'2010ൽ ഘാന ചെയ്തത് ഞങ്ങളും ചെയ്യും'; മൊറോക്കൻ കുതിപ്പ് രണ്ടുമാസം മുമ്പേ പ്രവചിച്ച് ടീം അംഗം
text_fieldsഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളാണ് ആഫ്രിക്കൻ കരുത്തുമായെത്തിയ മൊറോക്കോ. ഗ്രൂപ്പ് ഘട്ടത്തിൽ ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെ അട്ടിമറിച്ചവർ.
പ്രീ ക്വാർട്ടറിൽ കരുത്തരായ സ്പെയിനെ തകർത്ത് അവർ അത്ഭുത കുതിപ്പ് തുടരുകയാണ്. നിശ്ചിത സമയത്തും അധിക സമയത്തും മുൻ ചാമ്പ്യന്മാരെ ഗോളടിക്കാതെ പിടിച്ചുകെട്ടിയ മൊറോക്കോ, പെനാൽറ്റി ഷൂട്ടൗട്ടിൽ ചെമ്പടയെ നിഷ്പ്രഭമാക്കിയാണ് അവസാന എട്ടിലെ ഏക ആഫ്രിക്കൻ പ്രതിനിധിയായത്. ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ തടുത്തിട്ട ഗോൾകീപ്പർ യാസീൻ ബൗനൗവായിരുന്നു അവരുടെ ഹീറോ.
എന്നാൽ, ടീമിലെ പ്രധാന താരമായ സോഫിയാൻ ബൗഫൽ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പ്രവചനമാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ ചർച്ചാ വിഷയം. ഖത്തറിലെ ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് യോഗ്യത നേടിയാൽ മൊറോക്കോ ഘാനയുടെ ലോകകപ്പ് വീരഗാഥകൾ ആവർത്തിക്കുമെന്നും ക്വാർട്ടർ ഫൈനലിൽ കടക്കുമെന്നും ബൗഫൽ അന്ന് അവകാശപ്പെട്ടിരുന്നു.
താരത്തിന്‍റെ വാക്കുകൾ അക്ഷരാർഥത്തിൽ ശരിയാകുകയും ചെയ്തു. ക്വാർട്ടറിലെ ബാക്കിയുള്ള ഏഴു ടീമുകളും യൂറോപ്, സൗത് അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ളവർ. സ്പെയിനെ ചൊവ്വാഴ്ച രാത്രി അതിവേഗ ഓട്ടത്തിലൂടെ, പവർ ഗെയിമിലൂടെ വിറപ്പിച്ച പ്രധാന താരങ്ങളിലൊരാളാണ് സോഫിയാൻ ബൗഫൽ. 2010ലെ ലോകകപ്പ് ക്വാർട്ടറിൽ ഉറുഗ്വായിയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഘാന കീഴടങ്ങിയത്.
എന്നാൽ, ക്വാർട്ടറും കടന്ന് സ്വപ്ന കുതിപ്പ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് മൊറോക്കോ. പോർചുഗലാണ് ക്വാർട്ടറിൽ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.