'ഹൃദയം പറയുന്നത് മെസ്സി, പക്ഷേ...'; ആരാധകന്‍റെ ചോദ്യത്തിന് ഷാരൂഖ് ഖാന്‍റെ മറുപടി
text_fieldsഖത്തറില്‍ ലോകകപ്പ് കലാശപ്പോരിന് ലയണൽ മെസ്സിയുടെ അർജന്‍റീനയും കിലിയൻ എംബാപ്പെയുടെ ഫ്രാൻസും തയാറെടുക്കുമ്പോൾ ആരാധകരും ഏറെ ആകാംക്ഷയിലാണ്.
അവസാന ലോകകപ്പിൽ മെസ്സിക്ക് കിരീട തിളക്കത്തോടെ പടിയിറങ്ങാനാകുമോ? അതോ എംബാപ്പെക്ക് കനക കിരീടത്തിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിടാനാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. ആരാവും ലോകചാമ്പ്യന്മാര്‍ എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളിലും കൊഴുക്കുകയാണ്. ഇഷ്ട ടീമിന് പിന്തുണയുമായി സെലിബ്രിറ്റികളടക്കം പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്.
ബോളിവുഡ് താരനിര തന്നെ ഖത്തറിൽ മത്സരം നേരിട്ടുകാണാനായി എത്തിയിട്ടുണ്ട്. ഇതിനിടെയാണ് തന്‍റെ ഇഷ്ടതാരം ആരാണെന്ന ചോദ്യത്തിന് നടൻ ഷൂരൂഖ് ഖാന്‍റെ പ്രതികരണവും പുറത്തുവന്നത്. ലോകകപ്പ് ഫൈനലില്‍ നിങ്ങള്‍ ആരെയാണ് പിന്തുണക്കുന്നത് എന്ന ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് നല്‍കിയ മറുപടിയിങ്ങനെ -'ഹൃദയം പറയുന്നത് മെസ്സി. പക്ഷേ എംബാപ്പെയുടെ പ്രകടനം കാണാനും രസമാണ്'.
ട്വിറ്ററിലൂടെ ആരാധകന്‍റെ ചോദ്യത്തിനാണ് രണ്ടു ടീമിലെയും സൂപ്പർതാരങ്ങളെ നടൻ പിന്തുണച്ചത്. മറ്റൊരു ആരാധകന്റെ ചോദ്യം എന്തുകൊണ്ടാണ് റൊണാള്‍ഡോ, മെസ്സിയേക്കാള്‍ മികച്ചവനാകുന്നത് എന്നായിരുന്നു. അതിനും ഷാരൂഖ് കിടിലൻ മറുപടിയാണ് നൽകിയത്. 'എല്ലാ കാര്യങ്ങളിലും മികച്ചത് തേടി പോകരുത്. അത് ചിലപ്പോള്‍ നല്ലതിനെ നശിപ്പിക്കും' -ഷാരൂഖ് പറഞ്ഞു.
ലോകകപ്പ് ഫൈനല്‍ കാണാന്‍ താനും സ്റ്റേഡിയത്തിലുണ്ടാവുമെന്ന് ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫിഫ സ്റ്റുഡിയോയില്‍ മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്കൊപ്പം താനുമുണ്ടാകുമെന്നാണ് ഷാരൂഖ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.