ഖത്തറിന്റെ കളിയുത്സവം അറബ് ലോകവും ആഘോഷിക്കുകയാണ്
text_fieldsഷഫീഅ് മുനീസ്
ദോഹ: നവംബർ 20ന് മിഡിലീസ്റ്റിലെ ആദ്യ ലോകകപ്പിന് ഖത്തറിൽ കിക്കോഫ് കുറിച്ചതോടെ ഖത്തറിനൊപ്പം മേഖലയും അഭിമാനത്തിലും ആവേശത്തിമർപ്പിലുമാണ്.
ഇർബിലിലെ കഫേ, ഇസ്താംബൂളിലെ പബ്ബുകൾ എന്നിവ മുതൽ ഗാസ സിറ്റിയിലെ സ്റ്റേഡിയങ്ങൾ വരെ ടൂർണമെൻറ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ടെലിവിഷൻ സ്ക്രീനുകൾ മുന്നിൽ ആരാധകർ ഒത്തുചേരുന്ന കാഴ്ച. ഇസ്ലാമിക ലോകത്തെക്കുറിച്ചുള്ള പൊതുബോധം മാറ്റിമറിക്കാനും പുതിയ പ്രതീക്ഷകൾ ഉയർത്താനും ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ വഴിവെക്കുന്നു.
വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയുടെ തലസ്ഥാനമെന്നറിയപ്പെടുന്ന ഇർബിൽ നഗരത്തിലെ കഫേയിൽ ഫുട്ബോൾ ആരാധകരായ പഴയ തലമുറയും പുതിയ തലമുറയും ചൂടുള്ള ചായ നുണഞ്ഞ് വാഗ്വാദത്തിലേർപ്പെടുകയാണ്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതീക്ഷകളും ബലഹീനതകളും മുതൽ ലോകകപ്പ് ഖത്തറിലെത്തുമ്പോഴുള്ള സംസാരങ്ങൾ വരെ അതിലുണ്ട്.
ഇറാഖ്
2010ൽ ദക്ഷിണാഫ്രിക്ക ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് മുതലാണ് ലോകകപ്പ് കാണാൻ ആരംഭിച്ചതെന്നും ഭാവിയിൽ ഒരു ദിവസം ഒരു അറബ് രാജ്യം ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്നും 26കാരനായ റസൂൽ ഫരീദ് അൽ ജസീറ ചാനലിനോട് പറയുന്നു. ഒരു അറബ് രാജ്യത്ത് നടക്കുന്ന ലോകകപ്പ് അറബ്, ഇസ്ലാമിക രാജ്യങ്ങളെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചുമുള്ള പൊതുബോധത്തെ അട്ടിമറിച്ച്, നല്ല മതിപ്പ് നൽകുമെന്നത് എന്ത്കൊണ്ടും മികച്ച് നിൽക്കുമെന്നും ലോകകപ്പിൽ ഖത്തർ ടീമിനെ പിന്തുണക്കാൻ ഞാനിവിടെയുണ്ടെന്നും റസൂൽ ഫരീദ് പറഞ്ഞു.
2006 മുതൽ ലോകകപ്പ് മത്സരങ്ങൾ കാണുന്ന ഖലീൽ അഹ്മദ് പറയുന്നത്, ഒരു ദിവസം അത് അറബ് രാജ്യത്ത് എത്തുമെന്ന് കരുതിയിട്ട് പോലുമില്ലെന്ന്. ലോകകപ്പ് ഞങ്ങൾക്കുള്ളതല്ല, അത് യൂറോപിനും അമേരിക്കക്കുമുള്ളതാണെന്നും കരുതിയിരുന്നുവെന്നുമായിരുന്നു.
ഇറാഖിലെ ഇർബിലിൽ ഫുട്ബോൾ മത്സരങ്ങളുടെ സ്ക്രീനിംഗിന് പേര് കേട്ട പ്രദേശമാണ് ഇസ്കാൻ. 2007ൽ ഇറാഖ് ഏഷ്യൻ കപ്പ് നേടിയത് പിതാവിനും സുഹൃത്തുക്കൾക്കുമൊപ്പം ഇവിടെ നിന്ന് കണ്ടതും തെരുവിൽ ആഘോഷിച്ചതും ഫുട്ബോളുമായുള്ള ആദ്യകാല ഓർമകളാണെന്ന് 22കാരനായ അലി കരീം പറയുന്നു.
'ഫുട്ബോളിനെ ഞാനേറെ ഇഷ്ടപ്പെടുന്നു, ലോകകപ്പ് ഫുട്ബോൾ ഒരു അറബ് രാജ്യത്ത് നടക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ലോകകപ്പിൽ ഇഷ്ട ടീം ബ്രസീലാണ്' -അലി കരീം കൂട്ടിച്ചേർത്തു.
തുർക്കി
32 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളുടെ അവസാന ഘട്ടത്തിൽ കാലിടറി വീണ് പുറത്തായിട്ടും തുർക്കി ജനത ഖത്തർ ലോകകപ്പിെൻറ പിന്നാലെയാണ്.
ഇസ്താംബൂളിലെ തിരക്കേറിയ ബിയോഗ്ലു ഡിസ്ട്രിക്ടിലെ കോർണർ ഐറിഷ് പബ്ബിൽ ഞായറാഴ്ച ഖത്തർ-എക്വഡോർ ഉദ്ഘാടന മത്സരം കാണാൻ നിരവധി പേരാണ് ഒത്തുചേർന്നത്. നാട്ടുകാരും വിനോദസഞ്ചാരികളും അവരിലുണ്ടായിരുന്നു.
എല്ലാ മത്സരങ്ങളും ഇംഗ്ലീഷിൽ കമൻററിയോടെ ഇവിടെ പ്രദർശിപ്പിക്കുമെന്നും തൻെറ സമ്പാദ്യം അർജൻറീന കപ്പ് നേടാൻ വേണ്ടി ചെലവഴിച്ചുവെന്നും പബ്ബ് മാനേജർ സഫറിനെ ഉദ്ധരിച്ച് 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു.
ഈ ലോകകപ്പിൽ അർജൻറീനക്കാണ് പിന്തുണയെന്ന് തുർക്കിയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ എർസോയ് ഓസ്ദം പറഞ്ഞു. ലോകകപ്പ് ഏത് രാജ്യത്തും നടത്താമെന്നാണ് എെൻറ വിശ്വാസം. എന്നാൽ യൂറോപ്യൻ ക്ലബ് സീസണിെൻറ മധ്യത്തിൽ വരുന്ന മത്സരങ്ങളുടെ സമയം സംബന്ധിച്ച് ചില പ്രശ്നങ്ങൾ ശ്രദ്ധയിലുണ്ടെന്നും ഒസ്ദം കൂട്ടിച്ചേർത്തു.
നെതർലാൻഡ്സിൽ വളർന്ന തുർക്കിഷ് പത്ര പ്രവർത്തകനും എഴുത്തുകാരനുമായ തുലേ ഡെമിർ ഓറഞ്ച് പടക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ' ബ്രസീൽ കപ്പ് നേടുമെന്നാണ് കരുതുന്നത്. അതോടൊപ്പം പകുതി ഡച്ചുകാരനായ എനിക്ക്റ രാജ്യം അതിെൻറ ഭാഗമാണെന്ന് പറയുന്നത് അഭിമാനമാണ്' -അവർ പറഞ്ഞു.
ലോകകപ്പ് ഒരു മുസ്ലിം രാജ്യത്ത് നടക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ സംബന്ധിച്ചും അവർ പങ്ക് വെച്ചു. മേഖലയിൽ ലോകകപ്പ് സംഘടിപ്പിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഗസ്സ
ഇസ്രായേൽ ഉപരോധത്തിന് കീഴിലുള്ള ഗസ്സ മുനമ്പിൽ, ലോകകപ്പിെൻറ ആദ്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഉദ്ഘാടന ചടങ്ങും നടന്നിരുന്നു. നൂറുക്കണക്കിന് ഫലസ്തീൻ ആരാധകരും അത്ലറ്റുകളും ഫലസ്തീൻ സ്റ്റേഡിയം ഹാളിൽ ഒരുമിച്ച് കൂടി. ഖത്തർ ടീമിന് വേണ്ടി ശബ്ദിച്ച ആരാധകർ ഖത്തറിെൻറയും ഫലസ്തീെൻറയും പതാകകൾ ഒരുമിച്ച് ഉയർത്തി.
'ഫുട്ബാൾ ആരാധകനും കായികതാരമായും കായിക േപ്രമിയുമായാണ് ഞാനിവിടെ ഇന്ന് മക്കളോടൊപ്പം ഇരിക്കുന്നതെന്ന് 42കാരനായ മുറാദ് ബദർ പറഞ്ഞു. 1994 മുതൽ ലോകകപ്പ് കാണുന്നുണ്ടെന്നും ഒരു അറബ് രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ആദ്യമാണെന്നും സംഘാടനം ഗംഭീരമാണെന്നും തയ്യാറെടുപ്പുകൾ ശ്രദ്ധേയമായെന്നും ബദർ വ്യക്തമാക്കി.
വേദികളും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുന്നതിൽ ഖത്തർ വലിയ പ്രയത്നങ്ങൾ നടത്തിയിട്ടുണ്ട്. ഖത്തറിനും മറ്റ് അറബ് ടീമുകളായ സൗദി അറേബ്യ, മൊറോക്കോ, തുനീഷ്യ എന്നിവക്കും പിന്തുണ നൽകാനാണ് ഞങ്ങളുടെ തീരുമാനം -അദ്ദേഹം പറഞ്ഞു.
മുമ്പ് മൂന്ന് തവണ ഖത്തർ സന്ദർശിക്കാനായത് ഭാഗ്യമാണെന്ന് ഫലസ്തീൻ ദേശീയ ടേബിൾ ടെന്നിസ് താരമായ അബ്ദുല്ല അൽ സഖ പറഞ്ഞു. 2006 മുതൽ 2022 വരെ ഖത്തർ വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നതെന്നും അമീറും ഗവൺമെൻറും ജനതയുമുൾപ്പെടുന്ന ഖത്തർ അത് തെളിയിക്കുകയാണ് -37കാരൻ പറഞ്ഞു.
'ഖത്തറിന് ലോകകപ്പിന് അർഹതയുണ്ട്. അറബികളും മുസ്ലിംകളും എന്ന നിലയിൽ അന്താരാഷ്ട്ര ശക്തികൾക്കൊപ്പം നിൽക്കാൻ കഴിയുമെന്ന സന്ദേശമാണ് ലോകകപ്പിലൂടെ നൽകാൻ കഴിയുന്നത്' - അബ്ദുല്ല കൂട്ടിച്ചേർത്തു. അറബികൾ എന്ന നിലയിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. അറബ്, മുസ്ലിം രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് അഭിമാനകരമായ നേട്ടമാണ്. ഗാസ മുനമ്പിൽ ഖത്തർ നൽകി വരുന്ന പിന്തുണക്ക് നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.