ രൂപകൽപന ചെയ്തു.
ഇതിനിടയിൽ ഖത്തറിൽ കളിക്കാനെത്തിയ ഇന്ത്യ, ജപ്പാൻ, ഇറാഖ്, ഒമാൻ തുടങ്ങിയ വിദേശ ടീമുകളുടെ ജഴ്സിയും തയാറാക്കിയിരുന്നു.
ഷഫീർ കൊറിയയായ കഥ
മുൻ ഇന്ത്യൻ ഫുട്ബാൾ നായകൻ ഐ.എം. വിജയൻ ഉൾപ്പെടെ പ്രമുഖ താരങ്ങൾക്ക് 'കൊറിയ' എന്നു പറഞ്ഞാലേ ഷഫീറിനെ തിരിച്ചറിയൂ. ആ പേരിനു പിന്നിലൊരു ഫുട്ബാൾ പ്രണയമുണ്ടെന്ന് ഷഫീർ പറയുന്നു.
1986 മെക്സികോ ലോകകപ്പ് നടക്കുമ്പോൾ എല്ലാവരും അർജന്റീനക്കൊപ്പമായിരുന്നു. അന്ന് ആറു വയസ്സുകാരനായ ഷഫീർ പക്ഷേ, തന്റെ ടീം കൊറിയയാണെന്ന് പ്രഖ്യാപിച്ചു. അന്നു വീട്ടുകാരും കൂട്ടുകാരും നൽകിയ വിളിപ്പേരിനെ ഷഫീർ തന്റെ പേരിനൊപ്പം ചേർത്തു.
പിന്നീട് ഫുട്ബാളിനൊപ്പം പ്രഫഷനായപ്പോഴും പേരിലെ കൊറിയ കൈവിട്ടില്ല. എങ്കിലും കളത്തിലെ ഇഷ്ടം അർജന്റീനയും ലയണൽ മെസ്സിയുമാണെന്ന് ഷഫീർ പറഞ്ഞുവെക്കുന്നു.
പല ഇന്ത്യൻ താരങ്ങൾക്കും ലോകതാരങ്ങളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയും അവരുമായി അടുത്ത സൗഹൃദം സൂക്ഷിക്കാനായതുമെല്ലാം അഭിമാനത്തോടെ ഓർക്കുകയാണ് ഈ മലയാളി. ഇസ്മത്താണ് ഷഫീറിന്റെ ഭാര്യ. അയാൻ, ഇഷാൻ, അയാസ്, അയ്മൻ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.