കളി ലുസൈലിൽ, റെക്കോഡുകൾ സമൂഹമാധ്യമങ്ങളിൽ
text_fieldsദോഹ: ആവേശനിമിഷങ്ങളും ഉദ്വേഗഭരിത മുഹൂർത്തങ്ങളും ഗോളുകളും നിറഞ്ഞ ലോകകപ്പ് ഫൈനൽ പോരാട്ടം തീർത്ത റെക്കോഡുകൾ ഒരുപാടാണ്. അവയുടെ കൂട്ടത്തിലേക്ക് അതിശയിപ്പിക്കുന്ന പലതും കൂട്ടിച്ചേർക്കുകയാണ് സമൂഹ മാധ്യമങ്ങൾ. വാട്സ്ആപിലാണ് വിസ്മയകരമായ ഒരു റെക്കോഡ് പിറവി കൊണ്ടത്.
അർജൻറീനയും ഫ്രാൻസും ഏറ്റുമുട്ടിയ ഫൈനൽ മത്സരത്തിനിടയിലെ പിരിമുറുക്കവും സമ്മർദവും ഫാൻഫൈറ്റുമൊക്കെ ചേർന്നപ്പോൾ വാട്സ്ആപ്പിൽ ഓരോ സെക്കൻഡിലും പറന്നത് രണ്ടരക്കോടിയിലേറെ സന്ദേശങ്ങൾ. ടൈബ്രേക്കറിന്റെ സങ്കീർണതയിലാണ് ചറപറാ സന്ദേശങ്ങൾക്ക് ഗതിവേഗം കൂടിയത്. ട്വീറ്റിൽ വാട്സ്ആപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കിരീടം ചൂടിയ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിൽ കപ്പുമായുള്ള ചിത്രം പോസ്റ്റ് ചെയ്തത് റെക്കോഡിട്ടിരുന്നു. ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ പോസ്റ്റായി അത് മാറി. 6.9 കോടി ആളുകളാണ് ആ ചിത്രം രണ്ടു ദിവസത്തിനുള്ളിൽ ലൈക് ചെയ്തത്. വാട്സ്ആപിെൻെറയും ഫേസ്ബുക്കിെൻെറയും പാരൻറ് കമ്പനിയായ മെറ്റയുടെ സി.ഇ.ഒ മാർക് സക്കർബർഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഫൈനലിൽ ഫ്രാൻസ് ഗോൾ നേടിയപ്പോൾ ട്വിറ്ററും വെറുതെയിരുന്നില്ല. സെക്കൻഡിൽ ശരാശരി 24,400 ട്വീറ്റുകളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. ലോകകപ്പ് കണക്കിൽ ഇതേറ്റവും ഉയരത്തിലാണെന്ന് ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക് വ്യക്തമാക്കി. ഈ ആവേശ നിമിഷങ്ങൾക്ക് സാക്ഷിയായി ഗാലറിയിൽ ഒതുങ്ങിയിരിക്കുകയായിരുന്നില്ല ഗൂഗ്ൾ.
25 വർഷത്തെ ഏറ്റവുമുയർന്ന ട്രാഫിക് ആണ് ഫിഫ ലോകകപ്പ് ഫൈനലിനിടെ ഗൂഗ്ളിൽ റെക്കോഡ് ചെയ്യപ്പെട്ടത്. ‘ലോകം മുഴുവൻ ഒരേ കാര്യത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നതു പോലെയായിരുന്നു അത്’ -ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.