മെസ്സിയെ ഭീഷണിപ്പെടുത്തിയ ആ മെക്സിക്കൻ ബോക്സറും ഇപ്പോൾ സൂപ്പർ താരത്തിന്റെ ആരാധകൻ
text_fieldsഏതാനും ദിവസങ്ങൾക്ക് മുമ്പ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കോക്കാരനായ ലോക ചാമ്പ്യൻ ബോക്സർ കനേലോ അൽവാരസിനെ ഓർമയില്ലേ? മെക്സിക്കോക്കെതിരായ വിജയത്തെ തുടർന്ന് ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ മെസ്സി മെക്സിക്കൊ പതാകയും ജഴ്സിയും നിലത്തിട്ട് ചവിട്ടിയെന്ന ആരോപണവുമായി രംഗത്തുവരികയും ഞാന്‍ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കട്ടെ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അതേ ബോക്സർ ഇപ്പോൾ അർജന്റീന സൂപ്പർ താരത്തിന്റെ ആരാധകനാണ്.
ക്രൊയേഷ്യക്കെതിരെ ലോക ഫുട്ബാളിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളായ ജോസ്കൊ ഗ്വാർഡിയോളിനെ വട്ടം കറക്കി മെസ്സി നൽകിയ അസിസ്റ്റാണ് ബോക്സറുടെ പ്രശംസ നേടിയത്. ഉയരത്തിൽനിന്ന് ചിത്രീകരിച്ച ഇതിന്റെ വിഡിയോ ഒരു അർജന്റീനിയൻ മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും കനേലോ അൽവാരസിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. മൂന്ന് തീയുണ്ടയുടെ ഇമോജിയടക്കം നൽകിയാണ് അൽവാരസ് ഇതിനോട് പ്രതികരിച്ചത്.
മെക്സിക്കോക്കെതിരായ വിജയത്തിന് ശേഷം അര്‍ജന്‍റീന ഡ്രസ്സിങ് റൂമിലെ ആഘോഷമാണ് ബോക്സറുടെ രോഷത്തിനിടയാക്കിയിരുന്നത്. അര്‍ജന്‍റീന താരം നിക്കോളാസ് ഒട്ടമെൻഡി പങ്കുവെച്ച വിഡിയോയില്‍ നിലത്തിട്ട ഒരു തുണിയില്‍ മെസ്സി തട്ടുന്നത് പോലെ തോന്നിച്ചിരുന്നു. ഇത് മെക്സിക്കന്‍ ജഴ്സിയായിരുന്നു. ഇതോടെ അൽവാരസ് പൊട്ടിത്തെറിച്ചു, 'ഞങ്ങളുടെ കൊടിയും ജഴ്സിയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ, ഞാന്‍ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസ്സി ദൈവത്തോട് പ്രാര്‍ഥിക്കട്ടെ' എന്ന കുറിപ്പോടെ താരം ട്വിറ്ററിൽ പോസ്റ്റിട്ടു. സംഭവം സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചക്ക് വഴിവെച്ചു.
എന്നാൽ, മെസ്സി അത് മനഃപൂർവം ചെയ്തതല്ലെന്നും അദ്ദേഹം അങ്ങനെ ചെയ്യുന്ന ആളല്ലെന്നും ഫുട്ബാൾ താരങ്ങളും ബോക്സർമാരും മാധ്യമപ്രവർത്തകരുമെല്ലാം പറഞ്ഞതോടെ അൽവാരസിനെ രോഷം തണുത്തു. എന്നാൽ, മാപ്പു പറയാൻ ആദ്യം തയാറായിരുന്നില്ല. അന്ന് രോഷപ്രകടനം നടത്തിയത് തന്റെ രാജ്യമായ മെക്സിക്കോയോടുള്ള വികാരത്തിൽനിന്നും സ്നേഹത്തിൽനിന്നുമാണെന്നും പിന്നീട് വെളിപ്പെടുത്തിയ താരം മാപ്പ് പറയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.