സ്പാനിഷ് രാജകുമാരിക്ക് ജഴ്സി വേണം; ഒപ്പിട്ടു നൽകി ഗാവി
text_fieldsഖത്തർ ലോകകപ്പിൽ അതിശയിപ്പിക്കുന്ന പ്രകടനത്തോടെ കളിയാരാധകരുടെ മനം കവരുന്ന താരമാണ് സ്‌പെയിനിന്റെ കൗമാര താരം ഗാവി. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കക്കെതിരെ ഗോൾ നേടിയ പതിനെട്ടുകാരൻ, 1958ന് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി മാറി. ലോകകപ്പിൽ സ്‌പെയിനിനായി ഗോളടിച്ച പ്രായം കുറഞ്ഞ കളിക്കാരൻ എന്ന നേട്ടം സെസ്ക് ഫാബ്രിഗസിൽനിന്ന് സ്വന്തമാക്കിയ ഗാവി ജർമനിക്കെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
സ്പാനിഷ് ഡ്രസ്സിങ് റൂമിലുണ്ടായ ഒരു അപൂർവ കൂടിക്കാഴ്ചയുടെ പേരിൽ ഗാവി ഇപ്പോൾ മാധ്യമങ്ങളിൽ നിറയുകയാണ്. താരത്തോടുള്ള ആരാധന മൂത്ത് സ്‌പെയിനിലെ യുവരാജകുമാരി, 17കാരിയായ ലിയോനർ ഗാവിയുടെ ജഴ്‌സി ഒപ്പിട്ടു വാങ്ങിയെന്ന് ഫുട്‌ബാൾ മാധ്യമമായ ഡയറിയോ എ.എസ് റിപ്പോർട്ട് ചെയ്യുന്നു. മകൾക്കു വേണ്ടി പിതാവ് ഫിലിപ്പ് ആറാമൻ രാജാവ് സ്‌പെയിൻ ഡ്രസിങ് റൂമിൽ നേരിട്ടെത്തിയാണ് ജഴ്‌സി സ്വീകരിച്ചത്.
ഖത്തറിലെ ആദ്യ മത്സരത്തിൽ നേടിയ വിജയത്തിൽ അഭിനന്ദനം അറിയിക്കാനാണ് രാജാവ് സ്‌പെയിൻ ഡ്രസ്സിങ് റൂമില്‍ എത്തിയത്. മത്സരത്തിൽ അഞ്ചാം ഗോൾ നേടിയ ഗാവി രാജാവിന് ഒപ്പിട്ട ജഴ്‌സി സമ്മാനിക്കുകയായിരുന്നു. ഇതിന്റെ ചിത്രവും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബാഴ്‌സലോണക്കായി ബൂട്ടണിയുന്ന താരം ക്ലബിന്റെ യൂത്ത് അക്കാദമിയിൽനിന്ന് കളി പഠിച്ച് 2021 നവംബറിലാണ് സ്‌പെയിൻ ദേശീയ ടീമിനായി കളത്തിലിറങ്ങിയത്. ദക്ഷിണ വെയിൽസിലെ യു.ഡബ്ല്യൂ.സി അറ്റ്‌ലാന്റിക് കോളജ് വിദ്യാർഥിനിയാണ് ലിയോനർ. സ്പെയിന്‍ രാജ്ഞി ലെറ്റിസിയയുടെ രണ്ടാമത്തെ മകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.