സൗദി ടീം ഖത്തറിലെത്തിയത് ഉല്ലാസ യാത്രക്കല്ല; അഭിമാന ബോധത്തോടെ കളിക്കാനെന്ന് പരിശീലകൻ
text_fieldsറിയാദ്:സൗദി ടീം ഖത്തറിലെത്തിയത് ഉല്ലാസ യാത്രയ്ക്കല്ല; ഓരോ സൗദി പൗരനും ടീമിനെ കുറിച്ച് അഭിമാനിക്കാനും ഉയർന്ന അഭിമാന ബോധത്തോടെ കളിക്കാനുമാണെന്ന് പ്രധാന പരിശീലകൻ ഹെർവ റെനാർഡ്. ലോകകപ്പിൽ കളിക്കുന്ന സൗദി 'ഗ്രീൻ ഫാൽക്കൺസി'ന്റെ ഈ ലോകകപ്പിലെ ആദ്യമത്സരത്തിന് മുന്നോടിയായാണ് ടീമിന് പോരാട്ടവീര്യം പകർന്ന് കോച്ചിന്റെ വാർത്താസമ്മേളനം.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ പ്രചോദനപരവും പ്രോത്സാഹജനകവുമായ വാക്കുകളെയും പിന്തുണയേയും റനാർഡ് അഭിനന്ദിച്ചു. ആദ്യ മത്സരത്തിനുള്ള തയാറെടുപ്പുകളുടെ അവസാന മണിക്കൂറുകളിൽ ഹെഡ് കൊച്ചിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന ഗ്രീൻ ഫാൽക്കൺസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് സൗദി മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം ഒരു മണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ആദ്യറൗണ്ടിൽ സൗദി അറേബ്യ അർജന്റീനയെ നേരിടുക.
മത്സരത്തിന്റെ കാഠിന്യത്തെ പരാമർശിച്ചുകൊണ്ട് റെനാർഡ് പറഞ്ഞത് "ലോകകപ്പ് എത്ര പ്രയാസകരമാണെന്ന് ഞങ്ങൾക്കറിയാം. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആവേശവും പ്രചോദനവും ഞങ്ങൾക്കുണ്ട്. ലോകകപ്പിൽ പങ്കെടുക്കാൻ വർഷങ്ങളോളം ഞങ്ങൾ കഠിനാധ്വാനം ചെയ്തു" എന്നാണ്. അർജന്റീനയെയും അതിന്റെ സൂപ്പർ താരം ലയണൽ മെസ്സിയെയും നേരിടുക എന്നത് വെല്ലുവിളി തന്നയാണ് എന്ന് ഞങ്ങൾക്കറിയാം. ഇതിനായി ഞങ്ങൾ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, ഞങ്ങൾക്ക് ഉയർന്ന പോരാട്ട വീര്യവുമുണ്ട്, അത് കളത്തിൽ പ്രതിഫലിക്കുമെന്ന് മൂന്ന് വർഷമായി പ്രധാന പരിശീലകനായി സേവനമനുഷ്ഠിക്കുന്ന ഫ്രഞ്ചുകാരനായ കോച്ച് പ്രത്യാശിച്ചു.
അർജന്റീന 18 ആമത്തെ പ്രവശ്യമാണ് ലോകകപ്പിൽ കളിക്കുന്നത്. 1978 ലും 86 ലും അവർ ലോകകപ്പ് നേടി. 1990 ൽ ഇറ്റലിയിലും 2014 ൽ ബ്രസീലിലും റണ്ണറപ്പായി. അഞ്ച് ലോകകപ്പിൽ കളിച്ച സൗദിക്കും നാലിലും തോൽവി രുചിക്കേണ്ടിവന്നു. 2018 ൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ റഷ്യയോടും ഉറുഗ്വേയോടും പരാജയപ്പെട്ട സൗദി ഈജിപ്തിനെതിരെ വിജയക്കൊടി പാറിക്കുകയും മികച്ച പ്രകടനം കാഴ്‌ച വെക്കുകയും ചെയ്തു.
ഇത്തവണ ഗ്രൂപ്പ് സിയിലെ സൗദി ടീമിന്റെ മറ്റ് മത്സരങ്ങൾ പോളണ്ടിനോടും മെക്സിക്കോയോടുമാണ്. മത്സരങ്ങളിൽ സമ്മർദ്ദം കൂടാതെ കളിക്കാനും ലോക കപ്പ് ആസ്വദിക്കാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ ടീം അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ഉപദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.