ഖത്തറിന് ക്ലാസെടുക്കും മുമ്പ് സ്വന്തം നാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നോക്കണം -മുൻ ബ്രിട്ടീഷ് താരം ജോൺ ബാർനെസ്
text_fieldsലണ്ടൻ: ലോകകപ്പിലെ ആതിഥേയരായ ഖത്തറിനെതിരെ തുടരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലീഷ് താരം ജോൺ ബാർനെസ്. ബ്രിട്ടനിലെ 'ദി ടൈംസ്' പത്രത്തിന്റെ കോളത്തിലായിരുന്നു മുൻ ഇംഗ്ലീഷ് താരത്തിന്റെ പരാമർശങ്ങൾ. ഖത്തർ നിയമത്തിൽ പ്രശ്‌നമുണ്ടെങ്കിൽ ബ്രിട്ടീഷ് സമൂഹത്തിലും സംസ്‌കാരത്തിലും നിരവധി പ്രശ്‌നങ്ങളുണ്ടെന്നും മറ്റുള്ളവർക്ക് ക്ലാസെടുക്കും മുമ്പ് ആദ്യം സ്വന്തം നാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഖത്തർ നിയമത്തിൽ വിവേചനം ഉണ്ടെങ്കിൽ ബ്രിട്ടീഷ് സമൂഹത്തിലും സംസ്‌കാരത്തിലും വിവേചനം നിലനിൽക്കുന്നുണ്ട്. നിരവധി കറുത്ത വംശജരാണ് തൊലിയുടെ നിറത്തിന്റെ പേരിൽ തടയപ്പെടുകയും പരിശോധനക്കിരയാകുകയും അറസ്റ്റിലാവുകയും ചെയ്യുന്നത്. മറ്റുള്ളവർക്ക് ക്ലാസെടുക്കും മുമ്പ് ആദ്യം നമ്മുടെ വിഷയങ്ങൾ പരിഹരിക്കാൻ തുടങ്ങണം. ഇംഗ്ലണ്ടിൽ ഒരു ലോകകപ്പിന് വന്ന് ആഫ്രിക്കൻ ടി.വി സ്റ്റേഷനുകളും പണ്ഡിതരും മാധ്യമപ്രവർത്തകരും ഇവിടെയുള്ള കറുത്ത വംശജർക്കെതിരായ അനീതികളും കറുത്ത താരങ്ങളെ പീഡിപ്പിക്കുന്നതും കറുത്ത പരിശീലകരില്ലാത്തതും നഗരങ്ങളിൽ കറുത്തവരോട് അധികാരികൾ കാണിക്കുന്ന മോശം പെരുമാറ്റവുമെല്ലാം തുറന്നുകാണിച്ചാൽ എങ്ങനെയുണ്ടാകും? നമ്മുടെ ഹോട്ടലുകളിൽ താമസിച്ച്, നമ്മുടെ മികച്ച ഭക്ഷണം കഴിച്ച് മത്സരങ്ങൾ മാറ്റാനും ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്താൽ എങ്ങനെയുണ്ടാകും?.
ടൂർണമെന്റ് ആരംഭിക്കാൻ നേരം ആരംഭിച്ച ഖത്തറിനെതിരായ അധിക്ഷേപങ്ങളും കടുത്ത വിമർശനങ്ങളുമെല്ലാം ചിരിപ്പിക്കുന്നതാണ്. പത്തു വർഷം മുമ്പും ഇതേ ചർച്ചകളെല്ലാം നടന്നിട്ടുണ്ട്. ഖത്തറിന് ടൂർണമെന്റ് ലഭിച്ചത് മുതൽ കാര്യങ്ങൾക്ക് മാറ്റംവന്നിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങളിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. ബഹളമുണ്ടാക്കുന്ന ചിലർക്ക് കഴിഞ്ഞ 20 വർഷത്തിനിടെ ഖത്തറിലുണ്ടായ പുരോഗതിയെക്കുറിച്ച് കാര്യമായൊന്നും പറയാനില്ല. ഇസ്‍ലാമിക നിയമം പിന്തുടരുന്ന രാജ്യമെന്ന നിലയിൽ ഖത്തറിൽ സ്വവർഗരതി നിയമവിരുദ്ധമാണ്. എന്നാൽ, ഖത്തർ എല്ലാവരെയും ലോകകപ്പിന് ക്ഷണിച്ചിട്ടുണ്ട്. സ്വവർഗാനുരാഗികളെയും അല്ലാത്തവരെയുമെല്ലാം. എന്നാൽ, തങ്ങളുടെ സംസ്‌കാരവും നിയമവും രീതികളുമെല്ലാം ബഹുമാനിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ശരിയാണെന്ന് കരുതുന്നില്ലെങ്കിലും മഴവിൽ നിറവും 'വൺ ലൗ' ആംബാൻഡുകളും പ്രോത്സാഹിപ്പിക്കുന്നത് ഖത്തറിൽ നിയമവിരുദ്ധമാണ്. നമ്മുടെ രാജ്യം സന്ദർശിക്കുന്നവരെ ഇവിടെ നിയമവിരുദ്ധമായത് പ്രോത്സാഹിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമൈക്കയിലെ കിങ്സ്റ്റണിൽ ജനിച്ച ജോൺ ബാർനെസ് ഇംഗ്ലണ്ടിനായി 79 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ് 11 ഗോളുകൾ നേടിയിട്ടുണ്ട്. 1983ൽ അരങ്ങേറ്റം കുറിച്ച താരം 1995ലാണ് വിരമിക്കുന്നത്. വാട്ട്ഫോഡ്, ലിവർപൂൾ, ന്യൂകാസിൽ യുനൈറ്റഡ് തുടങ്ങിയ പ്രീമിയർ ലീഗിലെ മുൻനിര ക്ലബുകൾക്ക് വേണ്ടിയും ജഴ്സിയണിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.