സിസേറിയനും ആശുപത്രിക്കുമിടയിൽ താനിയയുടെ വളന്റിയർ ഡ്യൂട്ടി
text_fieldsദോഹ: രാവിലെ ആശുപത്രിയിലെത്തി എൻ.ഐ.സിയുവിലുള്ള അഞ്ചുദിവസം പ്രായക്കാരനായ പിഞ്ചോമനക്ക് മുലപ്പാൽ നൽകിയശേഷം ലുസൈലിലെ കതാറ ടവറിലേക്ക്. ഉച്ചമുതൽ വൈകീട്ട് വരെ വളന്റിയർ ഡ്യൂട്ടിയിൽ. ശേഷം വീണ്ടും ആശുപത്രിയിലെത്തി കുഞ്ഞിന് അമ്മയുടെ ചൂട് പകർന്ന് മുലപ്പാലും നൽകി വീട്ടിലേക്ക്.
ലോകകപ്പ് വളന്റിയർ ഡ്യൂട്ടി ജീവിതത്തിലെ വലിയൊരു അഭിലാഷമാക്കി മാറ്റിയ മലയാളി വീട്ടമ്മ കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ദൗത്യം പൂർത്തിയാക്കിയ കഥയാണിത്. ഖത്തറിൽ പ്രവാസിയായ പാലക്കാട് നെന്മാറ സ്വദേശി താനിയ റിയാസാണ് ഈ കഥയിലെ നായിക.
കഴിഞ്ഞ നവംബർ 10ന് ലോകകപ്പിന്റെ വി.ഐ.പി അതിഥികളുടെ താമസസ്ഥലമായ കതാറ ടവറിൽ ഗെസ്റ്റ് ഓപറേഷൻ ഓഫിസറായി ഡ്യൂട്ടിയിൽ പ്രവേശിക്കുേമ്പാൾ ഏഴുമാസം ഗർഭിണിയായിരുന്നു താനിയ. നിറവയറുമായി തന്നിലർപ്പിച്ച ദൗത്യം നിർവഹിക്കാനെത്തുേമ്പാൾ അതിഥികൾക്കും സഹപ്രവർത്തകർക്കും ആദ്യം കൗതുകമായിരുന്നു.
പിന്നെ, ആദരവും അഭിനന്ദനങ്ങളുമായി മാറി. രക്തസമ്മർദത്തിന്റെയും മറ്റും ബുദ്ധിമുട്ടുകൾ വന്നപ്പോഴൂം ലോകകപ്പ് വളന്റിയർ സേവനം എന്ന ദൗത്യം ആസ്വദിച്ച് താനിയ പ്രതിസന്ധികൾ മറികടക്കുകയായിരുന്നു.
ഒടുവിൽ, നവംബർ 29ന് വളന്റിയർ ഡ്യൂട്ടിയിൽനിന്നുതന്നെ ആശുപത്രിയിലേക്കുമെത്തി. ചില സങ്കീർണതകൾ കാരണം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ നിർദേശിച്ച ഡോക്ടർമാർ താനിയയെ അഡ്മിറ്റ് ചെയ്തു. ഡിസംബർ അഞ്ചിന് സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. ഏതാനും ദിവസങ്ങൾക്കുശേഷം വളന്റിയർ ഡ്യൂട്ടി പൂർത്തിയാക്കാനായി വീണ്ടുമെത്തി.
ഡിസംബർ പത്തിനും 11നും കതാറ ടവറിൽ വീണ്ടും വളന്റിയർ യൂനിഫോം അണിഞ്ഞെത്തിയ താനിയയെ വിവിധ രാജ്യക്കാരായ സഹപ്രവർത്തകരും മറ്റും മധുരം നൽകിയായിരുന്നു സ്വീകരിച്ചത്.
പ്രസവശേഷം രണ്ടുദിവസംകൂടി ജോലി ചെയ്ത് വളന്റിയർ ഡ്യൂട്ടി പൂർത്തിയാക്കിയ സന്തോഷത്തിലാണ് താനിയ. സർട്ടിഫിക്കറ്റുകളും സുവനീറും സമ്മാനങ്ങളുമെല്ലാം വാങ്ങി ഖത്തറിന്റെ ചരിത്രനിമിഷത്തിൽ പങ്കാളിയായ സംതൃപ്തി.
ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ ലീഗൽ ബ്രാൻഡ് പ്രൊട്ടക്ഷൻ വളന്റിയറായി ജോലി ചെയ്യുന്ന ഭർത്താവ് മുഹമ്മദ് റിയാസും മറ്റു മക്കളായ ഇഷിക സൈനബ്, ഇൻഷിദ മർയം എന്നിവരും എല്ലാ പിന്തുണയുമായി ഈ യാത്രയിലുണ്ടായിരുന്നെന്ന് താനിയ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.