ഓരോ ഉമ്മയിലും കരുത്തും പ്രാർഥനയും
text_fieldsദോഹ: ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ കിരീട ഫേവറിറ്റായ ബെൽജിയത്തെ വീഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിൽ പ്രവേശിച്ചതിനു പിന്നാലെ ഗാലറിയിലേക്ക് ഓടിക്കയറി ഉമ്മയെ കെട്ടിപ്പിടിച്ച് സ്നേഹചുംബനം നൽകിയ അഷ്റഫ് ഹകിമിയുടെ ചിത്രം മനസ്സിൽ പതിയാത്തവരായി ആരുമുണ്ടാവില്ല. ഈ ലോകകപ്പിന്റെ സുന്ദരമുഹൂർത്തമായി ആരാധകർ ഹൃദയത്തിലൊപ്പിയ നിമിഷം ലോകമാധ്യമങ്ങളുടെ മുഖചിത്രങ്ങളിൽ നിറഞ്ഞുനിന്നു.
ഖത്തർ ലോകകപ്പിൽ എതിരാളികളെ അമ്പരപ്പിച്ച് മുന്നേറുന്ന മൊറോക്കോ ദേശീയ ടീമിന്റെ കുതിപ്പിനു പിന്നിലെ മാതൃവാത്സല്യത്തിന്റെ ഉദാഹരണമായിരുന്നു ഹകിമിയും ഉമ്മയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ. കിരീട ഫേവറിറ്റായ സ്പെയിനിനെതിരായ മത്സരം പിരിമുറുക്കം നിറഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങിയപ്പോഴും ഗാലറിയിൽ നിറകണ്ണുകളും മന്ത്രിക്കുന്ന ചൂണ്ടുകളും കൂട്ടിപ്പിടിച്ച കൈകളുമായി സൂപ്പർതാരങ്ങളുടെ ഉമ്മമാരും കുടുംബങ്ങളുമുണ്ടായിരുന്നു. ദേശീയ ടീമിനായി മക്കൾ കളത്തിൽ പോരാടി ജയിക്കുന്നതിന് ഊർജമാകാൻ ടീമിനൊപ്പംതന്നെയുണ്ട് ഈ ഉമ്മമാർ.
മൊറോക്കോ ആരാധകർ ഏറെയുള്ള ഖത്തറിലേക്ക് ലോകകപ്പ് പോരാട്ടത്തിനിറങ്ങുമ്പോൾ കളിക്കാരുടെ മാതാക്കൾ ഉൾപ്പെടുന്ന കുടുംബവും കൂടെ വരട്ടേ എന്ന് നിർദേശിച്ചത് കോച്ച് വാലിദ് റെഗ്റാഗുവായിരുന്നു. റോയൽ മൊറോക്കൻ ഫുട്ബാൾ ഫെഡറേഷൻ ഫൗസി ലെക്ജാ നിർദേശം ആവേശത്തോടെ നടപ്പാക്കി.
ഇപ്പോൾ ടീമിന്റെ താമസസ്ഥലമായ വെസ്റ്റ്ബേയിലെ വിൻദാം ദോഹ ഹോട്ടൽ മാതാപിതാക്കളുടെ കരുതലുകൾ ഏറെയുള്ള ക്യാമ്പായി മാറിയിരിക്കുന്നു. കോച്ച് വാലിദിന്റെ മാതാവ് ഫാത്തിമ മാതൃകൂട്ടായ്മയുടെ ലീഡറാവുന്നു. കളിക്കാരനും പരിശീലകനുമായി 20 വർഷത്തിലേറെ നീണ്ട വാലിദിന്റെ കരിയറിനിടയിൽ ആദ്യമായാണ് താൻ അകമ്പടി പോവുന്നതെന്നാണ് 50 വർഷത്തിലേറെ ഫ്രാൻസിൽ കഴിയുന്ന ഫാത്തിമ മൊറോക്കൻ സ്പോർട്സ് ചാനലായ അരിയാദിയക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയതിനു പിന്നാലെ ഹകിം സിയഷ്, ഗോൾകീപ്പർ യാസിൻ ബോനോ, മധ്യനിര താരം അബ്ദുൽ ഹമിദ് സബിരി, കോച്ച് വാലിദ് എന്നിവരും ടച്ച് ലൈനും കടന്ന് ഗാലറി പടവുകൾ ഓടിക്കയറിയെത്തിയത് മാതൃ ആലിംഗനങ്ങളിലേക്കായിരുന്നു. ഗാലറിയിലിരുന്ന് ഉമ്മമാർ പകരുന്ന സ്നേഹവും കരുതലും മക്കൾ കളത്തിലെ പോരാട്ടവീര്യമാക്കി മാറ്റുമ്പോൾ അറ്റ്ലസ് ലയൺസ് ജയിക്കാതെ പോവുന്നതെങ്ങനെ.
ഫുട്ബാൾ ഫെഡറേഷൻ അതിഥികളായി ടീമിനൊപ്പമാണ് കളിക്കാരുടെ മാതാപിതാക്കളെങ്കിൽ വലിയൊരു ആരാധകപ്പടയും മൊറോക്കോയിൽനിന്ന് ഖത്തറിലെത്തിയിട്ടുണ്ട്. ഇവിടെ പ്രവാസികൾ ഉൾപ്പെടെ ഓരോ മത്സരത്തിനും 15,000ത്തോളം മൊറോക്കോക്കാർ ഗാലറികളിലെത്തുന്നു. ഇവർക്കു പുറമെ, അൽജീരിയ, തുനീഷ്യ ഉൾപ്പെടെ വിവിധ അറബ്, ആഫ്രിക്കൻ ടീമുകൾക്കും മൊറോക്കോ ഇഷ്ടക്കാരായി മാറി.
വൈഫ്സ് ആൻഡ് ഗേൾഫ്രൻഡ്സ് (വാഗ്സ്) എന്ന പേരിൽ ലോകകപ്പ് വേദികളിൽ യൂറോപ്യൻ, തെക്കൻ അമേരിക്കൻ താരങ്ങളുടെ ഭാര്യമാരും കാമുകിമാരും കളത്തിനു പുറത്ത് മാധ്യമശ്രദ്ധ നേടുമ്പോഴാണ് ഒരു കൂട്ടം ഉമ്മമാരുടെ സാന്നിധ്യം മൊറോക്കോയുടെ കുതിപ്പിന് ഊർജം പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.