ട്രാൻസ്ഫർ ജാലകം തുറക്കുന്നു; ഹോട് ഫാവറിറ്റുകളായി മൊറോക്കോ താരങ്ങൾ
text_fieldsലോകകപ്പ് വേദിയൊഴിഞ്ഞ് ലോകം പതിവു കളിമുറ്റങ്ങളിലേക്ക് കണ്ണയച്ചുതുടങ്ങാനിരിക്കെ ഒരിക്കലൂടെ സജീവമാകാനൊരുങ്ങി ട്രാൻസ്ഫർ ജാലകം. ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനവുമായി പുതുമുഖങ്ങൾ പലരും കളം നിറഞ്ഞതോടെ ഇത്തവണ അവർക്കു പിന്നാലെ വമ്പന്മാർ എത്തുമെന്ന സൂചനകൾ സജീവം.
പ്രവചനക്കാരൊന്നും പരിഗണിക്കാതിരുന്നിട്ടും സെമി വരെയെത്തി ഞെട്ടിച്ച മൊറോക്കോ, യൂറോപിന്റെ പ്രതീക്ഷ നെഞ്ചേറ്റി മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ എന്നിവയുടെതുൾപ്പെടെ ചിലർക്കു പിന്നാലെ ടീമുകളുത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മൊറോക്കോയുടെ അസ്സുദ്ദീൻ ഉനാഹി, സുഫ്യാൻ അമ്രാബാത്, ഇംഗ്ലണ്ടിന്റെ കൗമാര പ്രതീക്ഷയായ ജൂഡ് ബെല്ലിങ്ങാം, നെതർലൻഡ്സിന്റെ കോഡി ഗാക്പോ, പോർചുഗലിന്റെ ഗൊൺസാലോ റാമോസ്, അർജന്റീനയുടെ എൻസോ ഫെർണാണ്ടസ്, ആസ്ട്രേലിയയുടെ ഹാരി സൂട്ടർ, ഫ്രഞ്ചു താരം അഡ്രിയൻ റാബിയോ, ജപ്പാന്റെ റിറ്റ്സു ഡോവൻ തുടങ്ങിയവരാണ് ഖത്തറിൽ ശരിക്കും ഞെട്ടിച്ചത്. പോർച്ചുഗൽ സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായിറങ്ങി ആദ്യ മത്സരത്തിൽതന്നെ ഹാട്രിക് നേടിയാണ് ഗൊൺസാലോ റാമോസ് പ്രതിഭ തെളിയിച്ചത്. മൊറോക്കോ നിരയിൽ പലരും യൂറോപ്യൻ ലീഗുകളിൽ കളിക്കുന്നവരാണെങ്കിലും 26 അംഗ സംഘത്തിൽ അവശേഷിച്ചവരെ കൂടി റാഞ്ചാൻ ക്ലബുകൾ എത്തിയേക്കും.
എയ്ഞ്ചേഴ്സിനായി കളിക്കുന്ന അസ്സുദ്ദീൻ ഉനാഹിക്കു പിന്നാലെ പ്രിമിയർ ലീഗിലെ ആഴ്സണൽ, ലെസ്റ്റർ ടീമുകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. താരത്തിന് 4.5 കോടി യൂറോ ലെസ്റ്റർ വാഗ്ദാനം നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.