കല്ലരട്ടിക്കലിൽ വീട് ബ്രസീൽ ഹൗസാക്കി ആരാധകർ
text_fieldsഊർങ്ങാട്ടിരി: ലോകകപ്പ് അടുത്തെത്തിയതോടെ താമസിക്കുന്ന വീടിന് പൂർണമായി മഞ്ഞ നിറം നൽകി ഒരുകൂട്ടം ബ്രസീൽ ആരാധകർ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷ് എടക്കരയുടെ വീടാണ് നിറം മാറ്റിയത്. വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
മൂന്നു ദിവസംകൊണ്ടാണ് ബ്രസീൽ ആരാധകരുടെ നേതൃത്വത്തിൽ വീട് മഞ്ഞയാക്കിയത്. ലോകകപ്പ് കഴിയുംവരെ വീട് പൂർണമായി തങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ബ്രസീൽ ആരാധകർ പറയുന്നു. വീടിന് മുന്നിലെ ചുമരിൽ ബ്രസീൽ ഹൗസ് എന്നും എഴുതിയിട്ടുണ്ട്. തുടക്കം മുതൽ അവസാനം വരെ മത്സരങ്ങൾ കാണാനാണ് ഇത്തരത്തിൽ വീട് സജ്ജീകരിച്ചത്.
അകത്തേക്ക് കയറിയാൽ ബ്രസീൽ താരങ്ങളായ പെലെ, റൊണാൾഡീേഞ്യാ, കക്ക, റൊമേരിയോ, റൊണാൾഡോ, നെയ്മർ ഉൾപ്പെടെ താരങ്ങളെ ചുമരിൽ കാണാം. ഖത്തറിൽ ഇത്തവണ ബ്രസീൽ കപ്പടിക്കും എന്ന് ഇവിടത്തെ ആരാധകർ ഒരുപോലെ പറയുന്നു. അതേസമയം, പ്രദേശത്തെ അർജന്റീന, പോർചുഗൽ, ജർമനി, സ്പെയിൻ ഉൾപ്പെടെ മറ്റു ടീമുകളുടെ ആരാധകരും ലോകകപ്പിനെ വരവേൽക്കാൻ ഒപ്പത്തിനൊപ്പം ഒരുങ്ങിയിട്ടുണ്ട്. ഇവരും കൊടി തോരണങ്ങളും മറ്റും കെട്ടി പ്രദേശത്തെ ഭംഗിയാക്കിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.