കിരീടമണിഞ്ഞ് രാജാവ് മടങ്ങി; 'പുള്ളാവൂരിലെ മെസ്സി'ക്കും ഇനി വിശ്രമം
text_fieldsകോഴിക്കോട്: ലോകകപ്പ് ആരംഭിക്കും മുമ്പെ ലോകശ്രദ്ധ നേടിയ കോഴിക്കോട് പുള്ളാവൂർ പുഴയിലെ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് നീക്കംചെയ്തു. ഫിഫയുടെ ഔദ്യോഗിക പേജിലടക്കം ഇടം പിടിച്ച കട്ടൗട്ടാണ് അർജന്‍റീന ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ ആരാധകരെത്തി നീക്കം ചെയ്തത്. 'ആദ്യമെത്തി ഒന്നാമനായി മടങ്ങി, രാജകീയമായി ഉയർത്തിയ കട്ടൗട്ട് അതി രാജകീയമായി തന്നെയാണ് നീക്കം ചെയ്തത്', ആരാധകർ പ്രതികരിച്ചു.
പുള്ളാവൂര്‍ പുഴയില്‍ 30 അടി ഉയരത്തിലാണ് മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചിരുന്നത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ഇത് ഇടം പിടിച്ചത്. കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയായതോടെ ബ്രസീല്‍ ആരാധകരെത്തി 40 അടി വലുപ്പമുള്ള നെയ്മറിന്റെ കട്ടൗട്ട് പുഴക്കരയില്‍ ഉയർത്തി. പിന്നാലെ പോര്‍ച്ചുഗല്‍ ആരാധകര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 50 അടി ഉയരമുള്ള കട്ടൗട്ട് കൂടി സ്ഥാപിച്ചു. 'ലോകകപ്പ് ജ്വരം കേരളത്തിലും' എന്ന കുറിപ്പോടെ ഫിഫ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇതിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് ഫിഫയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറയുകയും ചെയ്തിരുന്നു.
അതേസമയം കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്നും ഇത് പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമാകുമെന്നും പറഞ്ഞ് അഭിഭാഷകൻ പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.