ലുസൈലിലെത്തി ക്രിസ്റ്റ്യാനോയെ കണ്ട ദിനം
text_fieldsദോഹ: നീണ്ട ചുരുണ്ട മുടികളുമായി കളം വാഴുന്ന നെതർലൻഡ്സിൻെറ ഇതിഹാസ താരം റുഡ് ഗുള്ളിറ്റായിരുന്നു കൗമാരനാളുകളിൽ ഞങ്ങളുടെയെല്ലാം ഫുട്ബാൾ പ്രതീകം. വശ്യമായി കളിയും, ആകാരവുമെല്ലാം ഫുട്ബാളിനോടും, പിന്നെ ലോകകപ്പിനോടുമെല്ലാം അരികെ ചേർത്ത കാലം മുതലേ മനസ്സിൽ കൂടുകൂട്ടിയതായിരുന്നു ലോകകപ്പിൻെറ ഗാലറിയിലിരുന്ന് ഒരു കളി കാണുകയെന്നത്.
എന്നാൽ, പൊതുപ്രവർത്തനവും തിരക്കുമെല്ലാമായി പലലോകകപ്പുകളും കടന്നു പോയെങ്കിലും ഏറ്റവും അരികിലായി ഖത്തർ എത്തിയപ്പോൾ മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. സുഹൃത്തുക്കളുടെ കൂടി സഹായത്താൽ ഖത്തറിലെ ലോകകപ്പിനുള്ള ഏതാനും മാച്ച് ടിക്കറ്റുകൾ ഒപ്പിച്ച് ദോഹയിലേക്ക് പറന്നു.
ഞായറാഴ്ച രാത്രിയിലായിരുന്നു ഖത്തറിലെത്തിയത്. തിങ്കളാഴ്ച പ്രിയപ്പെട്ട താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയ പോർചുഗൽ -ഉറുഗ്വായ് മത്സരം ലുസൈൽ സ്റ്റേഡിയത്തിൻെറ ഗാലറിയിലിരുന്ന് മനോഹരമായി തന്നെ കണ്ടു.
രണ്ട് മികച്ച ടീമുകളും മികച്ച താരങ്ങളും മാറ്റുരച്ച പോരാട്ടത്തിന് ഗാലറിയിൽ സാക്ഷിയാവുക, ഇഷ്ട ടീമിൻെറ വിജയം കാണുക എന്നിവ സ്വപ്ന സാഫല്യമായി. ഗ്രൂപ്പ് റൗണ്ടിൽ ആസ്ട്രേലിയ -ഡെന്മാർക്, ജർമനി -കോസ്റ്റാറിക മത്സരങ്ങളുടെ ടിക്കറ്റുമുണ്ട്. ഇവകൂടി കണ്ട ശേഷം ഡിസംബർ മൂന്നോടെ നാട്ടിലേക്ക് മടങ്ങും.
ലോകകപ്പ് വേദികളിലെ അനുഭവം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. 88,000ത്തോളം പേർ നിറഞ്ഞ ഗാലറി നൽകുന്ന ആരവങ്ങളും, കാണികളുടെ സാന്നിധ്യവുമെല്ലാം മറ്റൊരു സ്റ്റേഡിയങ്ങളിലും ലഭിക്കാത്ത അനുഭൂതിയാണ്. പോർചുഗലാണ് ഇഷ്ട ടീം. ഏറെ മികച്ച താരങ്ങളുള്ള സംഘം ലോകകപ്പിൽ ഏറെ മുന്നോട്ട് പോവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.