കരക്കിരുന്നവരുടെ ആനന്ദം
text_fieldsദോഹ: പകരക്കാർക്കുള്ള ബെഞ്ചിലിരിക്കുകയെന്നത് കളിയിലെ ഏറ്റവും നിരാശയുളവാക്കുന്ന കാര്യമാണ്. ബൂട്ടും ജഴ്സിയുമണിഞ്ഞ് ഒരുങ്ങിനിൽക്കുമ്പോഴും ഗാലറിയിലെന്നപോലെ കളി കാണാൻ വിധിക്കപ്പെട്ടവർ. ഇങ്ങനെ കരക്കിരിക്കുന്നവർ കളത്തിലുള്ളവരേക്കാൾ പ്രതിഭാശാലികളാണെങ്കിൽ ആ വ്യഥയുടെ ആഴം കൂടും.കളത്തിലുള്ളവർ കരുത്തുകാട്ടാതെ പോകുമ്പോൾ കരക്കിരിക്കുന്നവരിലേക്ക് ആരെങ്കിലും വിരലുകൾ ചൂണ്ടും. അവരുണ്ടായിരുന്നെങ്കിലെന്ന് ആൾക്കൂട്ടം പരിഭവമായി പറയും.
അങ്ങനെ പറഞ്ഞു പറഞ്ഞാണ് മാർകസ് റാഷ്ഫോർഡും ഫിൽ ഫോഡനും കളത്തിലെത്തുന്നത്. ഒരുതവണ മാത്രമായേക്കാവുന്ന ആ അവസരത്തെ അവർ അറിഞ്ഞുപയോഗിച്ചു. അവർക്കുവേണ്ടി മുറവിളിച്ചവരുടെ വിശ്വാസം കാത്തു. 76ാം മിനിറ്റിൽ റാഷ്ഫോർഡ് പകരക്കാരനുവേണ്ടി തിരിച്ചുകയറുമ്പോൾ കോച്ച് ഗാരെത് സൗത്ഗേറ്റ് അയാളെ ചേർത്തുനിർത്തി ആലിംഗനം ചെയ്ത് അതീവ സന്തോഷത്തോടെ കളിചിരികൾ പറഞ്ഞൊരു ദൃശ്യമുണ്ടായിരുന്നു, ഇന്നലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ. രണ്ടു ഗോൾ നേടിയതിന്റെ ആനന്ദത്തിനൊപ്പം മാർകസിന്റെ മനസ്സിൽ അതു നൽകുന്ന ആഹ്ലാദത്തിന് മധുരമേറെയായിരിക്കും.
പക്ഷേ, അതിനേക്കാളൊക്കെ മുകളിലാണ് ഫിൽ ഫോഡന്റെ ജൂബിലേഷൻ. മുൻവിധികളിൽ കുരുങ്ങിയ സൗത്ത്ഗേറ്റിന്റെ കരുനീക്കങ്ങളിൽ അയാൾക്കാദ്യം സ്ഥാനമേ ഉണ്ടായിരുന്നില്ല. പക്ഷേ, ലഭ്യമായ ആദ്യവസരത്തിൽ ഫോഡൻ ആ തിരസ്കാരങ്ങളുടെ കെട്ടുപൊട്ടിച്ചു ചാടി. മൂന്നിലൊരു ഗോൾ അയാളുടെ സംഭാവനയായിരുന്നു. അതിലുമേറെയായി, വെയ്ൽസുകാർക്കെതിരായ ഇരച്ചുകയറ്റങ്ങളുടെ കേന്ദ്രബിന്ദു ഫോഡനായിരുന്നു. ഒരുപക്ഷേ, ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള കരിയറിൽ ആ 22കാരന്റെ ജീവിതത്തിലെ അതിനിർണായക പോരാട്ടമാകും ചൊവ്വാഴ്ച അവൻ കളിച്ചുതീർത്തത്.
ആദ്യകളിയിൽ ഇറാനെ അടപടലം വാരിയ ഇംഗ്ലണ്ടായിരുന്നില്ല അടുത്ത കളിയിൽ യു.എസ്.എക്കെതിരെ കളത്തിലുണ്ടായിരുന്നത്. അവിടെ കളിയൊഴുക്ക് കുറഞ്ഞു. മുന്നേറ്റങ്ങൾക്ക് മൂർച്ചയില്ലാതായി. അതോടെ ആരാധകർ മുറവിളിയുമായി രംഗത്തെത്തി. മാഞ്ചസ്റ്റർ സിറ്റിയിൽ നിറഞ്ഞുകളിക്കുന്ന ഫോഡന് ഇംഗ്ലണ്ട് കോച്ച് സൗത്ത്ഗേറ്റിന്റെ തന്ത്രങ്ങളിൽ കാര്യമായ ഇടമുണ്ടായിരുന്നില്ല. എന്നാൽ, യു.എസ്.എക്കെതിരെ മികവിലേക്കുയരാതെ പോയ ടീമിനെതിരെ വിമർശനമുയരുകയും ഫോഡനുവേണ്ടി ആരാധകർ രംഗത്തെത്തുകയുമായിരുന്നു. റാഷ്ഫോർഡിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിരുന്നു.
പിന്നാലെ, വെയ്ൽസിനെതിരായ മത്സരത്തിൽ ഇരുവരും സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടംനേടി. ഒന്നാന്തരം കളി കെട്ടഴിച്ച് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഇംഗ്ലീഷ് നിര വെയ്ൽസിനെ തോൽപിച്ചപ്പോൾ തകർത്തുകളിച്ച റാഷ്ഫോർഡും ഫോഡനും ഗോളുകൾ പങ്കിട്ടെടുക്കുകയായിരുന്നു.
വല്ല പ്രതീക്ഷയും കാത്തു സൂക്ഷിക്കാൻ നാലു ഗോളുകൾക്കെങ്കിലും ജയിക്കേണ്ടിയിരുന്ന വെയ്ൽസിന് വല കുലുക്കുന്നതിലൊന്നും വലിയ താൽപര്യം തോന്നിയില്ല. ഗാരെത് ബെയ്‍ലും ആരോൺ റാംസിയുമൊക്കെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിന്റെ മുറ്റത്ത് വെറുതെ ഉലാത്തിനടന്നതോടെ ഇംഗ്ലണ്ട് അനായാസം വിജയം നേടുകയായിരുന്നു. ഇനി സെനഗാളാണ് എതിരാളികൾ.
20 വർഷത്തെ ഇടവേളക്കുശേഷമാണ് ആഫ്രിക്കക്കാർ പ്രീക്വാർട്ടറിൽ ഇടംനേടിയത്. പരിക്കേറ്റു പിന്മാറിയ സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിനിടയിലും മികച്ച പ്രകടനവുമായാണ് ഗ്രൂപ് 'എ'യിൽ നെതർലൻഡ്സിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി സെനഗാൾ പ്രീക്വാർട്ടറിലെത്തുന്നത്. സെനഗാളിനെതിരെയും ഫോഡനെയും റാഷ്ഫോർഡിനെയും കളത്തിലിറക്കണമെന്ന് മുൻ ക്യാപ്റ്റർ അലൻ ഷിയറർ ഉൾപ്പെടെ നിരവധി പേർ ആവശ്യപ്പെട്ടുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.