ഇന്നു തീരും ഗ്രൂപ് കളി
text_fieldsദോഹ: നവംബർ 20ന് അൽബെയ്ത് സ്റ്റേഡിയത്തിൽ ഖത്തർ-എക്വഡോർ മത്സരത്തോടെ ആരംഭിച്ച ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ് റൗണ്ട് പോരാട്ടങ്ങൾ വെള്ളിയാഴ്ച രാത്രി അവസാനിക്കും. ഗ്രൂപ് എച്ചിലെ ദക്ഷിണ കൊറിയ-പോർചുഗൽ, ഘാന-ഉറുഗ്വായ്, ജിയിലെ കാമറൂൺ-ബ്രസീൽ, സെർബിയ-സ്വിറ്റ്സർലൻഡ് കളികളാണ് ബാക്കിയുള്ളത്.രണ്ടു ഗ്രൂപ്പിൽനിന്നുമായി യഥാക്രമം പോർചുഗലും ബ്രസീലും ഇതിനകം പ്രീക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്. ചെറുതും വലുതുമായ സാധ്യതകളിലേക്ക് ശക്തിയും ഭാഗ്യവും പരീക്ഷിക്കുകയാണ് മറ്റു ടീമുകൾ.
ദക്ഷിണ കൊറിയക്ക് കടക്കാമോ? ഘാനക്കും ഉറുഗ്വായിക്കും പ്രതീക്ഷ
ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയക്ക് വൻകരയുടെ പ്രതീക്ഷകൾ പേറി നോക്കൗട്ടിൽ കടക്കൽ നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ല. ഇന്ന് പോർചുഗലിനെ മറിച്ചിട്ടാൽ മാത്രം പോരാ, അപ്പുറത്തെ ഘാന-ഉറുഗ്വായ് ഫലവും നോക്കണം.ആറു പോയന്റുമായി പോർചുഗൽ ഗ്രൂപ് എച്ചിൽ ഒന്നാമതാണ്. ഘാനക്ക് മൂന്നും കൊറിയക്കും ഉറുഗ്വായിക്കും ഓരോ പോയന്റുമാണുള്ളത്. ഉറുഗ്വായിയെ തോൽപിച്ചാൽ ഘാനക്ക് ആറു പോയന്റ് നേടി അനായാസം കടക്കാം.
സമനിലയാണെങ്കിലും സാധ്യത സജീവമാണ്. ഉറുഗ്വായ്-ഘാന മത്സരം സമനിലയിൽ കലാശിച്ചാൽ അപ്പുറത്ത് കൊറിയക്ക് രണ്ടു ഗോൾ വ്യത്യാസത്തിലെങ്കിലും ജയിച്ചിട്ടേ കാര്യമുള്ളൂ.ഉറുഗ്വായിക്കും കാര്യമായ പ്രതീക്ഷയുണ്ട്. ഘാനയെ തോൽപിക്കുകയും പോർചുഗൽ കൊറിയക്കെതിരെ ജയിക്കുകയും ചെയ്താൽ നാലു പോയന്റുമായി ലൂയി സുവാരസിന്റെ ലാറ്റിനമേരിക്കൻ സംഘം അവസാന 16ലേക്ക് ടിക്കറ്റെടുക്കും.
സ്വിറ്റ്സർലൻഡ്-സെർബിയ മത്സരം തീരുമാനിക്കും
ആദ്യ രണ്ടു കളിയും ജയിച്ച ബ്രസീൽ ഗ്രൂപ് ജി ജേതാക്കൾപട്ടം ഉറപ്പിക്കാനാണ് കാമറൂണിനെതിരെ ഇറങ്ങുന്നത്. സ്വിറ്റ്സർലൻഡ് മൂന്നു പോയന്റുമായി രണ്ടാമതും ഓരോ പോയന്റിൽ കാമറൂണും സെർബിയയും മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. കാമറൂണിന് ബ്രസീലിനെ അട്ടിമറിക്കുകയെന്ന സാഹസത്തിനൊപ്പം സ്വിസ്-സെർബ് കളി കൂടി നോക്കണം. ജയം സ്വിറ്റ്സർലൻഡിനെ അനായാസം കടത്തിവിടും.
സ്വിറ്റ്സർലൻഡിനെ തോൽപിക്കാനാവുകയും കാമറൂൺ ബ്രസീലിനോട് തോൽക്കുകയും ചെയ്താൽ സെർബിയക്ക് നാലു പോയന്റുമായി ടിക്കറ്റ് കിട്ടും. സെർബിയയുമായി സമനിലയിൽ പിരിഞ്ഞാൽപോലും നോക്കൗട്ട് സാധ്യതകളിൽ മുന്നിൽ സ്വിറ്റ്സർലൻഡാണ്. ആ സാഹചര്യത്തിൽ, ബ്രസീലിനെതിരെ വൻ മാർജിനിൽ കാമറൂൺ ജയിച്ചാൽ മാത്രമേ സ്വിസ് സംഘം പുറത്താവൂ.
പോർചുഗലും ബ്രസീലും പ്രീക്വാർട്ടറിൽ മുട്ടുമോ?
ഗ്രൂപ് ജിയിലെ ജേതാക്കളും എച്ചിലെ റണ്ണറപ്പും ജിയിലെ രണ്ടാം സ്ഥാനക്കാരും എച്ചിലെ ഒന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടറിൽ പരസ്പരം ഏറ്റുമുട്ടുക. നിലവിൽ യഥാക്രമം ബ്രസീലും പോർചുഗലുമാണ് ഓരോ ഗ്രൂപ്പിലും മുന്നിൽ നിൽക്കുന്നത്. ഇതിനാൽത്തന്നെ, ബ്രസീൽ-പോർചുഗൽ പ്രീക്വാർട്ടറിന് ചില അത്ഭുതങ്ങൾ സംഭവിക്കണം.
കാമറൂണിനോട് ബ്രസീൽ കൂറ്റൻമാർജിനിൽ തോൽക്കുകയും സെർബിയക്കെതിരെ സ്വിറ്റ്സർലൻഡ് വൻവിജയം നേടുകയും ചെയ്താലേ കാനറികൾ രണ്ടാമതാവൂ. അപ്പുറത്ത് കൊറിയയോട് വലിയ വ്യത്യാസത്തിൽ പോർചുഗൽ പരാജയപ്പെടുകയും ഘാന ഉറുഗ്വായിയെ മികച്ച സ്കോറിൽ തോൽപിക്കുകയും ചെയ്താൽ പറങ്കികൾ എച്ചിലെ റണ്ണറപ്പാവാനുള്ള സാധ്യത തെളിയും.
രണ്ടിലൊരു ഗ്രൂപ്പിൽ മാത്രം ഇങ്ങനെ ചിലത് സംഭവിച്ചാലേ ബ്രസീലും പോർചുഗലും പ്രീക്വാർട്ടറിൽ മുഖാമുഖം വരൂ. ഇരു ടീമും അവരവരുടെ ഗ്രൂപ്പിൽ ജേതാക്കളാണെങ്കിൽ അടുത്ത റൗണ്ടിൽ നേർക്കുനേർ വരില്ല. രണ്ടു കൂട്ടരും രണ്ടാം സ്ഥാനക്കാരായാലും പ്രീക്വാർട്ടറിൽ ബ്രസീൽ-പോർചുഗൽ മത്സരം ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.